Saturday, September 2, 2023

കൺഫെഷണൽ – 27

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഡെവ്‌ലിൻ ഒന്നും വിട്ടുകളഞ്ഞില്ല. വിക്ടർ ലെവിന്റെയും ടോണി വില്ലേഴ്സിന്റെയും യെമൻ മുതലുള്ള ചരിത്രം പറഞ്ഞു തുടങ്ങിയ അദ്ദേഹം ബില്ലി വൈറ്റിന്റെയും കിൽറിയയുടെ പ്രാന്തപ്രദേശത്ത് വച്ച് നടന്ന വിക്ടർ ലെവിന്റെയും കൊലപാതകങ്ങൾ വരെ വിവരിച്ച് അവസാനിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞ് ഒരു നീണ്ട മാത്ര ഒന്നും ഉരിയാടാതെ അവൾ ഇരുന്നു.

 

“ഡ്രമോർ പട്ടണവും നിന്റെ പിതാവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങളും നിനക്ക് നല്ല ഓർമ്മയുണ്ടെന്ന് ലെവിൻ പറഞ്ഞിരുന്നു” സൗമ്യഭാവത്തിൽ ഡെവ്‌ലിൻ പറഞ്ഞു.

 

“അതെ എന്റെ ബോധമണ്ഡലത്തിന്റെ മുകൾപ്പരപ്പിലേക്ക് ഒരു ഭീകരസ്വപ്നം പോലെ അത് ഇടയ്ക്കിടെ പൊന്തി വരും പക്ഷേ, വിചിത്രമെന്ന് പറയട്ടെ, മറ്റാർക്കോ ആണ് അത് സംഭവിച്ചതെന്ന മട്ടിലാണ് എനിക്ക് തോന്നാറുള്ളത് കോരിച്ചൊരിയുന്ന മഴയിൽ തന്റെ പിതാവിന്റെ ചേതനയറ്റ ശരീരത്തിനരികിൽ മുട്ടുകുത്തി വിതുമ്പുന്ന ആ കൊച്ചു പെൺകുട്ടിയെ മുകളിൽ നിന്ന് ഞാൻ നോക്കിക്കാണും

 

“മിഖായേൽ കെല്ലി അല്ലെങ്കിൽ കുഖോളിൻ എന്ന് അറിയപ്പെടുന്ന അയാളുടെ മുഖം നിനക്ക് ഓർമ്മയുണ്ടോ?”

 

“എന്റെ അവസാന നിമിഷം വരെയും” അവൾ പറഞ്ഞു. “അത്രയ്ക്കും വിചിത്രമായ ഒരു മുഖമായിരുന്നുവത് നാശം വിതയ്ക്കുന്ന ഒരു വിശുദ്ധന്റെ മുഖം എങ്കിലും എന്നോട് അങ്ങേയറ്റം കരുണാമയനായിരുന്നു അയാൾ അതാണ് ഇന്നും എനിക്ക് മനസ്സിലാവാത്തത്

 

ഡെവ്‌ലിൻ അവളുടെ കരം കൈയിലെടുത്തു. “നമുക്ക് അല്പം നടക്കാം” നടപ്പാതയിലൂടെ മുന്നോട്ട് നീങ്ങവെ അദ്ദേഹം ചോദിച്ചു. “അന്നത്തെ ആ സംഭവത്തെക്കുറിച്ച് എപ്പോഴെങ്കിലും കേണൽ മസ്‌ലോവ്സ്കി നിന്നോട് സംസാരിച്ചിട്ടുണ്ടോ?”

 

“ഇല്ല

 

തന്റെ കൈയിൽ കോർത്തിരിക്കുന്ന അവളുടെ കരം വലിഞ്ഞു മുറുകുന്നത് അദ്ദേഹം അറിഞ്ഞു. “ടേക്ക് ഇറ്റ് ഈസി, ഡിയർ ഗേൾ” പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം ഈ വിഷയത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ എന്നെങ്കിലും നീ ശ്രമിച്ചിട്ടുണ്ടോ?”

 

“നോ, ഡാംൻ യൂ!” അദ്ദേഹത്തിന്റെ കൈപ്പടത്തിനുള്ളിൽ നിന്നും തന്റെ കൈ വലിച്ചെടുത്തിട്ട് അവൾ തിരിഞ്ഞു. രോഷം കൊണ്ട് ചുവന്നിരുന്നു ആ മുഖം.

 

“ഇല്ല അദ്ദേഹത്തോട് നീ അത് ചോദിക്കില്ല കാരണം, പകയുടെ വലിയൊരു കുടമായിരിക്കും നീ തുറന്നു വിടുന്നത്

 

സ്വയം നിയന്ത്രിച്ച് അവൾ അദ്ദേഹത്തെ നോക്കി നിന്നു. “നിങ്ങൾക്കെന്താണ് എന്നിൽ നിന്നും വേണ്ടത്, പ്രൊഫസർ ഡെവ്‌ലിൻ? വിക്ടറിനെപ്പോലെ ഞാനും കൂറുമാറണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അവർ കാണിക്കാൻ പോകുന്ന ആയിരക്കണക്കിന് ഫോട്ടോകൾക്കിടയിൽ നിന്നും എനിക്കയാളെ തിരിച്ചറിയാൻ കഴിയുമെന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്?”

 

“കുറച്ച് ഭ്രാന്തമായ ആശയമാണെങ്കിലും അതു തന്നെയാണ് അവർ ഉദ്ദേശിക്കുന്നത് തങ്ങളുടെ കൈവശമുള്ള രേഖകൾ അയർലണ്ടിന് പുറത്തേക്കയക്കുവാൻ താല്പര്യമില്ല അവർക്ക്

 

“പക്ഷേ, ഞാനെന്തിന് കൂറുമാറണം?” അടുത്തു കണ്ട ഒരു ബെഞ്ചിൽ ഇരുന്നിട്ട് അവൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് വലിച്ച് തനിക്കരികിൽ ഇരുത്തി. “ലെറ്റ് മീ റ്റെൽ യൂ സംതിങ്ങ് നിങ്ങൾ പാശ്ചാത്യർക്ക് വലിയൊരു തെറ്റിദ്ധാരണയുണ്ട് എല്ലാ റഷ്യക്കാരും പാരതന്ത്ര്യത്തിന്റെ ചങ്ങലകളാൽ ബന്ധിതരാണെന്നും പുറത്ത് കടക്കാൻ ഒരവസരം കാത്തിരിക്കുകയാണെന്നും പക്ഷേ, അങ്ങനെയല്ല ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു അവിടെ താമസിക്കുവാൻ ഇഷ്ടപ്പെടുന്നു എനിക്കവിടെ ഒരു ബുദ്ധിമുട്ടുമില്ല ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരിയാണ് ഞാൻ എവിടെ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെനിക്ക് ഇവിടെ പാരീസിൽ പോലും KGB ഇല്ല എന്റെ ഓരോ നീക്കവും നിരീക്ഷിക്കുവാൻ കറുത്ത ഓവർകോട്ട് ധരിച്ച ചാരന്മാരില്ല ഐ ഗോ വേർ എവർ ഐ പ്ലീസ്

 

“KGB യിലെ ഡിപ്പാർട്ട്മെന്റ് V ന്റെ കമാൻഡർ ആയ ലെഫ്റ്റനന്റ് കേണലിന്റെ വളർത്തു മകൾക്ക് ആ സ്വാതന്ത്ര്യമില്ലെങ്കിലേ അത്ഭുതമുള്ളൂ ഡിപ്പാർട്ട്മെന്റ് 13 എന്നായിരുന്നല്ലോ അത് അറിയപ്പെട്ടിരുന്നത് അതൊരു ദുഃശകുനമായി ചിലർക്കൊക്കെ തോന്നിയതിനെ തുടർന്ന് തൊള്ളായിരത്തി അറുപത്തിയെട്ടിലാണല്ലോ മസ്‌ലോവ്സ്കി അത് പുനഃസംഘടിപ്പിച്ചത് ഒരു അസാസിനേഷൻ ബ്യൂറോ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ശരി സൂക്ഷ്മമായി നിരീക്ഷിച്ചാൽ, നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും ഇതുപോലൊരു ഡിപ്പാർട്ട്മെന്റ് ഇല്ലാതെ നിലനിൽപ്പില്ല എന്നതാണ് വാസ്തവവും

 

“നിങ്ങളുടെ IRA പോലെ?” അവൾ അല്പം മുന്നോട്ട് ചാഞ്ഞ് ഇരുന്നു. “വിശ്വസിക്കുന്ന ആശയങ്ങൾക്ക് വേണ്ടി എത്ര പേരെ നിങ്ങൾ കൊന്നിട്ടുണ്ട് പ്രൊഫസർ?”

 

സൗമ്യമായി ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം അവളുടെ കവിളിൽ മൃദുവായി ഒന്ന് തൊട്ടു. “എനിക്കറിയാം ഞാൻ നിന്റെ സമയം പാഴാക്കുകയാണെന്ന് ഇതാ, ഇതൊന്നു തുറന്നു നോക്കൂ

 

അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു വലിയ എൻവലപ്പ് എടുത്ത് അവളുടെ മടിയിൽ വച്ചു. അന്ന് രാവിലെ ഫെർഗൂസന്റെ ആൾ എത്തിച്ചതായിരുന്നു അത്.

 

“എന്താണിത്?” അവൾ ആരാഞ്ഞു.

 

“വളരെ പ്രതീക്ഷയോടെയാണ് ലണ്ടനിലെ ഇന്റലിജൻസ് അധികാരികൾ ഇരിക്കുന്നത് അവർ നിനക്കൊരു പുതിയ ബ്രിട്ടീഷ് പാസ്പോർട്ടും ഐഡന്റിറ്റിയും തയ്യാറാക്കിയിട്ടുണ്ട് അത്യന്തം ആകർഷകമായിട്ടുണ്ട് ഇതിലുള്ള നിന്റെ ഫോട്ടോ പിന്നെ കുറച്ച് പണവുമുണ്ട് ഫ്രഞ്ച് ഫ്രാങ്ക് കൂടാതെ, എങ്ങനെ ലണ്ടനിൽ എത്താം എന്നതിന്റെ വിശദവിവരങ്ങളും

 

“എനിക്കിതിന്റെയൊന്നും ആവശ്യമില്ല

 

“വെൽ, എന്തായാലും ഇത് നിന്റെ കൈവശമിരിക്കട്ടെ പിന്നെ ഇതുംകൂടി” വാലറ്റ് തുറന്ന് തന്റെ കാർഡ് എടുത്ത് അദ്ദേഹം അവൾക്ക് നൽകി. “ഇന്ന് ഉച്ച കഴിഞ്ഞ് ഞാൻ ഡബ്ലിനിലേക്ക് തിരിച്ചു പോകും ഇനി ഇവിടെ ചുറ്റിത്തിരിയുന്നതിൽ അർത്ഥമില്ല

 

വാസ്തവത്തിൽ ആ പറഞ്ഞതിൽ എല്ലാം സത്യമായിരുന്നില്ല. ലണ്ടനിൽ നിന്നും അന്ന് രാവിലെ എത്തിയ ആൾ കൊണ്ടുവന്ന പാക്കറ്റിൽ അവളുടെ പാസ്പോർട്ട് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഡെവ്‌ലിനുള്ള ഒരു പേഴ്സണൽ മെസേജ് കൂടി ഫെർഗൂസൺ കൊടുത്തയച്ചിരുന്നു. മക്ഗിനസും ചീഫ് ഓഫ് സ്റ്റാഫും വളരെ അസ്വസ്ഥരാണ്. തങ്ങളുടെ ഭാഗത്ത് നിന്നല്ല വിവരച്ചോർച്ച ഉണ്ടായതെന്ന് അവർക്കുറപ്പുണ്ടത്രെ. വിവരച്ചോർച്ച തടയുവാൻ ഡെവ്‌ലിനാണ് ശ്രമിക്കേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

 

ഡെവ്‌ലിൻ നൽകിയ പാക്കറ്റും കാർഡും മനസ്സില്ലാ മനസോടെ അവൾ തന്റെ ഹാൻഡ് ബാഗിനുള്ളിൽ നിക്ഷേപിച്ചു. “അയാം സോറി നിങ്ങൾ ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ വരെ വന്നിട്ട് പ്രയോജനമില്ലാതെ പോയി

 

“എന്റെ നമ്പർ നിന്റെ കൈയിലുണ്ടല്ലോ” ഡെവ്‌ലിൻ പറഞ്ഞു. “എപ്പോൾ വേണമെങ്കിലും വിളിക്കാം” അദ്ദേഹം എഴുന്നേറ്റു. “ആർക്കറിയാം, നിനക്ക് എപ്പോഴാണ് മനം‌മാറ്റം ഉണ്ടാകുക എന്ന്

 

“എന്ന് എനിക്ക് തോന്നുന്നില്ല പ്രൊഫസർ ഡെവ്‌ലിൻ” ഹസ്തദാനത്തിനായി അവൾ കൈ നീട്ടി. “ഗുഡ്ബൈ

 

ഒരു നീണ്ട മാത്ര മുറുകെപ്പിടിച്ച അവളുടെ കൈ സ്വതന്ത്രമാക്കിയിട്ട് അദ്ദേഹം തിരിഞ്ഞ് ഹണ്ടർ ഇരിക്കുന്നയിടത്തേക്ക് നടന്നു. “കമോൺ!” അദ്ദേഹം പറഞ്ഞു. “നമുക്ക് പോകാം!”

 

ഹണ്ടർ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു. “എന്താണുണ്ടായത്?”

 

“ഒന്നും സംഭവിച്ചില്ല” കാറിനരികിലേക്ക് നടക്കവെ ഡെവ്‌ലിൻ പറഞ്ഞു. “ഒരു ചുക്കും സംഭവിച്ചില്ല അവൾക്ക് ഒന്നും അറിയണ്ടത്രെ നിങ്ങളുടെ ഫ്ലാറ്റിൽ ചെന്ന് എന്റെ ബാഗ് എടുത്തതിന് ശേഷം എന്നെ ചാൾസ് ഡിഗോൾ എയർപോർട്ടിൽ കൊണ്ടുവിടണം ഭാഗ്യമുണ്ടെങ്കിൽ ഉച്ചകഴിഞ്ഞുള്ള ഡബ്ലിൻ ഫ്ലൈറ്റ് പിടിക്കാമെന്ന് കരുതുന്നു

 

“താങ്കൾ തിരിച്ചു പോകുകയാണോ?”

 

“അതെ ഞാൻ തിരിച്ചു പോകുന്നു” പാസഞ്ചർ സീറ്റിൽ പിന്നോട്ട് ചാരിക്കിടന്ന് തന്റെ കമ്പിളിത്തൊപ്പി കണ്ണുകൾക്ക് മുകളിലേക്ക് വലിച്ചു വച്ചിട്ട് ഡെവ്‌ലിൻ പറഞ്ഞു.  

 

അവരുടെ കാർ കൺവെട്ടത്ത് നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് താന്യാ വൊറോണിനോവ തിരിഞ്ഞ് റിയു ഡു റിവോലിയിലെ വാഹനത്തിരക്കിലേക്ക് നോക്കി. തൊട്ടു മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ട് ഒരു നിമിഷം അവിടെ നിന്ന അവൾ നടപ്പാതയിലൂടെ മുന്നോട്ട് നീങ്ങി. ആ അസാധാരണ കൂടിക്കാഴ്ച്ചയായിരുന്നു അപ്പോഴും അവളുടെ മനസ്സിൽ. ലിയാം ഡെവ്‌ലിൻ എന്ന വ്യക്തിയുടെ ആകർഷകത്വം ഒന്ന് വേറേ തന്നെ അതിൽ ഒരു സംശയവുമില്ല എങ്കിലും അതിനെക്കാൾ ഉപരി, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വല്ലാതെ അലോസരപ്പെടുത്തുന്നു താൻ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ ഭൂതകാലം പിന്നെയും പിന്നെയും ദൂരെ നിന്ന് മാടി വിളിക്കുന്നത് പോലെ

 

തന്നെ കടന്നു പോയ ഒരു കറുത്ത മെഴ്സെഡിസ് സലൂൺ കാർ നടപ്പാതയിലേക്ക് കയറി ബ്രേക്ക് ചെയ്തത് അവൾ കാണുന്നുണ്ടായിരുന്നു. അതിനരികിൽ എത്തിയതും പിന്നിലെ ഡോർ തുറന്ന് നടാഷാ റുബനോവ പുറത്തേക്ക് നോക്കി. അവളുടെ മുഖത്ത് പരിഭ്രമം കാണാമായിരുന്നു. അതിനേക്കാളേറെ ഭയവും.

 

“താന്യാ!”

 

താന്യ അവൾക്കരികിലേക്ക് ചെന്നു. “നടാഷാ, നീയെന്താണിവിടെ എന്തു പറ്റി?”

 

“പ്ലീസ്, താന്യാ കാറിനുള്ളിൽ കയറൂ

 

അവൾക്കരികിൽ ഒരു അപരിചിതൻ ഇരിക്കുന്നുണ്ടായിരുന്നു. ഒട്ടും സൗമ്യനല്ലാത്ത, പരുക്കനായ ഒരു ചെറുപ്പക്കാരൻ. നീല സ്യൂട്ടും വെളുത്ത ഷർട്ടും കടും നീല ടൈയുമാണ് വേഷം. കറുത്ത ലെതർ ഗ്ലൗസും ധരിച്ചിട്ടുണ്ട്. ഡ്രൈവറുടെ സമീപത്തെ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന മറ്റൊരാളെ കണ്ടാൽ ഇയാളുടെ ഇരട്ട സഹോദരനാണെന്ന് തോന്നും. എല്ലാം കൂടി താന്യയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു.

 

“എന്താണിവിടെ സംഭവിക്കുന്നത്?” അവൾ ആരാഞ്ഞു.

 

അടുത്ത നിമിഷം നടാഷയുടെ അരികിൽ ഇരുന്നിരുന്ന ആ മനുഷ്യൻ പുറത്തിറങ്ങി താന്യയുടെ കൈമുട്ടിന് മുകളിൽ പിടി മുറുക്കി. “കോമ്രേഡ്, എന്റെ പേര് ടർക്കിൻ പീറ്റർ ടർക്കിൻ ഒപ്പമുള്ളത് എന്റെ സഹപ്രവർത്തകൻ ലെഫ്റ്റനന്റ് ഇവാൻ ഷെപ്പിലോവ് GRU വിലെ ഓഫീസർമാരാണ് ഞങ്ങൾ നിങ്ങളിപ്പോൾ ഞങ്ങളുടെയൊപ്പം വന്നേ തീരൂ

 

GRU സോവിയറ്റ് മിലിട്ടറി ഇന്റലിജൻസ്…! അവൾ ഒന്നു കൂടി അസ്വസ്ഥയായി. ശരിയ്ക്കും ഭയന്നു പോയ അവൾ അയാളുടെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.

 

“കോമ്രേഡ്, ദയവ് ചെയ്ത് കാറിൽ കയറൂ” അയാളുടെ പിടി ഒന്നു കൂടി മുറുകി. “ബലപ്രയോഗത്തിന് മുതിർന്നാൽ നിങ്ങൾക്ക് തന്നെയാണ് ദോഷം ഇന്ന് രാത്രി കൺസെർട്ട് ഉള്ളതല്ലേ നിങ്ങളുടെ ആരാധകരെ നിരാശപ്പെടുത്താൻ ഞങ്ങളാഗ്രഹിക്കുന്നില്ല

 

അയാളുടെ കണ്ണുകളിലെ ക്രൗര്യവും ദുഷ്ടതയും അവളിൽ ഭീതി നിറച്ചു. “എന്നെ വിടൂ!” അടിക്കുവാനായി അവൾ കൈ ഉയർത്തിയെങ്കിലും നിഷ്‌പ്രയാസം അയാളത് തടഞ്ഞു. “നിങ്ങൾ ഇതിന് ഉത്തരം പറയേണ്ടി വരും എന്റെ പിതാവ് ആരാണെന്ന് നിങ്ങൾക്കറിയുമോ?”

 

“അറിയാം... KGB യിലെ ലെഫ്റ്റ്നന്റ് ജനറൽ ഇവാൻ മസ്‌ലോവ്സ്കി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞങ്ങളിപ്പോൾ വന്നിരിക്കുന്നത് അതുകൊണ്ട് നല്ലകുട്ടിയായി ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്

 

അതൊരു ഷോക്കായിരുന്നു അവൾക്ക്. പിന്നെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. നിറയാൻ തുടങ്ങുന്ന കണ്ണുകളോടെ കാറിനുള്ളിലിരിക്കുന്ന നടാഷയുടെ അരികിലേക്ക് അവൾ കയറിയിരുന്നു. മറുവശത്ത് ടർക്കിനും.

 

“തിരികെ എംബസിയിലേക്ക്…!” അയാൾ ഡ്രൈവറോട് ആജ്ഞാപിച്ചു.

 

കാർ മുന്നോട്ട് നീങ്ങവെ അവൾ നടാഷയുടെ കൈകളിൽ മുറുകെ പിടിച്ചു. തന്റെ പിതാവിന്റെ കൊലപാതകം കണ്ട് ഭയന്ന് വിറച്ച് നിന്നിരുന്ന അന്നത്തെ ആ കൊച്ചു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി അതേ അവസ്ഥയിലൂടെ വീണ്ടും കടന്നു പോകുന്നത് അവൾ അറിഞ്ഞു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

9 comments:

  1. "നാശം വിതയ്ക്കുന്ന ഒരു വിശുദ്ധന്റെ മുഖം…"

    ഇതിലും മികച്ച വിശേഷണം കുഖോളിന് നൽകാനില്ല!!

    തന്റെ കയ്യിലിരിക്കുന്ന പാക്കറ്റും കാർഡുമൊക്കെ താന്യയ്ക്ക് പാരയാവുമോ?

    ReplyDelete
    Replies
    1. അതിന് സാധ്യതയുണ്ട്

      Delete
    2. ഒന്നും പറയാറായിട്ടില്ല കേട്ടോ...

      Delete
  2. എങ്ങനെയാകും താന്യ യ്ക്ക് ഒരു മാറ്റം സംഭവിയ്ക്കുന്നത് ന്ന് നോക്കാം

    ReplyDelete
    Replies
    1. അതെ... ഞാനും പോയി വായിച്ചു നോക്കട്ടെ... പണ്ട് വായിച്ചതൊക്കെ മറന്നു പോയി...

      Delete
  3. താന്യയുടെ ഒരു മാനസികാവസ്ഥ..

    ReplyDelete
    Replies
    1. അതെ... ഒരിക്കലും പ്രതീക്ഷിച്ചില്ല അവൾ...

      Delete
  4. എങ്കിലും എന്നോട് അങ്ങേയറ്റം കരുണാമയനായിരുന്നു അയാൾ..
    അതെ.. ആദ്യം മുതലേ അത് ശ്രദ്ധിച്ചിരുന്നു ..
    എന്താണോ എന്തോ

    ReplyDelete
    Replies
    1. ഹൃദയത്തിലെവിടെയോ അവശേഷിച്ചിരിക്കുന്ന ഒരു തരി മനുഷ്യത്വം...

      Delete