ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം – 7
വയസ്സ് അമ്പത് കടന്ന വ്യക്തിയായിരുന്നു നിക്കോളായ് ബെലോവ്. തെല്ല് മാംസളമായ മുഖം. ജീവിതത്തിലെ സുഖസൗകര്യങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ സന്തുഷ്ടി ആ മുഖത്ത് പ്രകടമാണ്. ലണ്ടനിലെ സാവൈൽ റോയിൽ തയ്പ്പിച്ച കടുംനിറത്തിലുള്ള സ്യൂട്ടും ഓവർകോട്ടും. വെള്ളി നിറമുള്ള തലമുടി, യഥാർത്ഥത്തിലുള്ളതിലും പ്രായം തോന്നിക്കുമെങ്കിലും ഒരു KGB കേണൽ എന്നതിന് പകരം സമുന്നതനായ ഒരു ചലചിത്ര നടന്റെ രൂപഭാവങ്ങളായിരുന്നു അയാൾക്ക്.
ഒഴിച്ചുകൂടാനാവാത്ത ഒരു ബിസിനസ് ട്രിപ്പ് ആയിരുന്നില്ലെങ്കിലും തന്റെ സെക്രട്ടറിയായ ഇറാനാ വ്രോൺസ്കിയെ ഒപ്പം കൂട്ടുവാൻ അയാൾ പ്രത്യേക താല്പര്യമെടുത്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ അർത്ഥത്തിലും വളരെ അടുത്തിടപഴകിക്കൊണ്ടിരിക്കുന്ന ഇരുവരും അതുകൊണ്ടു തന്നെ ആ യാത്ര അങ്ങേയറ്റം ആസ്വദിച്ചുവെന്ന് വേണം പറയാൻ. എന്നാൽ ആ നല്ല ഓർമ്മകൾക്ക് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സോവിയറ്റ് എംബസിയിൽ തിരിച്ചെത്തിയ അയാളെയും കാത്ത് കിടന്നിരുന്നത് അത്തരമൊരു സന്ദേശമായിരുന്നു.
ഓഫീസിലെത്തി ഇരിപ്പുറപ്പിച്ചതേയുള്ളൂ. ഇറാന കടന്നു വന്നു. “മോസ്കോയിലെ KGB ആസ്ഥാനത്തു നിന്നും ഒരു അടിയന്തര സന്ദേശമുണ്ട്… താങ്കൾക്ക് മാത്രം വായിക്കാനാവുന്നത്…”
“ആരുടെ സന്ദേശമാണ്…?”
“ജനറൽ മസ്‌ലോവ്സ്കിയുടെ…”
ആ പേര് മാത്രം മതിയായിരുന്നു ബെലോവിനെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേല്പിക്കാൻ. പുറത്ത് കടന്ന് കോഡിങ്ങ് ഓഫീസിലേക്ക് തിടുക്കത്തിൽ നടന്ന അയാളെ ഇറാന അനുഗമിച്ചു. അപ്പോഴേക്കും ഓപ്പറേറ്റർ ആ സന്ദേശത്തിന്റെ ടേപ്പ് കൊണ്ടുവന്നു കഴിഞ്ഞിരുന്നു. ബെലോവ് തന്റെ പേഴ്സണൽ കോഡ് ടൈപ്പ് ചെയ്തതും മെഷീന്റെ പ്രിന്റർ പ്രവർത്തിച്ചു തുടങ്ങി. പുറത്തു വന്ന പ്രിന്റൗട്ട് ഷീറ്റ് ചീന്തിയെടുത്ത് ഓപ്പറേറ്റർ അയാൾക്ക് കൈമാറി. അതിലേക്ക് കണ്ണോടിച്ച ബെലോവിന്റെ വായിൽ നിന്നും പുറത്തു വന്നത് ശാപവാക്കുകളായിരുന്നു. ഇറാനയുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് അയാൾ പുറത്തേക്ക് കുതിച്ചു. “ലെഫ്റ്റനന്റ് ഷെപ്പിലോവിനോടും ക്യാപ്റ്റൻ ടർക്കിനോടും ഉടൻ ഇവിടെയെത്താൻ പറയൂ… ചെയ്തുകൊണ്ടിരിക്കുന്ന ജോലി എന്തു തന്നെയായാലും അത് നിർത്തിയിട്ട്…”
***
ബെലോവ് തന്റെ ഓഫീസിലിരുന്ന് ഫയലുകൾ നോക്കിക്കൊണ്ടിരിക്കവെയാണ് താന്യ, നടാഷാ റുബനോവ, ഷെപ്പിലോവ്, ടർക്കിൻ എന്നിവരുമായി ഇറാന പ്രവേശിച്ചത്. ബെലോവിന് താന്യയെ മുമ്പേ തന്നെ നല്ല പരിചയമുണ്ടായിരുന്നു. സീനിയർ കൾച്ചറൽ അറ്റാഷേ എന്ന സ്ഥാനമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി എംബസിയിൽ അയാൾ അലങ്കരിക്കുന്നത്. ആ സ്ഥാനം വഹിക്കുന്നതുകൊണ്ട് നിരവധി പരിപാടികളിൽ അവളെ അനുഗമിക്കേണ്ടി വന്നിട്ടുണ്ട് അയാൾക്ക്.
“വീണ്ടും കാണാനായതിൽ സന്തോഷം…” എഴുന്നേറ്റുകൊണ്ട് അയാൾ പറഞ്ഞു.
“എന്താണിവിടെ സംഭവിക്കുന്നതെന്ന് എനിക്കറിയണം…” രോഷത്തോടെ താന്യ പറഞ്ഞു. “ഈ മുട്ടാളന്മാർ എന്നെ ഫുട്പാത്തിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുവരികയായിരുന്നു…”
“ക്യാപ്റ്റൻ ടർക്കിൻ സന്ദർഭത്തിനനുസരിച്ച് അഭിനയിക്കുകയായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്…” ബെലോവ് ഇറാനയുടെ നേർക്ക് തലയുയർത്തി. “മോസ്കോയിലേക്കുള്ള കോൾ കണക്റ്റ് ചെയ്യൂ…” അയാൾ വീണ്ടും താന്യയുടെ നേർക്ക് തിരിഞ്ഞു. “ദ്വേഷ്യമൊക്കെ കളഞ്ഞ് ശാന്തമായി അവിടെ ഇരിക്കൂ…”
അനുസരിക്കാൻ കൂട്ടാക്കാതെ അവൾ അവിടെത്തന്നെ നിന്നു. എന്നിട്ട്, കൈകൾ കെട്ടി ചുമർ ചാരി നിൽക്കുന്ന ഷെപ്പിലോവിനെയും ടർക്കിനെയും രോഷത്തോടെ ഒന്ന് നോക്കി.
“പ്ലീസ്… ഇരിക്കൂ…” ബെലോവ് പറഞ്ഞു.
മനസ്സില്ലാമനസോടെ അവൾ കസേരയിൽ ഇരുന്നു. ഏറെ കലുഷിതമായിരുന്നു അവളുടെ മനസ്സ് എന്നതുകൊണ്ടു തന്നെ ബെലോവ് നീട്ടിയ സിഗരറ്റ് അവൾ സ്വീകരിച്ചു. സാവധാനം മുന്നോട്ട് വന്ന ടർക്കിൻ ആ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു. സ്വർണ്ണത്തിൽ നിർമ്മിതമായ കാർട്ടിയർ ലൈറ്റർ ആയിരുന്നുവത്. ഉള്ളിലേക്കെടുത്ത പുക തൊണ്ടയിൽ കുടുങ്ങി അവൾ ഒന്ന് ചുമച്ചു.
“ഇനി പറയൂ, ഇന്ന് രാവിലെ എവിടെയാണ് നിങ്ങൾ പോയത്…?” ബെലോവ് ചോദിച്ചു.
“നടക്കാനിറങ്ങിയതായിരുന്നു… ട്യുലറീസ് ഗാർഡൻസ് വരെ പോയി…” അവളുടെ രോഷം തണുപ്പിക്കാൻ ആ സിഗരറ്റിന് കുറച്ചെങ്കിലും സാധിച്ചു എന്ന് പറയാം. മനഃസാന്നിദ്ധ്യം വീണ്ടെടുത്തത് പോലെ അവൾക്ക് തോന്നി. ഇനി ധൈര്യമായി മല്ലിട്ട് നിൽക്കാം.
“എന്നിട്ട്…?”
“ലൂവായിൽ എത്തി…”
“എന്നിട്ട് ആരുമായിട്ടാണ് സംസാരിച്ചത്…?”
പൊടുന്നനെയായിരുന്നു ആ ചോദ്യം. സ്വാഭാവികമായുണ്ടാകുന്ന പ്രതികരണം വിലയിരുത്തി അവളെ വെട്ടിലാക്കാൻ ഉദ്ദേശിച്ചുതന്നെ ആയിരുന്നുവത്. എന്നാൽ തികച്ചും ശാന്തതയോടെയുള്ള തന്റെ മറുപടി കേട്ട് അവൾ തന്നെ അത്ഭുതപ്പെട്ടുപോയി. “ഞാൻ ഒറ്റയ്ക്കായിരുന്നു… ആരുടെയും കൂടെയല്ല ഞാൻ പോയത്… ഞാനത് പറഞ്ഞില്ല അല്ലേ…?”
“അതെനിക്കറിയാം…” ക്ഷമയോടെ അയാൾ പറഞ്ഞു. “പക്ഷേ, അവിടെയെത്തിയതിന് ശേഷം ആരുമായിട്ടാണ് നിങ്ങൾ സംസാരിച്ചത്…? ആരെങ്കിലും നിങ്ങളെ സമീപിച്ചിരുന്നുവോ…?”
അവൾ ഒന്ന് പുഞ്ചിരിച്ചു. “എന്നെ വളച്ച് കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും ശ്രമിച്ചുവോ എന്നാണോ…? അതിനുള്ള ഭാഗ്യമുണ്ടായില്ല… അക്കാര്യത്തിൽ പാരീസ് വളരെ പ്രസിദ്ധമാണെങ്കിലും എന്നെ ആരും ശ്രദ്ധിച്ചതേയില്ല എന്നതിൽ അല്പം ഖേദം തോന്നുന്നു…” സിഗരറ്റ് കുറ്റി ചവിട്ടിക്കെടുത്തിയിട്ട് അവൾ തുടർന്നു. “എന്താണിവിടെ സംഭവിക്കുന്നത്, നിക്കോളായ്…? നിങ്ങളെങ്കിലും പറയുമോ…?”
അവളെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ബെലോവിന് കാണാനായില്ല. രണ്ട് ദിവസം മുമ്പ് മുതൽക്കേ അവധിയിലായിരുന്നല്ലോ അയാൾ. അല്ലായിരുന്നുവെങ്കിൽ മസ്‌ലോവ്സ്കിയുടെ സന്ദേശം അന്ന് തന്നെ ലഭിച്ചേനെ അയാൾക്ക്. പിറ്റേന്ന് രാവിലെ റിറ്റ്സ് ഹോട്ടലിൽ നിന്ന് താന്യയ്ക്ക് പുറത്തിറങ്ങാൻ പോലും കഴിയില്ലായിരുന്നു. അഥവാ പുറത്ത് പോകുകയാണെങ്കിൽത്തന്നെ അകമ്പടിയോടു കൂടി മാത്രമേ ആകുമായിരുന്നുള്ളൂ താനും.
വാതിൽ തുറന്ന് ഇറാനാ പ്രവേശിച്ചു. “ജനറൽ മസ്‌ലോവ്സ്കി ലൈൻ വണ്ണിൽ ഉണ്ട്…”
ബെലോവ് റിസീവർ എടുത്തു. താന്യ അയാളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. “അതിങ്ങ് തരൂ, എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം...”
എന്നാൽ ബെലോവ് അവളിൽ നിന്നും ഒഴിഞ്ഞു മാറി. “ജനറൽ, ഇത് ബെലോവ് ആണ്…”
“നിക്കോളായ്, അവൾ നിങ്ങളുടെ അടുത്തുണ്ടോ…?”
“യെസ് ജനറൽ…” അവർ തമ്മിലുള്ള അടുപ്പം കൊണ്ട് കോമ്രേഡ് എന്ന് അഭിസംബോധന ചെയ്യാൻ മറന്നു പോയിരുന്നു അയാൾ.
“അവൾക്ക് എസ്കോർട്ട് നൽകിയിട്ടുണ്ടല്ലോ…?”
“യെസ് ജനറൽ…”
“ആരുമായും സംസാരിച്ചിട്ടുമില്ലല്ലോ…?”
“ഇല്ല ജനറൽ…”
“ഡെവ്‌ലിൻ എന്ന ആ മനുഷ്യൻ ഇതുവരെ അവളെ കാണാൻ ശ്രമിച്ചിട്ടില്ല എന്നാണോ…?”
“അങ്ങനെയാണ് തോന്നുന്നത്… കമ്പ്യൂട്ടറിലെ ഫയലിൽ നിന്നും അയാളുടെ ഫോട്ടോ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്… ബന്ധപ്പെടാൻ ശ്രമിക്കുകയാണെങ്കിൽ തീർച്ചയായും അറിയാൻ കഴിയും…”
“ഫൈൻ… ഇനി താന്യയ്ക്ക് കൊടുക്കൂ…”
ബെലോവ് ഫോൺ നീട്ടിയതും അവൾ തട്ടിപ്പറിച്ച് വാങ്ങി. “പാപ്പാ….?”
വർഷങ്ങളായി അങ്ങനെയാണ് അവൾ വിളിക്കുന്നത്. പതിവ് പോലെ, അപ്പുറത്ത് അദ്ദേഹത്തിന്റെ സ്വരം ഊഷ്മളവും വാത്സല്യം നിറഞ്ഞതുമായിരുന്നു. “നിനക്ക് സുഖമല്ലേ…?”
“ഞാനാകെപ്പാടെ ഞെട്ടലിലാണ്…” അവൾ പറഞ്ഞു. “എന്താണ് സംഭവമെന്ന് ആരും എന്നോട് പറയുന്നില്ല പാപ്പാ…”
“ചില പ്രത്യേക കാരണങ്ങളാൽ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുകയാണ് നീ… വളരെ ഗൗരവതരമാണ്… എത്രയും പെട്ടെന്ന് നീ മോസ്കോയിൽ തിരിച്ചെത്തണം…”
“അപ്പോൾ എന്റെ പ്രോഗ്രാമുകൾ…?”
അദ്ദേഹത്തിന്റെ സ്വരം ഒട്ടും മയമില്ലാത്തതായിരുന്നു. ഒരു അപരിചിതന്റേതു പോലെ അടുപ്പമില്ലാത്ത, പരുഷമായ സ്വരം. “എല്ലാം ക്യാൻസൽ ചെയ്യുന്നു… ഇന്ന് രാത്രിയിലെ കൺസെർട്ടിന് മാത്രം നീ പോകുന്നു… അത് ഒഴിവാക്കാൻ പറ്റാത്തതായതുകൊണ്ട് മാത്രം… മോസ്കോയിലേക്കുള്ള ആദ്യ ഡയറക്റ്റ് ഫ്ലൈറ്റ് നാളെ രാവിലെയേ ഉള്ളൂ താനും… പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്യുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇഷ്യൂ ചെയ്യുന്നതായിരിക്കും… നിന്റെ കൈയിലെ ആ പഴയ പരിക്ക് വീണ്ടും പ്രശ്നമുണ്ടാക്കുന്നു… വിദഗ്ദ്ധചികിത്സയ്ക്കായി മോസ്കോയിലേക്ക് മടങ്ങുന്നു… അത്രയും ധാരാളം…”
അവളുടെ ജീവിതത്തിൽ ഇന്നോളം അദ്ദേഹത്തിന്റെ തീരുമാനങ്ങളേ നടപ്പിലായിട്ടുള്ളൂ എന്ന് പറയാം. തന്റെ വളർത്തുമകളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾക്ക് അവൾ എതിരു നിന്നില്ല. തന്നോടുള്ള സ്നേഹവും വാത്സല്യവും തികച്ചും യഥാർത്ഥമായിട്ട് തന്നെയാണ് അവൾക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ മാറ്റം അവളെ അമ്പരപ്പിച്ചു കളഞ്ഞു.
“പക്ഷേ, പാപ്പാ….!” അവൾ ഒന്നുകൂടി കെഞ്ചി നോക്കി.
“തർക്കിക്കണ്ട… പറയുന്നത് കേട്ടാൽ മതി… കേണൽ ബെലോവ് പറയുന്നത് എന്താണോ അത് പോലെ ചെയ്യുക… അദ്ദേഹത്തിന് ഫോൺ കൊടുക്കൂ…”
ഒന്നും ഉരിയാടാനാവാതെ അയാൾക്ക് ഫോൺ കൈമാറുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഇത്രയും പരുഷമായി ഒരിക്കലും അദ്ദേഹം തന്നോട് സംസാരിച്ചിട്ടില്ല. താൻ അദ്ദേഹത്തിന്റെ മകൾ അല്ലാതായി മാറിയോ….? മറ്റേതൊരു സോവിയറ്റ് പൗരനെയും പോലെ അദ്ദേഹത്തിന്റെ ആജ്ഞകൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു വ്യക്തിയായി മാറിയോ താൻ…?
“ജനറൽ, ഇത് ഞാനാണ്…” ഒന്നോ രണ്ടോ മിനിറ്റ് നേരം മറുവശത്തെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടിട്ട് ബെലോവ് തലകുലുക്കി. “നോ പ്രോബ്ലം… താങ്കൾക്ക് എന്നെ വിശ്വസിക്കാം…”
ഫോൺ താഴെ വച്ചിട്ട് അയാൾ തന്റെ മുന്നിലെ ഫയൽ തുറന്നു. അതിൽ നിന്നും പുറത്തെടുത്ത് അവളുടെ നേർക്ക് ഉയർത്തിക്കാണിച്ച ഫോട്ടോ ലിയാം ഡെവ്‌ലിന്റേതായിരുന്നു. താൻ നേരിൽ കണ്ടതിലും പ്രായക്കുറവ് തോന്നിക്കുന്നുണ്ട്. ഒരുപക്ഷേ, എതാനും വർഷങ്ങൾക്ക് മുമ്പുള്ള ചിത്രമായിരിക്കാം. എന്തായാലും അത് ഡെവ്‌ലിൻ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല.
“ഐറിഷുകാരനാണ് ഇയാൾ… പേര് ലിയാം ഡെവ്‌ലിൻ… ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്… തന്റെ വ്യക്തിത്വവും ആകർഷകത്വവും കൊണ്ട് പേരെടുത്തവൻ… എന്നാൽ ആ ലാഘവത്തോടെ അയാളെ വിലയിരുത്തുന്നത് വലിയ മണ്ടത്തരമായിരിക്കും… പ്രായപൂർത്തിയായ കാലം മുതൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ അംഗമായിരുന്നു അയാൾ… ഒരു കാലത്ത് പ്രസ്ഥാനത്തിന്റെ സമുന്നതനായൊരു നേതാവ്… ലവലേശം അനുകമ്പയില്ലാതെ നിരവധി പേരെ കൊന്നൊടുക്കിയ ഷാർപ്പ് ഷൂട്ടർ… ചെറുപ്പകാലത്ത് IRA യുടെ ഔദ്യോഗിക കൊലയാളി…”
താന്യ ഒരു ദീർഘശ്വാസമെടുത്തു. “ഇതൊക്കെ എന്നോടെന്തിന് പറയുന്നു…?”
“അത് നിങ്ങൾ അറിയേണ്ട വിഷയമല്ല… അയാൾ നിങ്ങളെ സമീപിക്കാനും സംസാരിക്കാനും സാദ്ധ്യതയുണ്ടെന്നും അത് ഞങ്ങൾക്ക് അനുവദിക്കാനാവില്ലെന്നും മാത്രം തൽക്കാലം അറിഞ്ഞാൽ മതി… എന്താ, നമുക്ക് അനുവദിക്കാനാവുമോ ക്യാപ്റ്റൻ…?”
“ഇല്ല കേണൽ…” നിർവ്വികാരഭാവത്തിൽ ടർക്കിൻ പറഞ്ഞു.
“അതുകൊണ്ട്…” ബെലോവ് പറഞ്ഞു. “നിങ്ങളും കോമ്രേഡ് റൂബനോവയും ഇപ്പോൾത്തന്നെ റിറ്റ്സ് ഹോട്ടലിലേക്ക് മടങ്ങുന്നു… അകമ്പടിയായി ലെഫ്റ്റനന്റ് ഷെപ്പിലോവും ക്യാപ്റ്റൻ ടർക്കിനും ഉണ്ടാവും… ഇന്ന് രാത്രിയിലെ കൺസെർട്ടിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല… പ്രോഗ്രാമിന് പോകുമ്പോൾ ഇവർ നിങ്ങൾക്ക് എസ്കോർട്ടുണ്ടാവും… പ്രോഗ്രാമിന് ശേഷം റിസപ്ഷൻ ഉള്ളതുകൊണ്ട് ഞാനും അവിടെയുണ്ടാകും… നമ്മുടെ അംബാസഡറിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് മൊസ്യേ ഫ്രാൻസ്വാ മിത്തറാങ്ങും പ്രോഗ്രാം കാണുവാൻ ഉണ്ടാകും… പ്രസിഡന്റ് എത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഇന്ന് രാത്രിയിലെ കൺസെർട്ട് ക്യാൻസൽ ചെയ്യാത്തത്… ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും മനസ്സിലാകാത്തതുണ്ടോ…?”
“ഇല്ല…” തണുപ്പൻ മട്ടിൽ അവൾ പറഞ്ഞു. അവളുടെ മുഖം വിളറി വെളുത്ത് മുറുകിയിരുന്നു. “മറിച്ച്, കൂടുതൽ മനസ്സിലായെങ്കിലേ ഉള്ളൂ…”
“ഗുഡ്…” അയാൾ പറഞ്ഞു. “എങ്കിൽ ഹോട്ടലിൽ ചെന്ന് വിശ്രമിക്കൂ…”
അവൾ തിരിഞ്ഞു. വാതിൽ തുറന്നു കൊടുക്കുമ്പോൾ ടർക്കിന്റെ മുഖത്ത് തെല്ല് പുച്ഛം കലർന്ന പുഞ്ചിരിയുണ്ടായിരുന്നു. അത് കണ്ടില്ലെന്ന് നടിച്ച് അവൾ പുറത്തേക്കിറങ്ങി. തൊട്ടു പിറകിൽ ഭയന്നു വിറച്ച് നടാഷാ റൂബനോവയും. ഷെപ്പിലോവും ടർക്കിനും അവർക്ക് അകമ്പടി സേവിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ചുരുക്കിപ്പറഞ്ഞാൽ, ഡെവ്‌ലിൻ കൊടുത്ത പാക്കറ്റും കാർഡുമൊക്കെ താന്യയുടെ കയ്യിൽ ഇപ്പോളും ഭദ്രമാണ്!!
ReplyDeleteഎന്നാപ്പിന്നെ വേഗം ഹോട്ടലിൽ ചെന്ന് അതൊക്കെ നോക്കിയാട്ടെ..
അതെ... താന്യയുടെ മനംമാറ്റത്തിനുള്ള സാഹചര്യം ഒരുങ്ങുന്നു...
Deleteഇത്രേം കൊണ്ട് ഒതുങ്ങീല്ലോ
ReplyDeleteഇല്ല ഇല്ല... ഒതുങ്ങീട്ടില്ല... ഇനിയങ്ങോട്ട് ത്രില്ലിങ്ങ് ആയിരിക്കും...
Deleteഡെവ്ലിനേ ലാഘവത്തോടെ കാണരുത്
ReplyDeleteനമ്മളേപ്പോലെ ഡെവ്‌ലിനെ മറ്റാർക്കാണ് അറിയുക, അല്ലേ സുകന്യാജീ...?
Deleteപിന്നല്ല
ReplyDeleteകൊച്ചിന് ഫുൾ സപ്പോർട്ട്
നമ്മളൊക്കെയില്ലേ കൂടെ...? കട്ട സപ്പോർട്ട്...
Delete