ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഒരു കറുത്ത വെൽവെറ്റ് ഗൗൺ ആയിരുന്നു അവൾ കൺസെർട്ടിന് പോകാൻ വേണ്ടി ധരിച്ചിരുന്നത്. പാരീസിലെ പ്രസിദ്ധമായ ബാൽമൻ ഫാഷൻ ഹൗസിനാൽ നിർമ്മിതമായ ആ ഗൗണും അതിന് ചേരുന്ന ജാക്കറ്റും അത്യന്തം ആകർഷകമായിരുന്നു അവൾക്ക്. കഴുത്തിൽ അണിഞ്ഞിരിക്കുന്ന മുത്തുമാലയും കാതിലെ റിങ്ങ്സും അവൾ ഭാഗ്യചിഹ്നങ്ങളായി കരുതിപ്പോന്നു. മോസ്കോയിലെ ചെക്കോവ്സ്കി കോമ്പറ്റീഷന്റെ ഫൈനലിന് തൊട്ടു മുമ്പ് മസ്‌ലോവ്സ്കി സമ്മാനിച്ചതായിരുന്നുവത്.
അകത്തു വന്ന നടാഷ ഡ്രെസ്സിങ്ങ് ടേബിളിനരികിൽ അവൾക്ക് പിന്നിൽ വന്നു നിന്നു. “റെഡിയായില്ലേ…? സമയം വൈകുന്നു…” അവർ താന്യയുടെ ചുമലിൽ സ്പർശിച്ചു. “സുന്ദരിയായിട്ടുണ്ട് കേട്ടോ…”
“താങ്ക് യൂ… ഞാൻ എന്റെ ബാഗ് പായ്ക്ക് ചെയ്തിട്ടുണ്ട്…”
നടാഷ ആ ഷോൾഡർബാഗ് എടുത്തു. “ടവ്വൽ എടുത്തു വച്ചുവോ…? എപ്പോഴും നീ അത് മറക്കും…” താന്യയ്ക്ക് തടയാൻ കഴിയുന്നതിന് മുമ്പ് ബാഗ് തുറന്ന നടാഷ ഒരു നിമിഷം മരവിച്ചു നിന്നുപോയി. പിന്നെ തലയുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി.
“പ്ലീസ്…” താന്യ മന്ത്രിച്ചു. “ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം…”
അവർ ഒരു ദീർഘശ്വാസമെടുത്തു. പിന്നെ ബാത്ത്റൂമിൽ ചെന്ന് ടവ്വൽ എടുത്തുകൊണ്ടുവന്ന് മടക്കി ബാഗിനുള്ളിൽ വച്ചിട്ട് അടച്ചു. “അപ്പോൾ… നമ്മൾ റെഡിയല്ലേ…?”
“ഇപ്പോഴും മഴ പെയ്യുന്നുണ്ടോ…?”
“ഉണ്ട്…”
“എങ്കിൽ വെൽവെറ്റ് ഗൗൺ പ്രശ്നമാവുമല്ലോ… ട്രെഞ്ച്കോട്ട് കൂടി വേണ്ടിവരുമെന്ന് തോന്നുന്നു…”
അലമാരയിൽ നിന്നും ട്രെഞ്ച്കോട്ട് എടുത്ത് നടാഷ അവളുടെ ചുമലിലൂടെ ചുറ്റി. അവരുടെ കൈകൾ ഒരു നിമിഷം അവളെ മുറുകെ പിടിച്ചത് പോലെ തോന്നി. “എന്നാൽ ഇനി ഇറങ്ങുകയല്ലേ…?”
ബാഗ് എടുത്ത് വാതിൽ തുറന്ന് താന്യ അടുത്ത മുറിയിലേക്ക് കടന്നു. ഷെപ്പിലോവും ടർക്കിനും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കൺസെർട്ടിന് ശേഷം റിസപ്ഷൻ ഉള്ളതുകൊണ്ട് അവർ ഇരുവരും ഡിന്നർ ജാക്കറ്റുകൾ ധരിച്ചിട്ടുണ്ട്.
“അനുവാദമുണ്ടെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ കോമ്രേഡ്…? ഈ വേഷത്തിൽ വളരെ മനോഹരിയായിരിക്കുന്നു നിങ്ങൾ…” ടർക്കിൻ പറഞ്ഞു. “ക്രെഡിറ്റ് നമ്മുടെ രാജ്യത്തിന് തന്നെ…”
“അത്ര സുഖിപ്പിക്കുകയൊന്നും വേണ്ട ക്യാപ്റ്റൻ…” തന്റെ നീരസം അവൾ മറച്ചു വച്ചില്ല. “നിങ്ങളെക്കൊണ്ട് എന്തെങ്കിലും ഉപയോഗം വേണമല്ലോ… ഈ ബാഗൊന്ന് പിടിച്ചോളൂ…” ബാഗ് അയാളെ ഏല്പിച്ചിട്ട് അവൾ പുറത്തേക്ക് നടന്നു.
***
ഓഡിറ്റോറിയം കാണികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. താന്യ സ്റ്റേജിലേക്ക് പ്രവേശിച്ചതും അവളെ അഭിവാദ്യം ചെയ്യുവാനായി ഓർക്കസ്ട്ര ടീം ഒന്നടങ്കം എഴുന്നേറ്റു. സദസ്സിന്റെ മുൻനിരയിൽ ഇരുന്നിരുന്ന പ്രസിഡന്റ് മിത്തറാങ്ങ് അവളോടുള്ള ആദരസൂചകമായി എഴുന്നേറ്റതോടെ ഏവരും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
വേദിയിലെ ഇരിപ്പിടത്തിൽ അവൾ ഇരുന്നതും സദസ്സിലെ ആരവം കുറഞ്ഞു വന്നു. സമ്പൂർണ്ണ നിശ്ശബ്ദത ആകുവാൻ കാത്തു നിന്ന മ്യൂസിക്ക് കണ്ടക്ടർ തന്റെ ബാറ്റൺ ചലിപ്പിച്ചു. ഓർക്കസ്ട്ര ഈണം ആരംഭിച്ചതും താന്യാ വൊറോണിനോവയുടെ വിരലുകൾ കീബോർഡിൽ ഇന്ദ്രജാലം തുടങ്ങി.
വല്ലാത്തൊരു ആനന്ദമായിരുന്നു അവളുടെയുള്ളിൽ. ഏതാണ്ട് ഒരു ഉന്മാദാവസ്ഥ പോലെ. ഇത്രയും കാലം അടക്കിനിർത്തിയിരുന്ന ഊർജ്ജമെല്ലാം കെട്ടുപൊട്ടിച്ചതു പോലെ അവളുടെ വിരലുകൾ കീബോർഡിൽ ഓടിക്കളിച്ചു. അവളുടെ വായനയ്ക്കൊപ്പം മുന്നേറുവാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഓർക്കസ്ട്ര ടീം. ഒടുവിലായപ്പോഴേക്കും എല്ലാവരും കൂടി ആ റഷ്മണിനോവ് കൺസെർട്ട് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റി കാണികൾക്ക്.
സദസ്സിൽ നിന്നുയർന്ന ആരവവും കരഘോഷവും അവളുടെ സംഗീത ജീവിതത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗംഭീരമായിരുന്നു. ആർത്തു വിളിക്കുന്ന സദസ്സിനെ വീക്ഷിച്ചുകൊണ്ട് ഓർക്കസ്ട്ര ടീമിന്റെ മുന്നിൽ നിന്ന അവൾക്ക് ആരോ ഒരാൾ ഒരു പൂവ് എറിഞ്ഞു കൊടുത്തു. പിന്നെ സദസ്സിൽ നിന്നുള്ള പുഷ്പവർഷമായിരുന്നു വേദിയിൽ.
സ്റ്റേജിന് പിന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കാത്തുനിൽക്കുകയായിരുന്ന നടാഷ അവളെ ആലിംഗനം ചെയ്തു. “ഗംഭീരമായിരുന്നു മോളേ… ഇത്രയും കാലം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്…”
താന്യ അവരെ ഗാഢമായി പുണർന്നു. “എനിക്കറിയാം നടാഷാ… ഇത് എന്റെ രാത്രിയാണ്… എന്റെ മുന്നിലുള്ള സകല തടസ്സങ്ങളെയും തട്ടിനീക്കി മുന്നോട്ട് പോകാൻ കരുത്തു നേടിയ രാത്രി…” അപ്പോഴും നിർത്താതെ കരഘോഷം മുഴക്കിക്കൊണ്ടിരിക്കുന്ന സദസ്സിനെ അഭിമുഖീകരിക്കുവാൻ അവൾ തിരിഞ്ഞ് സ്റ്റേജിലേക്ക് നടന്നു.
***
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാങ്ങ് അവളുടെ കരങ്ങൾ രണ്ടും കൈയിലെടുത്ത് വാത്സല്യത്തോടെ ചുംബിച്ചു. “മദ്മോയ്സെ, ഞാൻ സല്യൂട്ട് ചെയ്യുന്നു… അസാദ്ധ്യ പ്രകടനമായിരുന്നു നിങ്ങളുടേത്…”
“മൊസ്യേ ലെ പ്രസിഡന്റ്, താങ്കളുടെ അഭിനന്ദനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…” ഫ്രഞ്ച് ഭാഷയിൽത്തന്നെ അവൾ മറുപടി പറഞ്ഞു.
ഷാമ്പെയ്ൻ സെർവ് ചെയ്തു തുടങ്ങിയതോടെ ആൾക്കൂട്ടം ഒന്നുകൂടി ഇളകി. പ്രസിഡന്റ് ഒരു ഷാമ്പെയ്ൻ ഗ്ലാസ് എടുത്ത് അവൾക്ക് നൽകിയിട്ട് ചിയേഴ്സ് പറയവെ ക്യാമറകളുടെ ഫ്ലാഷുകൾ മിന്നിക്കൊണ്ടിരുന്നു. അദ്ദേഹം അവളെ സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും പരിചയപ്പെടുത്തി. പുറത്തേക്കുള്ള വാതിലിന് സമീപം ഷെപ്പിലോവിനോടും ടർക്കിനോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന നിക്കോളായ് ബെലോവിനെ അവൾ കാണുന്നുണ്ടായിരുന്നു. തന്റെ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞിട്ട് അയാൾ അവൾക്കരികിലേക്ക് നടന്നു. അവൾ വാച്ചിലേക്ക് നോക്കി. പത്തു മണി കഴിഞ്ഞിരിക്കുന്നു. രക്ഷപെടണമെന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇറങ്ങിയേ തീരൂ.
അരികിലെത്തിയ ബെലോവ് അവളുടെ വലതുകരം കൈയിലെടുത്ത് ചുംബിച്ചു. “ഗംഭീര പ്രകടനമായിരുന്നല്ലോ… ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കിടെ ദ്വേഷ്യം വരുന്നത് നല്ലതാണെന്ന് തോന്നുന്നു…”
“അത് നിങ്ങളുടെ കാഴ്ച്ചപ്പാട്…” വെയ്റ്റർ കൊണ്ടുവന്ന ട്രേയിൽ നിന്നും അവൾ ഒരു ഗ്ലാസ് ഷാമ്പെയ്ൻ കൂടി എടുത്തു. “ഡിപ്ലോമാറ്റിക്ക് ഉദ്യോഗസ്ഥർ ഒന്നടങ്കം ഇവിടെയുണ്ടല്ലോ… നിങ്ങൾ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു… വലിയ കാര്യം തന്നെ…”
“അതെ… അതിനൊരു കാരണവുമുണ്ട്… മറ്റുള്ളവരെപ്പോലെയല്ല, നമ്മൾ റഷ്യക്കാർക്ക് സംഗീതത്തോട് അത്രയ്ക്കും അഭിനിവേശമാണ്…”
അവൾ ചുറ്റിനും ഒന്ന് കണ്ണോടിച്ചു. “നടാഷ എവിടെ…?”
“അവരവിടെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു… വിളിക്കണോ…?”
“ഏയ്, വേണ്ട… എനിക്കൊന്ന് ഡ്രെസ്സിങ്ങ് റൂമിൽ പോകണമായിരുന്നു… സാരമില്ല, ഞാൻ തനിയേ പൊയ്ക്കോളാം…”
“അതിനെന്താ, പോകാമല്ലോ…” അയാൾ അവിടെയെത്തിയ ടർക്കിന് നേരെ കണ്ണു കാണിച്ചു. “കോമ്രേഡ് വൊറോണിനോവയെ ഡ്രെസ്സിങ്ങ് റൂമിലേക്ക് കൊണ്ടുപോകൂ ടർക്കിൻ… എന്നിട്ടവിടെ വെയ്റ്റ് ചെയ്തിട്ട് തിരികെ വരുമ്പോൾ അകമ്പടി സേവിക്കൂ…” അയാൾ താന്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “ഈ തിരക്കിനിടയിൽപ്പെട്ട് നിങ്ങൾക്ക് പരിക്ക് പറ്റാൻ ഞങ്ങൾക്ക് താല്പര്യമില്ല…”
ആൾക്കൂട്ടം ഗ്ലാസുകൾ ഉയർത്തി പുഞ്ചിരിച്ചുകൊണ്ട് ഇരുവശത്തേക്കും ഒഴിഞ്ഞു മാറി അവൾക്ക് വഴിയൊരുക്കി. ഡ്രെസ്സിങ്ങ് റൂമിന് മുന്നിൽ എത്തുന്നത് വരെ ആ ഇടുങ്ങിയ ഇടനാഴിയിലൂടെ ടർക്കിൻ അവൾക്ക് അകമ്പടി സേവിച്ചു.
അവൾ വാതിൽ തുറന്നു. “ഒന്ന് ടോയ്ലറ്റിൽ പോകാൻ എനിക്ക് അനുവാദമുണ്ടെന്ന് കരുതിക്കോട്ടെ…?”
പരിഹാസരൂപേണ അയാൾ ചിരിച്ചു. “നിങ്ങൾക്ക് നിർബ്ബന്ധമാണെങ്കിൽ തീർച്ചയായും, കോമ്രേഡ്…”
അവൾ ഡ്രെസ്സിങ്ങ് റൂമിന്റെ വാതിൽ ചാരിയതും അയാൾ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. അവൾ വാതിൽ കുറ്റിയിട്ടിരുന്നില്ല. തന്റെ കാലുകളിലെ ഷൂസ് ഊരിക്കളഞ്ഞ്, ജാക്കറ്റ് അഴിച്ചുമാറ്റി. അഴകാർന്ന ഗൗണിന്റെ സിപ്പ് മുഴുവനായും തുറന്നതും അത് നിലത്തേക്ക് ഊർന്നു വീണു. ഒട്ടും സമയം കളയാതെ ഷോൾഡർ ബാഗ് തുറന്ന് ജമ്പ് സ്യൂട്ട് എടുത്തു ധരിച്ച്, അടിയിൽ ചുരുട്ടി വച്ചിരുന്ന കനം കുറഞ്ഞ തുകൽ ഷൂസ് എടുത്തണിഞ്ഞു. പിന്നെ ട്രെഞ്ച്കോട്ടും ബാഗും എടുത്ത് ടോയ്ലറ്റിനുള്ളിൽ കയറി കതകടച്ച് കുറ്റിയിട്ടു.
ടോയ്ലറ്റിന്റെ ജനൽ അവൾ നേരത്തെതന്നെ പരിശോധിച്ചിരുന്നു. ഒരാൾക്ക് അത്യാവശ്യം പുറത്തു കടക്കാനും മാത്രം വലിപ്പമുള്ളതായിരുന്നു അത്. ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ചെറിയൊരു അങ്കണത്തിലേക്കാണ് അത് തുറന്നാൽ എത്തുക. ടോയ്ലറ്റ് സീറ്റിന് മുകളിൽ ചവിട്ടിക്കയറി അവൾ ആ ജാലകത്തിലൂടെ പുറത്തേക്ക് നൂഴ്ന്നിറങ്ങി. മഴ സാമാന്യം ശക്തിയായിത്തന്നെ പെയ്യുന്നുണ്ടായിരുന്നു. ട്രെഞ്ച്കോട്ട് എടുത്തണിഞ്ഞ് ഷോൾഡർ ബാഗും എടുത്ത് അവൾ ഗേറ്റ് ലക്ഷ്യമാക്കി ഓടി. അകത്തു നിന്ന് കുറ്റിയിട്ടിരുന്ന ഗേറ്റ് പെട്ടെന്ന് തന്നെ അവൾക്ക് തുറക്കാനായി. അടുത്ത നിമിഷം റിയൂ ഡി മഡ്രിഡ് തെരുവിലെത്തിയ അവൾ ഒരു ടാക്സിക്കായി പരതിക്കൊണ്ട് അതിവേഗം നടന്നു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആഹാ എത്ര സിംപ്ലിളായി പുറത്തു കടന്നു. ഇനി..?
ReplyDeleteഇനി അവരുടെ പിടിയിൽ അകപ്പെടാതെ എത്രയും പെട്ടെന്ന് ഫ്രാൻസിന് പുറത്തു കടക്കുക... അത് സാധിക്കുമോ എന്നറിയാൻ അടുത്ത ബുധനാഴ്ച്ച വരെ പായും തലയിണയുമായി ഇവിടെത്തന്നെ കിടക്കുക... 😊
Deleteഎന്നാ പിന്നെ ഇവിടെ തന്നെ കൂടാം..
Deleteപള്ളീലച്ചനെ തൽക്കാലത്തേക്ക് വെറുതെ വിടാം ..
കൊച്ചിനെ എങ്ങനേലും പുറത്തു കടത്തണ്ടേ ..
നുമ്മ ഇവിടൊക്കെ തന്നെ കാണും
എന്നാൽ പിന്നെ അടുത്ത ലക്കം എഴുതിത്തുടങ്ങട്ടെ...
Deleteപിന്നല്ലാണ്ട് ...കാത്തുകാത്തിരിക്കുവാ ..
Deleteബുധനാഴ്ച്ച രാവിലെ കൃത്യം ആറു മണിക്ക്... എഴുന്നേൽക്കാൻ അലാറം വച്ചോളൂ...
Deleteടെൻഷൻ ആയല്ലോ. എത്ര നേരം അവൾക്ക് സമയം കിട്ടും...
ReplyDeleteഒട്ടും സമയമില്ല... പതിനൊന്ന് മണിക്കാണ് ട്രെയിൻ... ഇപ്പോൾത്തന്നെ പത്തേകാൽ കഴിഞ്ഞിരിക്കുന്നു...
Deleteടാക്സിക്കാരാ, പെട്ടെന്ന് വന്നാട്ടെ..!
ReplyDeleteരാത്രി പത്ത് കഴിഞ്ഞെങ്കിലും ഏതെങ്കിലും ഒരു ടാക്സിക്കാരൻ വരാതിരിക്കില്ല ആ വഴി...
Deleteവരും, വരാതിരിക്കില്ല.. 10 മണി വല്ലതും ഒരു മണിയാണോ.. 🤭
Deleteപിന്നല്ല... അതും പാരീസിൽ...
Deleteഉണ്ടാപ്രി പറഞ്ഞപോലെ എത്ര സിംപിളായി പുറത്ത് കടന്നു. ഇനി ട്രെയിൻ പിടിക്കാൻ പറ്റുമോ
ReplyDeleteഇന്ത്യൻ റെയിൽവേയുടെ പോലെ ട്രെയിൻ ലേറ്റാണെങ്കിൽ പേടിക്കാനില്ല...
Delete