Wednesday, September 13, 2023

കൺഫെഷണൽ – 29

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കിൽറിയയിലെ തന്റെ കോട്ടേജിൽ തിരിച്ചെത്തിയ ഡെവ്‌ലിൻ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന തന്റെ വസതി മൊത്തം ഒന്ന് വീക്ഷിച്ചു. നിത്യജോലിക്കായി ആരെയും നിയമിച്ചിരുന്നില്ല അദ്ദേഹം. എങ്കിലും വീട് വൃത്തിയാക്കാനും വസ്ത്രങ്ങൾ കഴുകാനുമായി പ്രായം ചെന്ന ഒരു സ്ത്രീ ആഴ്ച്ചയിൽ രണ്ടു തവണ വരുന്നുണ്ട്. അതിൽ തൃപ്തനായിരുന്നു അദ്ദേഹം. അടുക്കളയിൽ ചെന്ന് കെറ്റിലിൽ വെള്ളം തിളപ്പിക്കാൻ വച്ചിട്ട് അദ്ദേഹം ലിവിങ്ങ് റൂമിൽ വന്ന് നെരിപ്പോടിനുള്ളിൽ തീ കൊളുത്തി. അപ്പോഴാണ് ഫ്രഞ്ച് വിൻഡോയിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞത്. മക്ഗിനസ് ആയിരുന്നു അത്.

 

ഡെവ്‌ലിൻ വാതിൽ തുറന്നു. “പെട്ടെന്ന് തന്നെ എത്തിയല്ലോ ഞാനിപ്പോൾ വന്നു കയറിയതേയുള്ളൂ

 

“അതുപോലെ തന്നെയായിരുന്നു എന്റെ കാര്യവും താങ്കൾ എയർപോർട്ടിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അവർ എന്നെ വിവരമറിയിക്കുന്നത്” അയാൾ തന്റെ നീരസം മറച്ചു വച്ചില്ല. “എന്തൊക്കെയാണ് സംഭവിക്കുന്നത്, ലിയാം?”

 

“മനസ്സിലായില്ല?”

 

“ആദ്യം ലെവിനും ബില്ലിയും ഇപ്പോഴിതാ, മൈക്ക് മർഫിയും ലിഫീ നദിയിൽ നിന്നും പുറത്തെടുത്ത അയാളുടെ മൃതദേഹത്തിൽ രണ്ട് വെടിയുണ്ടകളാണ് കയറിയിരുന്നത് ഇതിന്റെയൊക്കെ പിറകിൽ കുഖോളിൻ തന്നെയാവാനേ തരമുള്ളൂ അത് താങ്കൾക്കും അറിയാം, എനിക്കുമറിയാം നമ്മുടെ നീക്കങ്ങൾ എങ്ങനെ അയാൾ അറിയുന്നു? അതാണിവിടുത്തെ ചോദ്യം

 

“അതിന് പെട്ടെന്നൊരുത്തരം എന്റെ കൈവശമില്ല” രണ്ട് ഗ്ലാസുകളിൽ ബുഷ്മിൽസ് പകർന്നു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “ഇതല്പം അകത്താക്കൂ നിങ്ങളുടെ മനസ്സ് ശാന്തമാകട്ടെ

 

മക്ഗിനസ് ഗ്ലാസ് എടുത്ത് ഒരു കവിൾ ഇറക്കി. “വിവരങ്ങൾ ചോരുന്നത് ലണ്ടനിൽ നിന്നാണെന്നാണ് എനിക്ക് തോന്നുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്രിട്ടീഷ് സെക്യൂരിറ്റി സർവ്വീസിനുള്ളിൽ ധാരാളം സോവിയറ്റുകൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്

 

“അല്പം അതിശയോക്തിയാണെങ്കിലും കാര്യമില്ലാതെയില്ല” ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, ഞാൻ മുമ്പ് പറഞ്ഞിരുന്നല്ലോ, ഫെർഗൂസൺ വിചാരിക്കുന്നത് ലീക്ക് നിങ്ങളുടെ ഭാഗത്ത് നിന്നാണെന്നാണ്

 

“പോകാൻ പറ അയാളോട് ആ ചെർണിയെ പിടിച്ച് ചോദ്യം ചെയ്താൽ കാര്യങ്ങൾ പിടികിട്ടും

 

“ശരിയായിരിക്കാം” ഡെവ്‌ലിൻ പറഞ്ഞു. “അതേക്കുറിച്ച് ഫെർഗൂസനോട് ഞാനൊന്ന് ചോദിച്ചു നോക്കട്ടെ അതു കഴിഞ്ഞിട്ട് മതി

 

“ഓൾറൈറ്റ്” ഒട്ടും യോജിപ്പില്ലാത്ത മട്ടിൽ മക്ഗിനസ് പറഞ്ഞു. “എന്തായാലും ഞാൻ വിളിക്കാം ലിയാം” അയാൾ പുറത്തേക്കിറങ്ങി.

 

ഗ്ലാസിലേക്ക് പകർന്ന വിസ്കി അല്പം നുകർന്നിട്ട് ഡെവ്‌ലിൻ അതേക്കുറിച്ച്  ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് ഫോൺ എടുത്തു. ഡയൽ ചെയ്യാൻ തുനിഞ്ഞുവെങ്കിലും ഒന്ന് സംശയിച്ചിട്ട് അത് താഴെ വച്ചു. ശേഷം മേശവലിപ്പിൽ നിന്നും ആ കറുത്ത ബോക്സ് എടുത്ത് സ്വിച്ച് ഓൺ ചെയ്ത് ഫോണിന് മുകളിൽ പിടിച്ചു. പ്രതികരണം ഒന്നും തന്നെയില്ല.

 

“അപ്പോൾ” അദ്ദേഹം മന്ത്രിച്ചു. “ഫെർഗൂസൺ അല്ലെങ്കിൽ മക്ഗിനസ് ഈ രണ്ടുപേരിൽ ആരുടെയോ ഭാഗത്തു നിന്നാണ് വിവരങ്ങൾ ചോരുന്നത്

 

അദ്ദേഹം ലണ്ടനിലേക്ക് ഡയൽ ചെയ്തു. അടുത്ത നിമിഷം തന്നെ അപ്പുറത്ത് ഫോൺ എടുക്കപ്പെട്ടു. “ഫോക്സ് ഹിയർ

 

“ഹാരീ, അദ്ദേഹം അവിടെയുണ്ടോ?”

 

“ഇപ്പോഴിവിടെയില്ല പാരീസ് യാത്ര എങ്ങനെയുണ്ടായിരുന്നു?”

 

“എ നൈസ് ഗേൾ എനിക്കിഷ്ടപ്പെട്ടു അവളെ ആകെപ്പാടെ ചിന്താക്കുഴപ്പത്തിലാണവൾ വസ്തുതകൾ അവതരിപ്പിക്കുക എന്നതിൽ കൂടുതലൊന്നും എനിക്ക് ചെയ്യാനായില്ല നിങ്ങൾ കൊടുത്തയച്ച പാക്കറ്റ് അവളെ ഏല്പിച്ചിട്ടുണ്ട് അവളത് വാങ്ങിവച്ചുവെങ്കിലും എനിക്കത്ര പ്രതീക്ഷയൊന്നുമില്ല

 

“എനിക്കും ഉണ്ടായിരുന്നില്ല” ഫോക്സ് പറഞ്ഞു. “ഡബ്ലിനിലെ പ്രശ്നങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്തുവാനാകുമോ താങ്കൾക്ക്?”

 

“മക്ഗിനസ് അല്പം മുമ്പ് എന്നെ വന്നു കണ്ടിരുന്നു ചെർണിയെ പിടികൂടി നന്നായിട്ടൊന്ന് ചോദ്യം ചെയ്താലോ എന്ന് ചോദിച്ചു

 

“അത് നല്ലൊരു ആശയമാണ്

 

“ഹാരീ, വിവരങ്ങൾ ചോരുന്നത് നിങ്ങളുടെ ഭാഗത്തു നിന്നാണെന്നാണ് അവർ കരുതുന്നത് എങ്കിലും, നിങ്ങൾ പറഞ്ഞതിൽ കാര്യമില്ലാതില്ല ഒരു ദിവസം കൂടി വെയ്റ്റ് ചെയ്യാൻ ഞാനയാളോട് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട ഞാൻ ഇവിടെത്തന്നെയുണ്ടാകും പിന്നെ, എന്റെ കാർഡ് ഞാനവൾക്ക് കൊടുത്തിട്ടുണ്ട് അവൾ പറഞ്ഞതെന്താണെന്നറിയുമോ? ഒരു പ്രണയപരാജിതനാണ് ഞാനെന്ന് നിങ്ങൾക്കങ്ങനെ തോന്നിയിട്ടുണ്ടോ?”

 

“കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല” പൊട്ടിച്ചിരിച്ചു കൊണ്ട് ഫോക്സ് ഫോൺ കട്ട് ചെയ്തു.

 

അതേക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഡെവ്‌ലിൻ അല്പനേരം അവിടെത്തന്നെ ഇരുന്നു. അപ്പോഴാണ് ഫ്രഞ്ച് ജാലകത്തിൽ ആരോ തട്ടുന്ന ശബ്ദം വീണ്ടും കേട്ടത്. വാതിൽ തുറന്ന് ഹാരി ക്യുസെയ്ൻ പ്രവേശിച്ചു.

 

“ഹാരീ” ഡെവ്‌ലിൻ വിളിച്ചു. “ദൈവം അയച്ചതാണ് നിങ്ങളെ ഞാൻ പറയാറില്ലേ, നിങ്ങൾ ഉണ്ടാക്കുന്ന സ്ക്രാംബ്‌ൾഡ് എഗ്ഗിന്റെ രുചി ഒന്ന് വേറെ തന്നെയാണെന്ന്

 

“മുഖസ്തുതി പറഞ്ഞാൽ പിന്നെ ആരും വീണുപോകുമല്ലോ” അയാൾ അല്പം വിസ്കി ഗ്ലാസിലേക്ക് പകർന്നു. “പാരീസ് എങ്ങനെയുണ്ടായിരുന്നു?”

 

“പാരീസോ?” ഡെവ്‌ലിൻ ചോദിച്ചു. “അത് ഞാനൊരു തമാശ പറഞ്ഞതായിരുന്നു ഞാൻ പോയത് കോർക്കിലേക്കാണ് യൂണിവേഴ്സിറ്റിയിൽ നടത്തുവാനുദ്ദേശിക്കുന്ന ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് രാത്രി അവിടെ തങ്ങേണ്ടി വന്നു ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ നല്ല വിശപ്പുണ്ടെനിക്ക്

 

“ശരി” ഹാരി ക്യുസെയ്ൻ പറഞ്ഞു. “നിങ്ങൾ മേശ തുടച്ചോളൂ ഭക്ഷണം ഞാനിപ്പോൾ റെഡിയാക്കാം

 

“യൂ ആർ എ ഗുഡ് ഫ്രണ്ട്, ഹാരീ” ഡെവ്‌ലിൻ പറഞ്ഞു.

 

വാതിൽക്കൽ ചെന്ന് ക്യുസെയ്ൻ തിരിഞ്ഞു. “അത് പിന്നെ പറയനുണ്ടോ ലിയാം? എത്ര വർഷത്തെ പരിചയമാണ് നമ്മൾ തമ്മിൽ” പുഞ്ചിരിച്ചുകൊണ്ട് അയാൾ കിച്ചണിലേക്ക് നടന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

6 comments:

  1. ഹാരിയും ഡെവ്ലിനും നല്ല കൂട്ടുകാർ

    ReplyDelete
    Replies
    1. ഹാരി ക്യുസെയ്ൻ ആരാണെന്ന് അറിയാമല്ലോ അല്ലേ...?

      Delete
  2. Replies
    1. ഹാരി ക്യുസെയ്ന്റെ തനിനിറം മനസ്സിലാകുമ്പോൾ എന്തായിരിക്കും ഡെവ്‌ലിന്റെ പ്രതികരണം...?

      Delete
  3. പിന്നേം പറയട്ടെ
    എനിക്കെന്തോ കെല്ലിയെ വെറുക്കാൻ പറ്റുന്നെ ഇല്ല..
    നല്ലൊരു നടൻ .. പാവം

    ReplyDelete