Wednesday, November 1, 2023

കൺഫെഷണൽ – 36

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക്  ചെയ്യുക...


സെന്റ് മാലോ ഹാർബറിൽ നിന്നും ആ കോൺഡർ ഹൈഡ്രോഫോയിൽ പുറംകടലിലേക്ക് നീങ്ങി. യാത്രികരെക്കൊണ്ട് ഏതാണ്ട് പൂർണ്ണമായും നിറഞ്ഞിരിക്കുകയാണ് ആ സമുദ്രയാനം എന്ന്  പറയാം. ജെഴ്സി സന്ദർശിക്കാൻ പോകുന്ന ഫ്രഞ്ച് ടൂറിസ്റ്റുകളാണ് മിക്കവരും എന്ന് അവരുടെ സംസാരത്തിൽ നിന്നും താന്യ മനസ്സിലാക്കി. പുറംകടലിൽ എത്തി വേഗത വർദ്ധിച്ചതോടെ പതുക്കെ ഉയർന്ന ആ ഹൈഡ്രോഫോയിൽ ജലോപരിതലത്തിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുന്നോട്ട് കുതിച്ചു. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കവെ പുലർകാലത്തിന്റെ ഉന്മേഷവും ഊർജ്ജവും ആസ്വദിക്കുകയായിരുന്നു അവൾ. അങ്ങനെ ഒടുവിൽ അവരുടെയെല്ലാം കണ്ണ് വെട്ടിച്ച് താൻ ഫ്രാൻസിൽ നിന്നും പുറത്ത് കടന്നിരിക്കുന്നു. ജെഴ്സിയിലെത്തിക്കഴിഞ്ഞാൽ പിന്നെ ലണ്ടനിൽ എത്തിയതു പോലെയായി. ആശ്വാസത്തോടെ സീറ്റിൽ പിറകോട്ട് ചാരിയിരുന്ന് അവൾ കണ്ണുകളടച്ചു.

 

തന്റെ പ്യൂഷോ എസ്റ്റേറ്റ് കാറിൽ ആൽബർട്ട് ക്വേയിൽ എത്തിയ അലക്സ് മാർട്ടിൻ പാർക്ക് ചെയ്യാൻ സൗകര്യപ്രദമായ ഒരിടം തേടി പതുക്കെ മുന്നോട്ട് നീങ്ങി. വെയ്മത്തിൽ നിന്നുള്ള ഫെറി എത്തിയ സമയമായിരുന്നതിനാൽ ഹാർബറിൽ നല്ല തിരക്കായിരുന്നു. തണുത്ത വെള്ളത്തിലെ സ്നാനത്തിന് ശേഷം തരക്കേടില്ലാത്തൊരു ബ്രേക്ക്ഫാസ്റ്റ് കഴിച്ചുവെങ്കിലും രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം അലട്ടിത്തുടങ്ങിയിട്ടുണ്ട്. നേവിബ്ലൂ നിറമുള്ള ട്രൗസേഴ്സും അതേ നിറമുള്ള പോളോ നെക്ക് സ്വെറ്ററുമാണ് അയാൾ ധരിച്ചിരിക്കുന്നത്. അതിന് മുകളിൽ ഇളം നീല നിറത്തിലുള്ള സ്പോർട്ട്സ് ജാക്കറ്റും അണിഞ്ഞിട്ടുണ്ട്. താന്യാ വൊറോണിനോവയ്ക്ക് തന്നെ കാണുമ്പോൾ മതിപ്പിന് കുറവൊന്നും ഉണ്ടാകാൻ പാടില്ല എന്നൊരു ഉദ്ദേശ്യമായിരുന്നു ആ വേഷം തന്നെ തിരഞ്ഞെടുക്കാൻ കാരണം. സംഗീതം എന്ന് വച്ചാൽ അത്രയ്ക്കും ജീവനായിരുന്നു അയാൾക്ക്. താൻ ആരാധിക്കുന്ന ലോകപ്രശസ്തയായ ഒരു കലാകാരിയുമായി സന്ധിക്കുവാനുള്ള അവസരം ലഭിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് അയാൾ കരുതിയത്.

 

കുളി കഴിഞ്ഞ് പൂർണ്ണമായും ഉണങ്ങാത്ത തലമുടിയിഴകളിലൂടെ അയാൾ വിരലോടിച്ചു. പെട്ടെന്നാണ് പതിവില്ലാത്ത ഒരു അസ്വസ്ഥത മനസ്സിനെ അലട്ടുന്നത് പോലെ തോന്നിയത്. കാറിന്റെ ഡാഷ്ബോർഡ് തുറന്ന് അലക്സ് തന്റെ കൈത്തോക്ക് പുറത്തെടുത്തു. 0.38 സ്മിത്ത് & വെസൺ സ്പെഷ്യൽ എയർവെയ്റ്റ് മോഡൽ ആയുധമായിരുന്നു അത്. CIA ഉദ്യോഗസ്ഥരുടെ ഇഷ്ട മോഡലായിരുന്നു ആ റിവോൾവർ. ആറു വർഷം മുമ്പ് ബെൽഫാസ്റ്റിൽ വച്ച്, നിരോധിക്കപ്പെട്ട UVF സംഘടനയിലെ അംഗമായിരുന്ന ഒരു പ്രൊട്ടസ്റ്റന്റ് ഭീകരന്റെ മൃതശരീരത്തിൽ നിന്നും കണ്ടെടുത്ത തോക്കായിരുന്നു അത്. വാസ്തവത്തിൽ അലക്സ് മാർട്ടിനെ വധിക്കുകയെന്നതായിരുന്നു ആ ഭീകരന്റെ ഉദ്ദേശ്യമെങ്കിലും അലക്സിന്റെ വെടിയുണ്ടയേറ്റ് അയാളാണ് കൊല്ലപ്പെട്ടത്. അതിൽ തെല്ലും വിഷമമോ പശ്ചാത്താപമോ തനിക്കുണ്ടായില്ല എന്നത് വിചിത്രമായി തോന്നി അയാൾക്ക്.

 

“അതൊക്കെ മറന്നേക്കൂ അലക്സ്” അയാൾ തന്നോട് മന്ത്രിച്ചു. “ഇത് ബെൽഫാസ്റ്റ് അല്ലല്ലോ, ജെഴ്സിയല്ലേ

 

പക്ഷേ, അതെല്ലാം മറക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. വീണ്ടും ബെൽഫാസ്റ്റിൽ എത്തിയ പ്രതീതി. മനസ്സിനാകെ അസ്വസ്ഥത. ബെൽഫാസ്റ്റിൽ താൻ ചെലവഴിച്ച കാലത്തിന്റെ ഓർമ്മയിൽ അയാൾ തന്റെ റിവോൾവർ അരയുടെ പിൻഭാഗത്ത് വെയിസ്റ്റ്ബാൻഡിൽ തിരുകി. ദേഹപരിശോധനയിൽ പോലും അങ്ങനെയൊരു ആയുധം അവിടെ ഒളിപ്പിച്ചിരിക്കുന്നത് കണ്ടുപിടിക്കാനാവുമായിരുന്നില്ല.

 

ഒരു സിഗരറ്റിന് തീകൊളുത്തി, കാറിനുള്ളിലെ റേഡിയോ ഓൺ ചെയ്ത് പ്രക്ഷേപണം ശ്രദ്ധിച്ചുകൊണ്ട് അലക്സ് കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കടലിൽ നിന്നും ഹാർബറിലേക്ക് പ്രവേശിക്കുന്ന ഹൈഡ്രോഫോയിൽ കാണാറായി. അയാൾ തിടുക്കമൊന്നും കാണിച്ചില്ല. ഇമിഗ്രേഷൻ, കസ്റ്റംസ് തുടങ്ങിയ നടപടി ക്രമങ്ങൾ കഴിഞ്ഞ് അവൾ പുറത്തു വരാൻ സമയമെടുക്കും. യാത്രക്കാർ പുറത്തു വന്നു തുടങ്ങിയതോടെ കാറിൽ നിന്നും പുറത്തിറങ്ങി അയാൾ അങ്ങോട്ട് നടന്നു. ജമ്പ് സ്യൂട്ടും ട്രെഞ്ച്കോട്ടും ധരിച്ച് ഒരു ഷോൾഡർബാഗുമായി പുറത്തേക്ക് വന്ന താന്യയെ ഒറ്റനോട്ടത്തിൽത്തന്നെ അലക്സ് തിരിച്ചറിഞ്ഞു.

 

അലക്സ് മുന്നോട്ട് ചെന്ന് അവൾക്ക് മുന്നിലെത്തി. “മിസ് വൊറോണിനോവ?”

 

തെല്ല് സംശയത്തോടെ അവൾ അയാളെ മൊത്തം ഒന്ന് വിലയിരുത്തി.

 

“അതല്ല, ഇനി മിസ് ഫ്രാങ്ക് എന്നാണോ ഞാൻ വിളിക്കേണ്ടത്?”

 

“ആരാണ് നിങ്ങൾ?”

 

“അലക്സാണ്ടർ മാർട്ടിൻ നിങ്ങളെ സുരക്ഷിതമായി വിമാനത്തിൽ കയറ്റി വിടുവാൻ വേണ്ടി വന്നതാണ് ഞാൻ പത്ത് പത്തിനുള്ള ലണ്ടൻ ഫ്ലൈറ്റിലാണ് നിങ്ങൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ധാരാളം സമയമുണ്ട്

 

ആശ്വാസത്തോടെ അവൾ അയാളുടെ കരം കവർന്നു. എന്നാൽ റോഡിനപ്പുറത്തെ മതിലിനരികിൽ പാതി പുറംതിരിഞ്ഞ് നിൽക്കുന്ന ടർക്കിനെയും ഷെപ്പിലോവിനെയും കുറിച്ച് അവൾ ബോധവതിയായിരുന്നില്ല. “ഈ അവസ്ഥയിൽ സൗഹൃദഭാവത്തിലുള്ള ഒരു മുഖം കാണാൻ സാധിക്കുക എന്നത് എത്ര സന്തോഷകരമാണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല

 

“ഇതിലേ വന്നാലും” അയാൾ അവളെ തന്റെ കാറിനരികിലേക്ക് നയിച്ചു. “കഴിഞ്ഞ വർഷം ആൽബർട്ട് ഹാളിൽ എമ്പറർ അറ്റ് ദി പ്രോംസ് എന്ന ഗാനം നിങ്ങൾ വായിക്കുന്നത് ഞാൻ കണ്ടിരുന്നു യൂ വേർ എമേയ്സിങ്ങ്

 

അലക്സ് അവൾക്ക് ഫ്രണ്ടിലെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു. അവൾ സീറ്റിൽ ഇരുന്നതും ഡോർ അടച്ചിട്ട് അയാൾ മറുവശത്ത് ചെന്ന് ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്നു.

 

“നിങ്ങളും പിയാനോ വായിക്കുമല്ലേ?” അവൾ ചോദിച്ചു.

 

“ഓ, യെസ്” അയാൾ കാർ സ്റ്റാർട്ട് ചെയ്തു. “പക്ഷേ, നിങ്ങളുടെയത്രയൊന്നും വരില്ല

 

പെട്ടെന്നാണ് പിറകിലെ ഡോറുകൾ തുറന്ന് ആ രണ്ട് റഷ്യക്കാരും കാറിനുള്ളിൽ കയറിയത്. താന്യയുടെ പിന്നിലെ സീറ്റിൽ ഇരുന്ന ടർക്കിൻ പറഞ്ഞു. “ഞങ്ങളുമായി തർക്കിക്കാൻ നിൽക്കണ്ട നിങ്ങളുടെയും ഇവളുടെയും നട്ടെല്ലിന് പിറകിൽ സൈലൻസർ ഘടിപ്പിച്ച തോക്കിൻ കുഴലുകളുണ്ട് ഈ സീറ്റുകളൊന്നും ബുള്ളറ്റ് പ്രൂഫല്ല എന്നറിയാമല്ലോ ചെറിയൊരു ശബ്ദം പോലും വെളിയിൽ വരാതെ നിങ്ങൾ ഇരുവരെയും വകവരുത്തിയിട്ട് കടന്നുകളയാൻ ഞങ്ങൾക്ക് സാധിക്കും

 

താന്യ ഞെട്ടിത്തരിച്ചു പോയി. എന്നാൽ പരിഭ്രമലേശമെന്യേ അലക്സ് മാർട്ടിൻ അവളോട് ചോദിച്ചു. “നിങ്ങൾക്കിവരെ പരിചയമുണ്ടോ?”

 

“GRU മിലിട്ടറി ഇന്റലിജൻസ്

 

“ഐ സീ എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?” അയാൾ ടർക്കിനോട് ചോദിച്ചു.

 

“സാധിക്കുമെങ്കിൽ ഞങ്ങൾ ഇവളെ തിരികെ കൊണ്ടുപോകും അഥവാ കഴിയുന്നില്ലെങ്കിൽ ഇവൾ ഈ ലോകത്തോട് വിടപറയുന്നു ഞങ്ങളുടെ എതിരാളികളോട് ഇവൾ സംസാരിക്കാൻ പാടില്ല എന്നതാണ് മുഖ്യം എന്തെങ്കിലും ബുദ്ധിശൂന്യമായ നീക്കം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ ആദ്യം പോകുന്നത് ഇവളായിരിക്കും ജോലി എന്താണെന്ന് നന്നായിട്ടറിയാം ഞങ്ങൾക്ക്

 

“അതിലെനിക്ക് ഒട്ടും സംശയമില്ല” അലക്സ് പറഞ്ഞു.

 

“അതെ കാരണം, ഞങ്ങളാണ് കരുത്തന്മാർ നിങ്ങൾ വെറും ശിശു” ടർക്കിൻ പറഞ്ഞു. “അതുകൊണ്ടാണ് പറയുന്നത്, വിജയം ഒടുവിൽ ഞങ്ങളുടെ പക്ഷത്തായിരിക്കുമെന്ന് വേണമെങ്കിൽ ബക്കിങ്ങ്ഹാം പാലസിന്റെ മുന്നിൽ വരെ ഞങ്ങൾക്ക് എത്താൻ കഴിയും

 

“ഇപ്പോൾ വന്നിട്ട് കാര്യമില്ല മക്കളേ” അലക്സ് പറഞ്ഞു. “രാജ്ഞി ഇപ്പോൾ സാൻഡ്രിങ്ങാമിൽ ആണുള്ളത്

 

ടർക്കിൻ മുഖം കടുപ്പിച്ച് അയാളെ നോക്കി. “തമാശയായിരിക്കും? കാർ നേരെ മറീനയിലേക്ക് വിടൂ

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. ശ്ശേ... സസ്പെൻസിൽ കൊണ്ട് നിർത്തി കളഞ്ഞല്ലോ...
    അലക്സാണ്ടർ മാർട്ടിൻ, കമോൺ!!!

    ReplyDelete
    Replies
    1. അതെ... ഇവിടെ നിർത്തിയാൽ കിടു സസ്പെൻസ് ആയിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാ ബാക്കി അടുത്ത ലക്കത്തിലേക്ക് നീക്കി വച്ചത്... 🤪

      Delete
  2. അരയിലൊളിപ്പിച്ച റിവോൾവർ എടുക്കാൻ ഇനി എത്ര നേരം? മറീന വരെ വണ്ടി പോവേണ്ടി വരുമോ??

    ReplyDelete
    Replies
    1. അത് അത്ര എളുപ്പമല്ല... ടർക്കിന്റെയും ഷെപ്പിലോവിന്റെയും കൈകളിൽ സൈലൻസർ ഘടിപ്പിച്ച കിണ്ണൻ തോക്കുകളാണുള്ളത്...

      Delete
  3. പിന്നല്ല..
    അലക്സ് ഏട്ടൻ ഒരു തോക്കെങ്കിലും എടുത്തിട്ട് വരും എന്നെനിക്കു അറിയാമായിരുന്നു ..
    ഇനി ഒന്നും പേടിക്കാനില്ല ..
    ലവന്മാർക്കു എങ്ങനെയാ പണി കിട്ടുന്നത് എന്നറിയാൻ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. അലക്സ് തോക്കൊക്കെ എടുത്തിട്ടുണ്ട്... എങ്കിലും അത് ഉപയോഗിക്കാൻ പറ്റുമോയെന്ന് കണ്ടുതന്നെ അറിയണം... അടുത്ത ലക്കം വരെ കാത്തിരിക്കാം നമുക്ക്...

      Delete
  4. സസ്പെൻസ് ആയല്ലോ.. ആരുടെ പക്ഷം ജയിക്കും?

    ReplyDelete
    Replies
    1. അധികം കാത്തിരിക്കണ്ട... അടുത്ത ബുധനാഴ്ച അറിയാം സുകന്യാജീ...

      Delete
    2. അണ്ണോ.. അണ്ണോ ..
      എന്നിട്ടെവിടെ അണ്ണോ.
      കാത്തു കാത്തിരുന്നു കാണാഞ്ഞിട്ട് പരിപ്പരച്ചു (പരിഭ്രമിച്ചു)

      Delete
    3. രണ്ട് ദിവസമായി പനിയടിച്ച് കിടപ്പിലാണ് ഉണ്ടാപ്രീ... ഇന്ന് അല്പം തല പൊക്കാമെന്നായിട്ടുണ്ട്... എഴുതാൻ പറ്റുമെന്ന് തോന്നുന്നു...

      Delete