ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം – 9
കവൻഡിഷ് സ്ക്വയറിലെ ഓഫീസിൽ, അപ്പോൾ എത്തിയ ടെലിഫോൺ കോൾ അറ്റൻഡ് ചെയ്തുകൊണ്ട് തെല്ല് അസ്വസ്ഥതയോടെ ഇരിക്കുകയാണ് ഫെർഗൂസൺ. ഒരു ടെലക്സ് മെസേജുമായി ഹാരി ഫോക്സ് സ്റ്റഡീ റൂമിൽ നിന്നും അങ്ങോട്ടെത്തി. വെയ്റ്റ് ചെയ്യുവാൻ ആംഗ്യം കാണിച്ചിട്ട് ഫെർഗൂസൺ പറഞ്ഞു. “താങ്ക് യൂ മിനിസ്റ്റർ…” അദ്ദേഹം ഫോൺ താഴെ വച്ചു.
“പ്രശ്നമാണോ സർ…?” ഫോക്സ് ആരാഞ്ഞു.
“ആണോയെന്ന് ചോദിച്ചാൽ അതെ… പോപ്പിന്റെ സന്ദർശനം ഉണ്ടാവുമെന്നു തന്നെയാണ് ഫോറിൻ ഓഫീസ് ഇപ്പോൾ അറിയിച്ചത്… വരുന്ന ഏതാനും മണിക്കൂറുകളിൽ വത്തിക്കാൻ ഔദ്യോഗിക അറിയിപ്പ് പുറത്തു വിടുമത്രെ… ആട്ടെ, എന്താണ് കൈയിൽ…?”
“ടെലക്സാണ് സർ… ടാസ്ക് ഫോഴ്സിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ… ദുഃഖവാർത്ത എന്താണെന്ന് വച്ചാൽ, HMS Antelope മുങ്ങിയെന്നതിന് സ്ഥിരീകരണമായി… ഇന്നലെയാണ് സ്കൈഹോക്കുകളുടെ ബോംബിങ്ങിൽ ആ ദുരന്തം സംഭവിച്ചത്… പിന്നെ, ആകെക്കൂടിയുള്ള സന്തോഷ വാർത്ത ഏഴ് അർജന്റീനിയൻ ജെറ്റുകളെ നാം വെടിവച്ചിട്ടു എന്നതാണ്…”
“അവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഞാൻ വിശ്വസിക്കൂ ഹാരീ… ആ പറഞ്ഞതിന്റെ പകുതി മാത്രമേ ചിലപ്പോൾ സത്യമാവാൻ വഴിയുള്ളൂ… ബാറ്റ്‌ൽ ഓഫ് ബ്രിട്ടൻ വീണ്ടും ആവർത്തിക്കപ്പെടുന്നു…”
“താങ്കൾ പറഞ്ഞത് ശരിയായിരിക്കാം സർ… കാര്യങ്ങൾ ചൂടുപിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ ആരും മോശക്കാരല്ല… ഒന്നും മുഴുവനായി വിശ്വസിക്കാനാവില്ല…”
ഫെർഗൂസൺ എഴുന്നേറ്റ് ഒരു ഷെറൂട്ടിന് തീ കൊളുത്തി. “എനിക്കറിയില്ല, ചില നേരത്ത് നാശങ്ങൾ എല്ലാം കൂടി ഒന്നിച്ചായിരിക്കും എത്തുന്നത്… ഇപ്പോൾ ഇതാ, പോപ്പിന്റെ സന്ദർശനം… ശ്രമിച്ചിരുന്നുവെങ്കിൽ നമുക്കത് ഒഴിവാക്കാമായിരുന്നു… കുഖോളിൻ ആണെങ്കിൽ ഇനിയും പിടി തരാതെ അവിടെ വിലസുന്നു… അതിനിടയിലാണ് പാരീസിലെ ബ്ലാക്ക് മാർക്കറ്റിൽ നിന്നും എക്സോസെറ്റ് മിസൈലുകൾ വാങ്ങുവാൻ അർജന്റീന ശ്രമിക്കുന്നു എന്ന വാർത്ത വരുന്നത്… ഫാക്‌ലണ്ടിലെ നാവികയുദ്ധനിരയിൽ നിന്നും മേജർ ടോണി വില്ലേഴ്സിനെ തിരിച്ചു കൊണ്ടുവരാനുള്ള ഓർഡർ അയയ്ക്കുവാൻ പറഞ്ഞിട്ട് എന്തായി…?”
“അക്കാര്യത്തിൽ പ്രശ്നമില്ല സർ… സബ്മറീനിൽ നിന്നും അദ്ദേഹത്തെ ഉറൂഗ്വേയിൽ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട്… മോണ്ടെവിഡിയോവിൽ നിന്നും എയർ ഫ്രാൻസിൽ നേരെ പാരീസിലേക്ക് പോകാനുള്ള ഏർപ്പാടാക്കിയിട്ടുണ്ട്… നാളെ അവിടെയെത്തും…”
“ഗുഡ്… നാളത്തെ ഷട്ടിലിൽ നിങ്ങളും അങ്ങോട്ട് പോകുക… അദ്ദേഹത്തെ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്തിയിട്ട് എത്രയും പെട്ടെന്ന് തിരിച്ചെത്തുക…”
“അത്രയും മതിയോ സർ…?”
“ഗുഡ് ഗോഡ്, മതി… നിങ്ങൾക്ക് ടോണിയെ നന്നായി അറിയാവുന്നതല്ലേ… ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ ആരുപിടിച്ചാലും കിട്ടില്ല… ഹെൽ ഓൺ വീൽസ്… അദ്ദേഹം അവിടുത്തെ പ്രതിപക്ഷ നേതാക്കളെ കണ്ട് കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കിക്കോളും… ഐ നീഡ് യൂ ഹിയർ, ഹാരീ…. ആ വൊറോണിനോവയുടെ കാര്യം എന്തായി…?”
“ഞാൻ നേരത്തെ പറഞ്ഞല്ലോ സർ, ഹീത്രൂവിൽ നിന്നും വരുന്ന വഴി കുറച്ച് സാധനങ്ങൾ വാങ്ങാനായി ഹാരോഡ്സിൽ നിർത്തിയിരുന്നു… ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും തന്നെ ഇല്ലായിരുന്നു അവളുടെ കൈവശം…”
“ശരിയാണ്, പണമൊന്നും ഉണ്ടാകില്ല കൈയിൽ…” ഫെർഗൂസൺ പറഞ്ഞു. “അത്യാവശ്യത്തിന് കുറച്ച് ഫണ്ട് അറേഞ്ച് ചെയ്യണം അവൾക്ക്…”
“അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല സർ… അവൾക്ക് ഇവിടെയുള്ള ബാങ്ക് അക്കൗണ്ടിൽ തരക്കേടില്ലാത്ത നീക്കിയിരുപ്പ് ഉണ്ടെന്നാണ് മനസ്സിലാക്കാനായത്… റെക്കോർഡ്സിന്റെ റോയൽറ്റിയും മറ്റുമായി… പിന്നെ, ജീവിതച്ചെലവുകൾക്കായി അവൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല… ഇവിടെയുണ്ടെന്നറിഞ്ഞാൽ പ്രോഗ്രാമുകൾക്ക് വിളിക്കാൻ ധാരാളം പേരുണ്ടാകും…”
“അതു വേണ്ട… അവൾ ബ്രിട്ടനിലുള്ള കാര്യം തൽക്കാലം രഹസ്യമായിത്തന്നെ ഇരിക്കട്ടെ… സമയമാകുമ്പോൾ ഞാൻ പറയാം… എവിടെയാണ് അവൾ ഇപ്പോൾ…?”
“സുഖമായിരിക്കുന്നു… നമ്മുടെ ആ സ്പെയർ റൂം അവൾക്ക് കൊടുത്തു… ഇപ്പോൾ കുളിക്കാൻ പോയിരിക്കുകയാണ്…”
“ശരി, എങ്കിലും എല്ലാ സുഖസൗകര്യങ്ങളും അങ്ങനെ കൊടുക്കാറായിട്ടില്ല ഹാരീ… അവളെ ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം മറന്നു കൂടാ… ഡെവ്‌ലിന്റെ ഫോൺ ഉണ്ടായിരുന്നു… ചെർണിയെ നിരീക്ഷിക്കാൻ മക്ഗിനസ് ഏല്പിച്ചിരുന്ന ആളുടെ മൃതദേഹം ലിഫീ നദിയിൽ നിന്നും ലഭിച്ചുവത്രെ… ഒരു നിമിഷം പോലും പാഴാക്കുന്നില്ല നമ്മുടെ ആ സുഹൃത്ത് കുഖോളിൻ…”
“അങ്ങനെയോ…! നാം എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, സർ…?” ഫോക്സ് ചോദിച്ചു.
“അവളെ ഡബ്ലിനിലേക്ക് അയയ്ക്കണം… ഇന്ന് തന്നെ… അവളോടൊപ്പം നിങ്ങളും പോകുക… ഡബ്ലിൻ എയർപോർട്ടിൽ അവളെ ഡെവ്‌ലിനെ ഏല്പിച്ചതിന് ശേഷം തിരികെ വരിക… എന്നിട്ട് നാളത്തെ മോണിങ്ങ് ഷട്ടിലിൽ പാരീസിലേക്ക് പോകണം…”
“അവൾക്കൊന്ന് ഇരിക്കാനെങ്കിലും സമയം കൊടുക്കണ്ടേ സർ…?” ഫോക്സ് ചോദിച്ചു. “ഒന്ന് ശ്വാസമെടുക്കാനുള്ള സമയമെങ്കിലും…”
“നമ്മളുടെ അവസ്ഥയും വ്യത്യസ്തമല്ലല്ലോ ഹാരീ…? പിന്നെ, ഈ പറഞ്ഞത് നിങ്ങളുടെ സ്വന്തം അഭിപ്രായമാണെങ്കിൽ അമ്മാവൻ തരാമെന്ന പറഞ്ഞ ആ മർച്ചന്റ് ബാങ്കിലെ ജോലി സ്വീകരിക്കാമായിരുന്നല്ലോ നിങ്ങൾക്ക്… പത്തു മണി മുതൽ നാലു മണി വരെ…”
“ഓ, അത് വല്ലാത്ത ബോറിങ്ങ് ആയിരുന്നേനെ സർ…”
കിം വാതിൽ തുറന്ന് താന്യാ വൊറോണിനോവയെ അങ്ങോട്ട് ആനയിച്ചു. കണ്ണുകളിൽ ക്ഷീണം നിഴലിച്ചിരുന്നുവെങ്കിലും ഹാരോഡ്സിൽ നിന്നും വാങ്ങിയ നീലനിറമുള്ള കാശ്മീരി സ്വെറ്ററും സ്കെർട്ടും അവളെ ആകർഷവതിയാക്കി. ബ്രിഗേഡിയർ ഫെർഗൂസണെ ഫോക്സ് അവൾക്ക് പരിചയപ്പെടുത്തി.
“മിസ് വൊറോണിനോവ… എ ഗ്രേറ്റ് പ്ലെഷർ…” ഫെർഗൂസൺ പറഞ്ഞു. “തിരക്ക് പിടിച്ച ഏതാനും മണിക്കൂറുകളായിരുന്നു അല്ലേ…? പ്ലീസ് സിറ്റ് ഡൗൺ…”
നെരിപ്പോടിനരികിലെ സോഫയിൽ അവൾ ഇരുന്നു. “പാരീസിലെ വിവരങ്ങൾ എന്തെങ്കിലുമുണ്ടോ…?” അവൾ ചോദിച്ചു.
“ഇതുവരെ ഒന്നുമില്ല…” ഫോക്സ് പറഞ്ഞു. “പതുക്കെ അന്വേഷിക്കാം നമുക്ക്… KGBയെ സംബന്ധിച്ചിടത്തോളം പരാജയമൊന്നും അവർക്കൊരു പ്രശ്നമല്ല തന്നെ… പിന്നെ, നിങ്ങളുടെ വളർത്തച്ഛന് ഈ വിഷയത്തിലുള്ള പ്രത്യേക താല്പര്യം കണക്കിലെടുത്താൽ….” അയാൾ ചുമൽ ഒന്ന് വെട്ടിച്ചു. “ടർക്കിന്റെയും ഷെപ്പിലോവിന്റെയും കാര്യത്തിൽ ഒരു തീരുമാനമായി എന്ന് പറയുന്നതായിരിക്കും ശരി…”
“എന്തിനധികം, അത്രയും സീനിയറായ നിക്കോളായ് ബെലോവിന് പോലും ഇത് തരണം ചെയ്യുകയെന്നത് അത്ര എളുപ്പമായിരിക്കില്ല…” ഫെർഗൂസൺ പറഞ്ഞു.
“അപ്പോൾ, എന്താണിനി അടുത്ത പരിപാടി…?” അവൾ ആരാഞ്ഞു. “പ്രൊഫസർ ഡെവ്‌ലിനെ കാണുകയെന്നതാണോ…?”
“അതെ… പക്ഷേ, അതിന് ഡബ്ലിനിലേക്ക് പറക്കേണ്ടതുണ്ട്… എനിക്കറിയാം, നിങ്ങൾ ഇന്ന് നിലത്ത് കാൽ കുത്തിയിട്ടേയില്ലെന്ന്… പക്ഷേ, സമയം അമൂല്യമാണ്… വിരോധമില്ലെങ്കിൽ ഇന്ന് ഉച്ചതിരിഞ്ഞുള്ള ഫ്ലൈറ്റിൽ പോകാമോ നിങ്ങൾക്ക്…? ക്യാപ്റ്റൻ ഫോക്സും ഉണ്ടാകും നിങ്ങളോടൊപ്പം… ഡബ്ലിൻ എയർപോർട്ടിൽ നിങ്ങളെ സ്വീകരിക്കാൻ ഡെവ്‌ലിനെ ഏർപ്പാടാക്കാം…”
അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. “എപ്പോഴാണ് നാം പുറപ്പെടുന്നത്…?”
***
“വൈകിട്ടത്തെ പ്ലെയിനിനോ…?” ഡെവ്‌ലിൻ ചോദിച്ചു. “തീർച്ചയായും… ഞാൻ എയർപോർട്ടിൽ എത്തിക്കോളാം… നോ പ്രോബ്ലം…”
“തിരിച്ചറിയലിനു വേണ്ടിയുള്ള ഫോട്ടോസും മറ്റു രേഖകളും എല്ലാം അവളെ കാണിക്കുവാൻ വേണ്ടി മക്ഗിനസുമായുള്ള മീറ്റിങ്ങ് നിങ്ങൾ ഏർപ്പാടാക്കില്ലേ…?”
“ഐ വിൽ ടേക്ക് കെയർ ഓഫ് ഇറ്റ്…” ഡെവ്‌ലിൻ പറഞ്ഞു.
“സമയം കളയാതെ എല്ലാം പെട്ടെന്നായിക്കോട്ടെ…” ഫെർഗൂസൺ ഡെവ്‌ലിനോട് പറഞ്ഞു.
“അത്ഭുതവിളക്കിലെ ഈ ജീനി എല്ലാം കേൾക്കുന്നു, മനസ്സിലാക്കുന്നു, അനുസരിക്കുന്നു…” ഡെവ്‌ലിൻ ചിരിച്ചുകൊണ്ടു പറഞ്ഞു. “നൗ ലെറ്റ് മീ ടോക്ക് റ്റു ഹെർ…”
ഫെർഗൂസൺ ഫോൺ അവൾക്ക് കൈമാറി. “പ്രൊഫസർ ഡെവ്‌ലിൻ, എന്തൊക്കെയാണ് സംഭവിക്കുന്നത്…?” അവൾ ചോദിച്ചു.
“അല്പം മുമ്പ് പാരീസിൽ നിന്നും ഒരു വാർത്ത കേട്ടു… മൊണാലിസ മനം നിറഞ്ഞ് മന്ദഹസിക്കുന്നുവത്രെ… സീ യൂ സൂൺ…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
പറഞ്ഞത് പോലെ നിലത്ത് കാലു കുത്താൻ സാവകാശം ഇല്ലല്ലോ
ReplyDeleteഅതേന്ന്... ആ കൊച്ച് ഇത്രയും കഷ്ടപെട്ട് ബുദ്ധിമുട്ടി ഒരു വിധത്തിൽ വന്നിറങ്ങിയതേയുള്ളൂ... അപ്പോൾ ദാ ഡബ്ലിനിലേക്ക് പറഞ്ഞു വിടുന്നു...
Deleteഅത്ഭുതവിളക്കിലെ ജീനി !!! കുന്തം ..
ReplyDeleteഇത് വരേം നമ്മുടെ കഥാനായകൻ ഫോൺ ചോർത്തുന്നത് മനസ്സിലാക്കിയില്ലലോ പ്രിയ ഡെവ്‌ലിൻ...
അത് കലക്കി... ഉണ്ടാപ്രി പറഞ്ഞത് ശരിയാ... സ്വന്തം ഫോൺ ചോരുന്ന കാര്യം അറിയില്ല... ഡെവ്‌ലിനാത്രെ ഡെവ്‌ലിൻ...!
Deleteഡോണ്ടു ബോയ്സ്, ഡോണ്ടു.. ഒരബദ്ധമൊക്കെ ഏത് ഡെവ്‌ലിനും പറ്റും.. എന്നാലും ഇങ്ങനെ ആക്ഷേപിക്കരുത്..
Deleteഒരബദ്ധം... ങ്ഹാ... സമ്മതിച്ചു കൊടുത്തേക്കാം... മ്മ്ടെ ഡെവ്‌ലിനല്ലേ... പോട്ടെന്ന് വയ്ക്കാം...
Deleteഅല്ല, നമ്മുടെ കൊച്ചിനെ സ്വീകരിക്കാൻ ഹീത്രൂവിൽ വരാമെന്ന് പറഞ്ഞിട്ട്...?
ഒരബദ്ധം ഒക്കെ ആണെങ്കിൽ പോട്ടെന്നു വെക്കാം
Deleteഇതിപ്പം കുറെ ആയല്ലോ ..
ആ.. ഉറ്റ ചങ്ങായി പണി തന്നാൽ കണ്ടു പിടിക്കാൻ കുറച്ചു പാടാ ..
@ഉണ്ടാപ്രി : അത് പോയിന്റ്...
DeleteTony Villiers - hell on wheels!!
ReplyDeleteടോണിച്ചായൻ തകർക്കുന്ന മട്ടുണ്ട്.
ബൈദുബൈ, ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ടാണ് 'അർജന്റീന' കേട്ടിട്ടുള്ളത്. ലവന്മാർക്ക് യുദ്ധത്തിലും പിടിപാടുണ്ടോ!!
ടോണി വില്ലേഴ്സിനെ ഓർമ്മയില്ലേ...? ഒമാനിൽ നിന്നും എല്ലാത്തിനെയും അടിച്ച് നിരപ്പാക്കി വിക്ടർ ലെവിനെയും കൊണ്ട് ജീപ്പിൽ രക്ഷപെട്ട സംഭവം...?
Deleteബ്രിട്ടൻ - അർജന്റീന യുദ്ധം ഓർമ്മയില്ലേ...? ഫാക്‌ലണ്ട് ഐലന്റ്സിന് വേണ്ടി...? എൺപതുകളിൽ...?
ഒന്നിരിക്കാൻ സമയമില്ല. പാവം കൊച്ച് 😉
ReplyDeleteകുഖോളിനെ എത്രയും പെട്ടെന്ന് തിരിച്ചറിയുക എന്നതാണല്ലോ ലക്ഷ്യം...
Delete