ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
താന്യയുടെ കൈമുട്ടിൽ പിടിച്ചുകൊണ്ട് അലക്സ് മാർട്ടിൻ ആ കടൽപ്പാലത്തിലൂടെ L’Alouette യുടെ നേർക്ക് നടന്നു. ആ രണ്ട് റഷ്യക്കാരും തൊട്ടുപിറകിൽത്തന്നെയുണ്ടായിരുന്നു. റെയിലിന് മുകളിലൂടെ ബോട്ടിന്റെ ഡെക്കിലേക്ക് കയറുവാൻ മാർട്ടിൻ അവളെ സഹായിച്ചു. ഭയംകൊണ്ട് അവളുടെ ദേഹം വിറയ്ക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
ടർക്കിൻ ഇടനാഴിയിലേക്കുള്ള വാതിൽ തുറന്നു. “താഴേക്ക് ചെല്ലൂ… രണ്ടുപേരും…” തൊട്ടുപിന്നിൽ നീട്ടിയ തോക്കുമായി അനുഗമിക്കുന്ന ടർക്കിൻ പറഞ്ഞു. സലൂണിൽ എത്തിയതും അയാൾ മാർട്ടിനോട് പറഞ്ഞു. “നിൽക്കൂ…! ആ മേശയിൽ ഇരുകൈകളും വച്ച് അനങ്ങാതെ നിൽക്കുക…” എന്നിട്ട് താന്യയുടെ നേർക്ക് തിരിഞ്ഞു. “നിങ്ങൾ അവിടെ താഴെ ഇരിക്കൂ…”
കൈയിൽ തോക്കുമായി ഷെപ്പിലോവ് അവർക്കരികിൽ നിന്നു. താന്യയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. “പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക… അത് വെറുതെയാവില്ല…” അലക്സ് അവളെ സമാധാനിപ്പിച്ചു.
“നിങ്ങൾ ഇംഗ്ലീഷുകാർ പൊട്ടന്മാരാണെന്ന് പറയുന്നത് വെറുതെയല്ല…” അലക്സിന്റെ ദേഹമാസകലം പരിശോധന നടത്തവെ ടർക്കിൻ പറഞ്ഞു. “നിങ്ങളൊന്നും ഒന്നുമല്ല… ഇന്നലത്തെ വാർത്ത കണ്ടില്ലേ… അവിടെ സൗത്ത് അറ്റ്‌ലാന്റിക്കിൽ ആ അർജന്റീനക്കാർ നിങ്ങളെ തകർത്തെറിയുവാൻ ഇനി അധികമൊന്നും കാത്തിരിക്കണ്ട…” അയാൾ അലക്സിന്റെ ജാക്കറ്റിന്റെ പിൻഭാഗം ഉയർത്തി അവിടെ ഒളിപ്പിച്ചിരുന്ന എയർവെയ്റ്റ് ഗൺ പുറത്തെടുത്തു. “ഇതു കണ്ടോ…?” അയാൾ ഷെപ്പിലോവിനെ വിളിച്ചു കാണിച്ചു. “എത്ര അപരിഷ്കൃതരാണെന്ന് നോക്കൂ… അപ്പുറത്ത് കുറച്ച് ചരട് കിടക്കുന്നത് കണ്ടിരുന്നു… അതെടുത്തുകൊണ്ടു വരൂ…”
ഷെപ്പിലോവ് പെട്ടെന്ന് തന്നെ ചരടുമായി തിരിച്ചെത്തി. “എന്നെ പുറംകടലിൽ തള്ളാനായിരിക്കും പ്ലാൻ…?” മാർട്ടിൻ ചോദിച്ചു.
“എന്ന് കൂട്ടിക്കോളൂ…” ടർക്കിൻ ഷെപ്പിലോവിന് നേർക്ക് തിരിഞ്ഞു. “ഇയാളെ വരിഞ്ഞ് കെട്ടിക്കോളൂ… നമുക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കണം… ഞാൻ പോയി എഞ്ചിൻ സ്റ്റാർട്ട് ചെയ്യട്ടെ…”
അയാൾ ഇടനാഴിയിലൂടെ മുകളിലേക്ക് പോയി. താന്യയുടെ വിറയൊലൊക്കെ ശമിച്ചിരുന്നു. എങ്കിലും വിളറി വെളുത്ത ആ മുഖത്ത് നിരാശയും കോപവുമെല്ലാം നിറഞ്ഞിട്ടുണ്ട്. ഒരു നിമിഷം അവളെ നോക്കി മാർട്ടിൻ തന്റെ തലയൊന്ന് വെട്ടിച്ചു. അത് കണ്ട ഷെപ്പിലോവ് തന്റെ കാൽമുട്ടു കൊണ്ട് അയാളുടെ പിൻഭാഗത്ത് ഒരു കനത്ത പ്രഹരമേൽപ്പിച്ചു… സൈലൻസറിന്റെ കുഴൽ തന്റെ നട്ടെല്ലിന് മുകളിൽ ചേർത്ത് വച്ചിരിക്കുന്നത് മാർട്ടിന് അറിയാൻ കഴിയുന്നുണ്ടായിരുന്നു. “കൈകൾ പിറകിൽ ചേർത്തുപിടിച്ച് എഴുന്നേറ്റ് വരൂ… എന്നിട്ട് ഇയാളുടെ കൈകൾ കൂട്ടിക്കെട്ടൂ…” ഷെപ്പിലോവ് താന്യയോട് പറഞ്ഞു.
“അവർ നിങ്ങളെ ഒരു വകയും പഠിപ്പിക്കുന്നില്ല അല്ലേ…? എതിരാളിയോട് തൊട്ടുചേർന്ന് നിൽക്കാൻ പാടില്ലെന്ന് പോലും അറിയില്ലെന്ന് വച്ചാൽ…” മാർട്ടിൻ പറഞ്ഞു.
തൊട്ടടുത്ത നിമിഷം മാർട്ടിൻ ഇടതുഭാഗത്തേക്ക് വെട്ടിത്തിരിഞ്ഞ് തോക്കിൻകുഴലിൽ നിന്നും ഒഴിഞ്ഞു മാറി. ഷെപ്പിലോവിന്റെ വിരൽ കാഞ്ചിയിൽ അമർന്നു. പതിഞ്ഞ ശബ്ദത്തോടെ ഒന്ന് തുമ്മിയ തോക്കിൽ നിന്നും പുറത്തുവന്ന വെടിയുണ്ട ആ റൂമിന്റെ ചുമരിൽ തുളഞ്ഞു കയറി. ഒരു മാത്ര പോലും വൈകാതെ മാർട്ടിൻ ആ റഷ്യക്കാരന്റെ തോക്കേന്തിയ കൈയിൽ കയറിപ്പിടിച്ച് മുകളിലേക്കുയർത്തി ഒന്ന് തിരിച്ചു. വേദന സഹിക്കാനാവാതെ ഷെപ്പിലോവ് തോക്ക് താഴെയിട്ടു. ഒപ്പം തന്നെ മാർട്ടിന്റെ ചുരുട്ടിപ്പിടിച്ച ഇടതുകൈ മുഷ്ടി ഒരു കൂടം കണക്കെ അയാളുടെ ഭുജത്തിൽ പതിച്ചു.
അലറിക്കരഞ്ഞു കൊണ്ട് ഷെപ്പിലോവ് മുട്ടുകുത്തി താഴേക്കിരുന്നു. അയാളുടെ കൈയിൽ നിന്നും താഴെ വീണ തോക്ക് മാർട്ടിൻ കുനിഞ്ഞെടുത്തു. അപ്രതീക്ഷിതമായാണ് ഷെപ്പിലോവിന്റെ മറുകൈ ഉയർന്നതും സ്പ്രിങ്ങ് നൈഫിന്റെ തിളക്കം ശ്രദ്ധയിൽപ്പെട്ടതും. ആ കുത്ത് തടഞ്ഞുവെങ്കിലും കൈമുട്ടിന് മുകളിലായി മിന്നൽ പോലൊരു വേദന അനുഭവപ്പെട്ടത് മാർട്ടിൻ അറിഞ്ഞു. കത്തി കൊണ്ട് വരഞ്ഞ ഭുജത്തിലെ മുറിവിൽ നിന്നും രക്തം കിനിഞ്ഞു വരുന്നത് അയാൾ കണ്ടു. മാർട്ടിൻ മുഷ്ടി ചുരുട്ടി അയാളുടെ താടിയെല്ല് നോക്കി കനത്ത ഒരു പ്രഹരമേൽപ്പിച്ചു. ഒപ്പം ആ കത്തി ചവിട്ടിത്തെറിപ്പിച്ച് സീറ്റിനടിയിലേക്ക് തട്ടി വിടുകയും ചെയ്തു.
അപ്പോഴേക്കും താന്യ എഴുന്നേറ്റു കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ചടുലഗതിയിലുള്ള പാദപതനം ഡെക്കിന് മുകളിൽ കേട്ടത്. “ഇവാൻ…?” ടർക്കിൻ വിളിച്ചു.
താന്യയുടെ നേർക്ക് ചുണ്ടിൽ വിരൽ വച്ച് നിശ്ശബ്ദത പാലിക്കുവാൻ ആംഗ്യം കാണിച്ചിട്ട് മാർട്ടിൻ ഇടനാഴിയിലേക്ക് കുതിച്ചു. അവിടെ നിന്നും ബോട്ടിന്റെ മുൻഭാഗത്തെ അറയിലേക്ക് ചെറിയൊരു ലാഡർ ഉണ്ടായിരുന്നു. അതിൽ പിടിച്ചു കയറിയ അയാൾ ഡെക്കിലെത്തിയപ്പോഴേക്കും ടർക്കിൻ ഇടനാഴിയിലേക്ക് ഇറങ്ങുന്നത് കണ്ടു.
പെട്ടെന്നാണ് മഴ പെയ്യുവാൻ തുടങ്ങിയത്. അകമ്പടിയായി കടലിൽ നിന്നും അരിച്ചെത്തുന്ന മൂടൽമഞ്ഞും. ടർക്കിൻ താഴേക്കിറങ്ങിപ്പോയ വാതിലിന് നേർക്ക് ശബ്ദമുണ്ടാക്കാതെ മാർട്ടിൻ നീങ്ങി. ഇടനാഴിയിൽ എത്തിയ ടർക്കിൻ വലതു കൈയിൽ തോക്കുമായി ജാഗ്രതതോടെ സലൂണിലേക്ക് നോക്കിക്കൊണ്ട് നിന്നു. നേരിയ ശബ്ദം പോലും ഉണ്ടാക്കാതെ അയാളെ ശ്രദ്ധിച്ചുകൊണ്ട് നിന്ന മാർട്ടിൻ തോക്ക് നീട്ടി അയാളുടെ വലതുകൈയിലേക്ക് നിറയൊഴിച്ചു. അലറിക്കരഞ്ഞു കൊണ്ട് തോക്ക് താഴെയിട്ട ടർക്കിൻ വേച്ചുവേച്ച് സലൂണിലേക്ക് നീങ്ങി. മാർട്ടിൻ ഇടനാഴിയിലേക്കിറങ്ങി.
താന്യയും ഓടിവന്ന് മാർട്ടിനൊപ്പം ചേർന്നു. ടർക്കിന്റെ കൈയിൽ നിന്നും താഴെ വീണ തോക്ക് എടുത്ത് മാർട്ടിൻ പോക്കറ്റിൽ തിരുകി. വെടിയേറ്റ വലതുകൈ അമർത്തിപ്പിടിച്ചുകൊണ്ട് ടർക്കിൻ മേശമേൽ ചാരി നിന്ന് രോഷത്തോടെ മാർട്ടിനെ നോക്കി. എഴുന്നേൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഷെപ്പിലോവ് ഒരു ഞരക്കത്തോടെ ബെഞ്ചിലേക്ക് കുഴഞ്ഞു വീണു. ടർക്കിനെ തിരിച്ചു നിർത്തിയിട്ട് അയാളുടെ പോക്കറ്റുകൾ പരിശോധിച്ച മാർട്ടിൻ തന്നിൽ നിന്നും അപഹരിച്ച തോക്ക് കണ്ടെടുത്തു. എന്നിട്ട് അയാളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.
“നോക്കൂ, ഞാൻ വളരെ ശ്രദ്ധയോടെയാണ് നിറയൊഴിച്ചത്…” മാർട്ടിൻ പറഞ്ഞു. “തൽക്കാലം നിങ്ങൾ മരിക്കാനൊന്നും പോകുന്നില്ല… ഈ ബോട്ട് ആരുടേതാണെന്ന് എനിക്കറിയില്ല… എന്തായാലും ഇതുമായി കടന്നു കളയാനാണല്ലോ നിങ്ങൾ ഇരുവരും തീരുമാനിച്ചിരുന്നത്… അതു തന്നെയായിരിക്കും ഇനി നല്ലതും… ഞങ്ങളുടെ ആൾക്കാരുടെ മുന്നിൽ വെറുതെ നാണം കെടാൻ നിൽക്കാതെ പെട്ടെന്ന് പോകാൻ നോക്ക്… മാത്രവുമല്ല, മോസ്കോയിൽ അവർക്ക് നിങ്ങളെ ആവശ്യവുമുണ്ടാകും… എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം…”
“ബാസ്റ്റർഡ്…!” പീറ്റർ ടർക്കിൻ ശപിച്ചു.
“ഈ വനിതയുടെ മുന്നിൽ വച്ച് അസഭ്യം പറയരുത്…” അലക്സ് മാർട്ടിൻ പറഞ്ഞു. താന്യാ വൊറോണിനോവയെയും കൊണ്ട് ഇടനാഴിയിലൂടെ ഡെക്കിലേക്ക് നടക്കവെ ഒരു നിമിഷം മാർട്ടിൻ തിരിഞ്ഞു നിന്നു. “ഞാനൊരു കാര്യം പറയട്ടെ, ബെൽഫാസ്റ്റിൽ ആയിരുന്നുവെങ്കിൽ നിങ്ങൾ ഇരുവരും ഒരു രാത്രി പോലും തരണം ചെയ്യുമായിരുന്നില്ല…” ഇതിനോടകം ഡെക്കിൽ എത്തിക്കഴിഞ്ഞിരുന്ന താന്യയുടെ അടുത്തേക്ക് മാർട്ടിൻ നടന്നു.
കാറിനരികിൽ എത്തിയതും അലക്സ് മാർട്ടിൻ തന്റെ ജാക്കറ്റ് അഴിച്ചു മാറ്റി. കൈമുട്ടിന് മുകളിലെ മുറിവിൽ നല്ല പുകച്ചിൽ. ഷർട്ടിന്റെ കൈയിൽ രക്തം പുരണ്ടിരിക്കുന്നു. പോക്കറ്റിൽ നിന്നും ഹാൻഡ്കർച്ചീഫ് എടുത്ത് അയാൾ അവൾക്ക് നീട്ടി. “എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കുന്നതിൽ വിരോധമുണ്ടോ…?”
അവൾ അത് വാങ്ങി ആ മുറിവിന് മുകളിൽ വരിഞ്ഞു കെട്ടി. “എന്തൊരു മനുഷ്യനാണ് നിങ്ങൾ…?”
“വെൽ… മൊസാർട്ട് സിംഫണിയാണ് എനിക്കിഷ്ടം…” ജാക്കറ്റ് ധരിച്ചു കൊണ്ട് മാർട്ടിൻ പറഞ്ഞു. “അതാ, അങ്ങോട്ടൊന്ന് നോക്കൂ…”
ദൂരെ, മറീനയുടെ ഔട്ടർ എഡ്ജിൽ ഹാർബറിൽ നിന്നും പുറത്തേക്ക് നീങ്ങുന്ന L’Alouette. “അവർ പോകുകയാണല്ലോ…” താന്യ പറഞ്ഞു.
“പാവങ്ങൾ…” മാർട്ടിൻ പറഞ്ഞു. “ഇനി അവരുടെ പോസ്റ്റിങ്ങ് മിക്കവാറും ഗുലാഗിൽ (സോവിയറ്റ് യൂണിയനിലെ ലേബർക്യാമ്പ്) ആയിരിക്കും…” പാസഞ്ചർ സീറ്റിൽ അവളെ ഇരുത്തിയിട്ട് മാർട്ടിൻ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. “എന്നാലിനി നേരെ എയർപോർട്ടിലേക്ക് പോകുകയല്ലേ…?”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
മാർട്ടിൻ ഞെട്ടിച്ചു
ReplyDeleteസത്യം... ഇത്രയും മിടുക്കനാണ് മാർട്ടിൻ എന്ന് ഞാനും കരുതിയില്ല...
Deleteമാർട്ടിൻ പ്രതീക്ഷ കാത്തു.. എന്നാ നേരെ എയർപോർട്ടിലേക്ക് വിട്ടോ, പെട്ടെന്നാട്ടെ..
ReplyDeleteമാർട്ടിൻ ആരാ മോൻ...! ഞങ്ങൾ കൊച്ചിനെ ലണ്ടൻ ഫ്ലൈറ്റിൽ കയറ്റി വിടുന്നുണ്ട്... ഹീത്രുവിൽ സ്വീകരിക്കാനായി ജിമ്മനും ഉണ്ടാവുമല്ലോ ല്ലേ...?
Deleteപിന്നല്ല !! എനിക്കറിയമായിരുന്നു അലക്സ് ഏട്ടൻ പുലി ആണെന്ന്.
ReplyDeleteഅലക്സ് മാർട്ടിൻ ശരിയ്ക്കും പുലി തന്നെ... നിങ്ങൾ തമ്മിൽ അപ്പോൾ നേരത്തേയുള്ള പരിചയമാണല്ലേ... അങ്ങനെ വരട്ടേ...
Deleteചടുലമായ നീക്കങ്ങൾ.. മാർട്ടിൻ താരം തന്നെ
ReplyDeleteമാർട്ടിനെ ഏർപ്പാടാക്കിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ഒന്നാലോചിച്ചു നോക്കിക്കേ...
Deleteമാർട്ടിൻ തകർത്തു 👍
ReplyDeleteഎങ്ങനെ തകർക്കാതിരിക്കും...?
Delete