Wednesday, May 1, 2024

കൺഫെഷണൽ – 62

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്ലാസ്ഗോ എയർപോർട്ടിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും ആ പോലീസ് വാഹനം പുറത്തേക്ക് കടന്നു. “എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ മുപ്പത്തിയഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് അവിടെയെത്തണം അതുകൊണ്ട് ചവിട്ടി വിട്ടോളൂ” ചീഫ് ഇൻസ്പെക്ടർ ട്രെന്റ് കാറിന്റെ ഡ്രൈവറോട് പറഞ്ഞു. ഡെവ്‌ലിനും ഹാരി ഫോക്സും പിൻസീറ്റിൽ ആണ് ഇരുന്നിരുന്നത്. ട്രെന്റ് അവർക്ക് നേരെ തിരിഞ്ഞു. “യാത്ര എങ്ങനെയുണ്ടായിരുന്നു?”

 

“പെട്ടെന്ന് തന്നെ എത്താൻ പറ്റി എന്നതാണ് മുഖ്യം” ഫോക്സ് പറഞ്ഞു. “എന്താണ് ഏറ്റവും പുതിയ വിവരങ്ങൾ?”

 

“ക്യുസെയ്ൻ വീണ്ടും തല പൊക്കിയിയിരുന്നു ഗാലോവേ കുന്നുകളിലെ ഒരു ജിപ്സി ക്യാമ്പിൽ നിങ്ങൾ ലാന്റ് ചെയ്യുന്നതിന് അല്പം മുമ്പ് കാറിലെ റേഡിയോയിൽ കേട്ടതാണ്

 

“എന്നിട്ട് പിന്നെയും രക്ഷപെട്ടു കാണും?” ഡെവ്‌ലിൻ ചോദിച്ചു.

 

“അതെ, നിർഭാഗ്യവശാൽ

 

“അങ്ങനെയൊരു ദുഃസ്വഭാവമുണ്ട് അയാൾക്ക്

 

“ഡൺഹില്ലിലേക്കാണ് നിങ്ങൾക്ക് പോകേണ്ടതെന്നല്ലേ പറഞ്ഞത്? നമ്മളിപ്പോൾ നേരെ ഗ്ലാസ്ഗോ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കാണ് പോകുന്നത് മെയിൻ റോഡ് ഇപ്പോഴും വെള്ളത്തിനടിയിലാണ് ഗ്ലാസ്ഗോയിൽ നിന്നുള്ള ലണ്ടൻ എക്സ്പ്രസ്സിൽ നമുക്ക് കയറാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് ഞാൻ അവർ നമ്മെ ഡൺഹില്ലിൽ ഇറക്കും ക്യുസെയ്നെ പിടികൂടിയ ആ പോലീസ് സെർജന്റ് ബ്രോഡിയെയും അവിടെ നിന്ന് നമുക്ക് ഒപ്പം കൂട്ടാം അയാളുടെ കസ്റ്റഡിയിൽ നിന്നാണ് ക്യുസെയ്ൻ ചാടിപ്പോയതെങ്കിലും ആ പ്രദേശത്തൊക്കെ നല്ല പരിചയമുണ്ട് അയാൾക്ക് അത് നമുക്ക് പ്രയോജനപ്പെടുത്താനാകും

 

“ഫൈൻ” ഡെവ്‌ലിൻ പറഞ്ഞു. “അപ്പോൾ അക്കാര്യത്തിൽ ഇനി തലപുകയേണ്ട കാര്യമില്ലെന്ന് തോന്നുന്നു പിന്നെ, നിങ്ങളുടെ കൈയിൽ ആയുധമൊക്കെ ഉണ്ടല്ലോ അല്ലേ?”

 

“യെസ് ശരിയ്ക്കും നാം എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ അറിയുന്നതിൽ വിരോധമുണ്ടോ?” ട്രെന്റ് ചോദിച്ചു.

 

“ഡൺഹില്ലിൽ നിന്നും അധികം ദൂരെയല്ലാത്ത ലാർവിക്ക് എന്ന ഗ്രാമത്തിലേക്ക്” ഫോക്സ് പറഞ്ഞു. “അവിടെ ഒരു ഫാം ഉണ്ട് കുറ്റവാളികൾക്ക് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന ഒരു അധോലോകം തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം നമ്മുടെ ക്യുസെയ്ൻ അവിടെത്തന്നെയുണ്ടാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ

 

“അങ്ങനെയാണെങ്കിൽ ഞാൻ ലോക്കൽ പോലീസിന്റെ സഹായം കൂടി ഏർപ്പാടാക്കട്ടെ?”

 

“നോ  ഡെവ്‌ലിൻ പറഞ്ഞു. “നാം സംശയിക്കുന്ന ആ ഫാം ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് കൂടുതൽ ആളുകളുടെ നീക്കം – അത് യൂണിഫോമിലായാലും അല്ലെങ്കിലും അവരുടെ ശ്രദ്ധയിൽ പെടും നാം തേടുന്നയാൾ അവിടെയുണ്ടെങ്കിൽ അയാൾക്ക് രക്ഷപെടാൻ ഒരിക്കൽക്കൂടി അവസരമൊരുക്കുകയേ ഉള്ളൂ അത്

 

“അങ്ങനെ നാം അയാളെ പിടികൂടാൻ പോകുന്നു” ട്രെന്റ് പറഞ്ഞു.

 

തല കുലുക്കിയ ഫോക്സിന് നേരെ ഒന്ന് നോക്കിയിട്ട് ഡെവ്‌ലിൻ ട്രെന്റിന് നേർക്ക് തിരിഞ്ഞു. “മിനിഞ്ഞാന്ന് രാത്രി അയർലണ്ടിന്റെ സമുദ്രാതിർത്തിയിൽ വച്ച് മൂന്ന് പ്രൊവിഷണൽ IRA പ്രവർത്തകർ ഇയാളെ വകവരുത്താൻ ശ്രമിച്ചിരുന്നു എന്നാൽ ആ മൂന്നു പേരും യാത്രയായി, പരലോകത്തേക്ക്

 

“ഗുഡ് ഗോഡ്!”

 

“എക്സാക്റ്റ്‌ലി പിടികൂടുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ കുറച്ച് സഹപ്രവർത്തകരെയും അയാൾ അങ്ങോട്ട് അയയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല അതുകൊണ്ട്, ഞങ്ങൾ പറയുന്നത് പോലെ നീങ്ങുന്നതായിരിക്കും ബുദ്ധി, ചീഫ് ഇൻസ്പെക്ടർ” ഹാരി ഫോക്സ് പറഞ്ഞു. “ബിലീവ് മീ

 

                                                      ***

 

ഗ്ലെൻഡുവിന് സമീപമുള്ള കുന്നിൻമുകളിലെ നനഞ്ഞ പുൽമേട്ടിൽ ഇരുന്നുകൊണ്ട് ക്യുസെയ്നും മൊറാഗും താഴ്‌വാരത്തിലേക്ക് നോക്കി. അങ്ങോട്ട് എത്തുവാനുള്ള കാട്ടുപാത പലയിടത്തും കാടുകയറി അപ്രത്യക്ഷമായിട്ടുണ്ട്. അത് എന്തുതന്നെയായാലും ശരി, ജീപ്പ് ഇവിടെ എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിട്ട് നടന്നു പോകുന്നതായിരിക്കും ബുദ്ധി എന്ന് ക്യുസെയ്ന് തോന്നി. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ രക്ഷപെടാൻ എളുപ്പമാകും. മൺഗോ സഹോദരന്മാർ ഈ ജീപ്പിനെക്കുറിച്ച് അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്.

 

“അവിടം കണ്ടിട്ട് ഞങ്ങളെക്കാൾ ദാരിദ്ര്യം ആണെന്ന് തോന്നുന്നല്ലോ” മൊറാഗ് അത്ഭുതപ്പെട്ടു.

 

അവൾ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല. മേൽക്കൂരയില്ലാത്ത ഒരു ധാന്യപ്പുര. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ ഭൂരിഭാഗവും കാണാനില്ല. കെട്ടിടത്തിനു ചുറ്റുമുള്ള പരിസരം എമ്പാടും മഴവെള്ളം കെട്ടിക്കിടക്കുന്ന ചെറുകുഴികൾ. ടയറുകൾ ഇല്ലാത്ത ഒരു ട്രക്കും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രാക്ടറും ഒരു മൂലയ്ക്ക് അനാഥമായി കിടക്കുന്നുണ്ട്.

 

ഭയം ഗ്രസിച്ചത് പോലെ ആ പെൺകുട്ടി പൊടുന്നനെ ഞെട്ടി വിറച്ചു. “എന്തോ, എനിക്ക് അപകടം മണക്കുന്നു ആ പ്രദേശം അത്ര ശരിയല്ല

 

ക്യുസെയ്ൻ എഴുന്നേറ്റ് തന്റെ ബാഗ് കൈയിലെടുത്തു. പിന്നെ പോക്കറ്റിൽ നിനും സ്റ്റെച്ച്കിൻ പിസ്റ്റൾ പുറത്തെടുത്തു. “ഇത് നീ കണ്ടില്ലേ? ഭയപ്പെടാനൊന്നുമില്ല എന്നെ വിശ്വസിക്കൂ

 

“തീർച്ചയായും” അവൾക്ക് ആത്മവിശ്വാസം കൈവന്നത് പോലെ തോന്നി. “തീർച്ചയായും നിങ്ങളിലെനിക്ക് വിശ്വാസമുണ്ട്

 

അയാളുടെ കൈമുട്ടിന് മുകളിൽ മുറുകെ പിടിച്ച് കൊണ്ട് അയാൾക്കൊപ്പം ആ ഫാം ലക്ഷ്യമാക്കി അവൾ കുന്നിറങ്ങുവാൻ തുടങ്ങി.

 

                                                  ***

 

ഹെക്ടർ മൺഗോ അന്ന് രാവിലെ തന്നെ വാഹനവുമായി ലാർവിക്കിലേക്ക് പോയിരുന്നു. മിക്കവാറും എല്ലാ സാധനങ്ങളുടെയും സ്റ്റോക്ക് തീർന്നിരുന്നുവെങ്കിലും ഒറ്റ സിഗരറ്റ് പോലും ഇല്ലാതായപ്പോഴാണ് അയാൾ മാർക്കറ്റിൽ പോകാൻ തീരുമാനിച്ചത്. പന്നിയിറച്ചി, കോഴിമുട്ട, ടിന്നിലടച്ച വിവിധ തരം ഭക്ഷണ പദാർത്ഥങ്ങൾ, ഒരു കാർട്ടൻ സിഗരറ്റ്, ഒരു ബോട്ട്‌ൽ സ്കോച്ച് എന്നിവ വാങ്ങിയതിന് ശേഷം ഷോപ്പ് ഉടമയായ വൃദ്ധയോട് അതിന്റെയെല്ലാം കണക്ക് എഴുതി വച്ചുകൊള്ളാൻ പറഞ്ഞു. മൺഗോ സഹോദരന്മാരെ ഭയമായിരുന്നത് കൊണ്ട് അയാളെ അനുസരിക്കുക മാത്രമേ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ. അവർക്ക് മാത്രമല്ല, ആ നാട്ടിലെ സകലർക്കും ഭയമായിരുന്നു മൺഗോ സഹോദരന്മാരെ. ന്യൂസ്പേപ്പർ സ്റ്റാൻഡിൽ നിന്നും ഒരു പത്രവും വലിച്ചെടുത്ത് അയാൾ തന്റെ പഴയ വാനിൽ കയറി സ്വന്തം താവളത്തിലേക്ക് തിരിച്ചു.

 

ഒരു പഴയ ഫ്ലൈയിങ്ങ്  ജാക്കറ്റും തുണിത്തൊപ്പിയുമായിരുന്നു പരുക്കൻ മുഖമുള്ള ആ അറുപത്തിരണ്ടുകാരൻ ധരിച്ചിരുന്നത്. കുറ്റിരോമങ്ങൾ വളർന്നു നിൽക്കുന്ന ആ ഇരുണ്ട മുഖത്ത് ക്രൂരഭാവമാണ് മുന്നിട്ട് നിൽക്കുന്നത്. വാൻ മുറ്റത്ത് പാർക്ക് ചെയ്തിട്ട് സാധനങ്ങൾ വച്ചിരിക്കുന്ന കാർട്ടൺ എടുത്ത് അപ്പോഴും തോർന്നിട്ടില്ലാത്ത മഴയത്തു കൂടി ഓടിച്ചെന്ന് വാതിൽ ചവിട്ടിത്തുറന്നു.

 

ഒട്ടും അടുക്കും ചിട്ടയുമില്ലാതെ വൃത്തിഹീനമായിരുന്നു അടുക്കള. എച്ചിൽ നിറഞ്ഞ പാത്രങ്ങൾ സിങ്കിനുള്ളിൽ കുമിഞ്ഞു കൂടിക്കിടക്കുന്നു. അടുക്കളയിലെ മേശയ്ക്കരികിൽ തലയ്ക്ക് പിന്നിൽ കൈകൾ കെട്ടി വിജനതയിലേക്ക് കണ്ണും നട്ട് ചാരി ഇരിക്കുന്നുണ്ട് അയാളുടെ സഹോദരനായ ആംഗസ്. മുടി പറ്റെ വെട്ടിയ അയാളുടെ മുഖത്തെ വെളുത്ത മുറിപ്പാട് വലതുകണ്ണിന് മദ്ധ്യത്തിലൂടെ നെറ്റിയിലേക്ക് നീണ്ടിരിക്കുന്നു. ഹെക്ടറിനെപ്പോലെ തന്നെ ആരിലും ഭീതി ജനിപ്പിക്കുന്ന മുഖമായിരുന്നു ആ നാല്പത്തിയഞ്ചുകാരന്റേത്.

 

“നിങ്ങൾ പോയ വഴിയ്ക്ക് തുലഞ്ഞുപോയെന്നാണ് ഞാൻ കരുതിയത്” തന്റെ ജ്യേഷ്ഠൻ കൊണ്ടു വന്ന കാർട്ടണുള്ളിൽ പരതിയ അയാൾ വിസ്കി ബോട്ട്‌ൽ പുറത്തെടുത്ത് തുറന്ന് വലിയൊരു കവിൾ അകത്താക്കി. പിന്നെയാണ് അയാളുടെ കണ്ണുകൾ സിഗരറ്റ് കാർട്ടണിൽ പതിഞ്ഞത്.

 

“ബാസ്റ്റർഡ് കുഴിമടിയൻ” ഹെക്ടർ അവനെ ശകാരിച്ചു. “നിനക്ക് ആ സ്റ്റവ് എങ്കിലും ഒന്ന് കത്തിച്ചു കൂടേ?”

 

ജ്യേഷ്ഠനെ അവഗണിച്ച ആംഗസ് കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി അകത്താക്കിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി ന്യൂസ്പേപ്പർ എടുത്ത് നിവർത്തി. സിങ്കിന് സമീപത്ത് നിന്നും തീപ്പെട്ടിയെടുത്ത് ഗ്യാസ് സ്റ്റവിൽ തീ കൊളുത്തിയ ഹെക്ടർ ഒരു നിമിഷം പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് അങ്ങോട്ട് നടന്നടുക്കുന്ന ക്യുസെയ്നെയും മൊറാഗിനെയുമാണ്.

 

“നമുക്ക് വിരുന്നുകാരുണ്ടല്ലോ” ഹെക്ടർ പറഞ്ഞു.

 

ആംഗസ് അയാളുടെ അരികിൽ വന്ന് പുറത്തേക്ക് നോക്കി. അയാളുടെ മുഖം പെട്ടെന്ന് വലിഞ്ഞു മുറുകി. “ഒരു മിനിറ്റ്” അയാൾ ആ ന്യൂസ്പേപ്പർ ഡ്രൈയിൻ ബോർഡിന് മേൽ നിവർത്തിയിട്ടു. “അയാളെ കണ്ടാൽ ഈ പത്രത്തിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിലേത് പോലെയില്ലേ?”

 

പത്രത്തിലെ ഫോട്ടോയും വാർത്തയും നിമിഷനേരം കൊണ്ട് പരിശോധിച്ച ഹെക്ടർ പറഞ്ഞു. “ജീസസ്! ഇവൻ ശരിയ്ക്കും പ്രശ്നക്കാരൻ തന്നെ നല്ലൊരു ഇരയെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്

 

“മാളത്തിൽ നിന്നും പുറത്ത് വന്ന മറ്റൊരു ചുണ്ടെലി” പുച്ഛത്തോടെ ആംഗസ് പറഞ്ഞു. “ഇവിടെ വന്ന മറ്റു പലരെയും പോലെ കാര്യം കഴിഞ്ഞിട്ട് ഇവനെയും നമുക്ക് തട്ടാം

 

“അത് ശരിയാണ്” ഹെക്ടർ തല കുലുക്കി.

 

“പക്ഷേ, ആ പെൺകുട്ടിയെ കൊല്ലണ്ട” കൈയുടെ പിൻഭാഗം കൊണ്ട് ആംഗസ് ചുണ്ട് തുടച്ചു. “അവളെ മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു അവൾ എനിക്കുള്ളതാണ് കിഴവാ അതോർമ്മ വേണം വരൂ, അവരെ നമുക്ക് ഉള്ളിലേക്ക് ക്ഷണിയ്ക്കാം” ആംഗസ് പറഞ്ഞു.

 

അടുത്ത നിമിഷം വാതിൽക്കൽ മുട്ടുന്ന ശബ്ദം കേൾക്കാറായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

8 comments:

  1. അപ്പോ ആ മണഗുണാഞ്ചന്മാരുടെ (അഥവാ മൺഗോ ബ്രദഴ്സ്) കാര്യത്തിലും ഏറെക്കുറെ തീരുമാനമായി!!

    കാശ് കൊടുത്താലൊന്നും ഇവന്മാർ ഒതുങ്ങുന്ന മട്ടില്ല. കിട്ടാനുള്ളത് ചോദിച്ച് മേടിച്ചാലെ തൃപ്തിയാവൂ..

    ReplyDelete
    Replies
    1. ഒരു നടയ്ക്കൊന്നും പോവുന്ന ലക്ഷണമില്ല ജിമ്മാ...

      Delete
  2. എല്ലാവരും ഒരിടത്ത് തന്നെ എത്തിച്ചേർന്നാൽ സൗകര്യമായി 😇

    ReplyDelete
    Replies
    1. എങ്കിൽ കൂട്ടപ്പൊരിച്ചിലായിരിക്കും...

      Delete
  3. ശെടാ .. വേണ്ട വേണ്ട എന്ന് വെച്ചാലും ഇതിപ്പോ കെല്ലിക്ക് കൊല്ലാതെ വയ്യന്നാകുമല്ലോ .. ഓരോരോ തല്ലുകൊള്ളികൾ ചാകാൻ നിര നിരയായി വന്നാൽ പാവം കെല്ലി എന്ത് ചെയ്യും..
    കൊന്നു തള്ളു പാപ്പാ ..
    ഇതിനിടയിൽ ഡെവ്‌ലിൻ കൂടി എത്തും അല്ലെ..
    അതിയാൻ കെല്ലിയുടെ കൂടെ നിൽക്കുമോ അതോ ഈ മണ്ടൻമാരുടെ കൂടെ നിൽക്കുമോ ?

    ReplyDelete
    Replies
    1. ഡെവ്‌ലിനും സംഘവും എത്തും... എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് കണ്ടോളൂ...

      Delete
  4. പെൺകുട്ടിയ്ക്ക് ശക്തനായ ബോഡി ഗാർഡ് ഉണ്ടല്ലോ.. രക്ഷപ്പെടട്ടെ

    ReplyDelete