Wednesday, January 10, 2024

കൺഫെഷണൽ – 46

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 10

 

ഡൺ‌ഡാൽക് ഉൾക്കടലിന്റെ തെക്കൻ തീരത്ത് ക്ലോഗർ ഹെഡ്ഡിന് സമീപമുള്ള ബല്ലിവാൾട്ടറിനെ ഒരു തുറമുഖം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. ഒരു പബ്ബും ഏതാനും വീടുകളും അഞ്ചോ ആറോ മത്സ്യബന്ധന ബോട്ടുകളും ഉള്ള ഒരു ചെറിയ ഹാർബർ. ഡെവ്‌ലിൻ, ഫെർഗൂസണ് ഫോൺ ചെയ്ത് വിവരങ്ങളെല്ലാം അറിയിച്ചിട്ട് ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഹാരി ക്യുസെയ്ൻ തന്റെ BSA മോട്ടോർസൈക്കിളുമായി ഹാർബറിനെ അഭിമുഖീകരിച്ച് നിൽക്കുന്ന കുന്നിൻമുകളിലെ വനത്തിനുള്ളിലേക്ക് കയറി. വാഹനം സ്റ്റാൻഡിൽ വച്ചിട്ട് അല്പം മുന്നോട്ട് ചെന്ന് അയാൾ താഴെ ബല്ലിവാൾട്ടർ ഹാർബറിലേക്ക് നോക്കി. നിലാവെളിച്ചത്തിൽ എല്ലാം വ്യക്തമായി കാണാനാവുന്നുണ്ട്. തിരികെ മോട്ടോർസൈക്കിളിനരികിൽ ചെന്ന് ക്യാൻവാസ് ഹോൾഡോൾ അഴിച്ചെടുത്ത് തുറന്ന് കറുത്ത ഹാറ്റ് എടുത്ത് ഹെൽമറ്റിന് പകരം തലയിൽ വച്ചു.

 

കൈയിൽ ബാഗുമായി അയാൾ റോഡിലൂടെ താഴെ ഹാർബർ ലക്ഷ്യമാക്കി നടന്നു. അയാളുടെ ഉദ്ദേശ്യം അല്പം കൗശലം നിറഞ്ഞതായിരുന്നുവെങ്കിലും അത് പ്രാവർത്തികമായാൽ തികച്ചും ബുദ്ധിപരമായിരുന്നുവെന്ന് പറയേണ്ടി വരും. ചെസ്സ് കളിയിലെന്ന പോലെ തൊട്ടടുത്ത നീക്കം മാത്രമല്ല, മുന്നോട്ടുള്ള മൂന്ന് നീക്കങ്ങളായിരുന്നു അയാൾ മനസ്സിൽ കണ്ടത്. മരണത്തിലേക്കടുത്തു കൊണ്ടിരിക്കുന്ന ഡാനി മാലണിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപകാരപ്രദമാകുമോയെന്ന് പരീക്ഷിക്കാനുള്ള സമയമാണിത്.

 

                                                  ***

 

കഴിഞ്ഞ പതിനൊന്ന് വർഷമായി ബല്ലിവാൾട്ടറിലെ ഒരേയൊരു പബ്ബിന്റെ ഉടമയാണ് ഷോൺ ഡീഗൻ. ആ ഗ്രാമത്തിൽ നിയമപരമായി മദ്യപാനത്തിനുള്ള പ്രായമെത്തിയവർ വെറും നാല്പത്തിയൊന്ന് പേർ മാത്രമായിരുന്നു. പബ്ബ് കൊണ്ടു മാത്രം ജീവിതച്ചെലവുകൾ നടത്തിക്കൊണ്ടുപോകുക എന്നത് എളുപ്പമായിരുന്നില്ല അയാൾക്ക്. അതുകൊണ്ടു തന്നെ നാല്പത് അടി നീളമുള്ള മേരി മർഫി എന്നൊരു മോട്ടോർ ഫിഷിങ്ങ് ബോട്ടിലെ ക്യാപ്റ്റൻ ജോലിയും അയാൾ ചെയ്യുന്നുണ്ടായിരുന്നു. ഇതിനൊക്കെ പുറമേ, ഒരു IRA പ്രവർത്തകൻ കൂടിയായിരുന്നു ഷോൺ ഡീഗൻ. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് മൂന്നു വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് അൾസ്റ്ററിലെ ലോങ്ങ് കെഷ് ജയിലിൽ നിന്നും ഫെബ്രുവരിയിൽ പുറത്തിറങ്ങിയതേയുള്ളൂ അയാൾ. ഡെറിയിൽ വച്ച് രണ്ട് ബ്രിട്ടീഷ് സൈനികരെ വധിച്ചിട്ടുണ്ടെങ്കിലും അയാളാണ് അത് ചെയ്തതെന്ന വസ്തുത അധികാരികൾക്ക് അജ്ഞാതമായിരുന്നു.

 

അയാളുടെ ഭാര്യയും മക്കളും ഗാൽവേയിലുള്ള അവളുടെ അമ്മയുടെ അടുത്തേക്ക് പോയിരിക്കുകയാണ്. അല്പം നേരത്തേ മത്സ്യബന്ധനത്തിനായി ഇറങ്ങുവാനുള്ള ഉദ്ദേശ്യത്തിൽ ഷോൺ ഡീഗൻ പതിനൊന്ന് മണിയ്ക്ക് ബാർ അടച്ചിരുന്നു. ഹാരി ക്യുസെയ്ൻ കുന്നിറങ്ങി ആ ഭാഗത്ത് എത്തുമ്പോൾ ഡീഗൻ ഉണർന്നിരിക്കുകയായിരുന്നു. അല്പം മുമ്പാണ് മക്ഗിനസിന്റെ സംഘാംഗങ്ങളിലൊരുവന്റെ ഫോൺ കോൾ അയാളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അനധികൃതമായി രാജ്യത്തിന് പുറത്തു കടക്കുവാൻ സമീപിക്കുന്നവരെ കനത്ത പ്രതിഫലം വാങ്ങി മാൻ ഐലന്റിലേക്ക് കടത്താറുണ്ട് ഷോൺ ഡീഗൻ. എളുപ്പത്തിൽ ഇംഗ്ലണ്ടിലേക്ക് കടക്കാനുള്ള ഒരു ഇടത്താവളമായിരുന്നു മാൻ ഐലന്റ്. ഫോൺ ചെയ്തയാൾ നൽകിയ ഹാരി ക്യുസെയ്ന്റെ വിവരണം ഹ്രസ്വവും കൃത്യവുമായിരുന്നു.

 

ഡീഗൻ റിസീവർ താഴെ വച്ചതേയുള്ളൂ, ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന അയാൾ കണ്ടത് തൊട്ടുമുന്നിൽ നിൽക്കുന്ന ഹാരി ക്യുസെയ്നെയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആ രാത്രിസന്ദർശകൻ ആരാണെന്ന് ഡീഗന് മനസ്സിലായി. ക്യുസെയ്ന്റെ ക്ലെറിക്കൽ കോളറും കറുത്ത ഹാറ്റും റെയിൻകോട്ടും തന്നെ ധാരാളമായിരുന്നു തിരിച്ചറിയാൻ.

 

“താങ്കൾക്ക് ഞാൻ എന്തു സഹായമാണ് ചെയ്യേണ്ടത് ഫാദർ?” രണ്ടു മൂന്നു ചുവട് പിറകോട്ട് മാറി, അയാൾക്ക് ഉള്ളിലേക്ക് കടന്നു വരുവാനുള്ള ഇടം നൽകിക്കൊണ്ട് ഡീഗൻ ചോദിച്ചു.

 

ആ ചെറിയ ബാറിനുള്ളിലേക്ക് അവർ നടന്നു. ഡീഗൻ നെരിപ്പോടിനുള്ളിലേ തീക്കനലുകൾ ഒന്നിളക്കി ജ്വലിപ്പിച്ചു.

 

“എന്റെ ഇടവകയിലെ ഒരംഗമായ ഡാനി മാലണിന്റെയടുത്തു നിന്നാണ് നിങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചത്” ക്യുസെയ്ൻ പറഞ്ഞു. “ഞാൻ ഫാദർ ഡാലി

 

“ഡാനി മാലൺ? അദ്ദേഹം കിടപ്പിലാണെന്നാണല്ലോ ഞാൻ കേട്ടത്” ഡീഗൻ പറഞ്ഞു.

 

“അതെ ഏതു നിമിഷവും മരണം പ്രതീക്ഷിക്കാം പാവം നല്ല പ്രതിഫലം നൽകിയാൽ മാൻ ഐലന്റിലേക്ക് ഒരു യാത്ര തരപ്പെടുത്താൻ നിങ്ങൾക്കാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു

 

ഡീഗൻ ബാർ കൗണ്ടറിന് പിറകിൽ ചെന്ന് അല്പം വിസ്കി ഗ്ലാസിലേക്ക് പകർന്നു. “അല്പം കഴിക്കുന്നോ ഫാദർ?”

 

“നോ, താങ്ക്സ്

 

“എന്തെങ്കിലും പ്രശ്നത്തിലാണോ താങ്കൾ? രാഷ്ട്രീയമായോ പോലീസുമായോ? ഡീഗൻ ചോദിച്ചു.

 

“രണ്ടും ഉണ്ടെന്ന് കൂട്ടിക്കോളൂ” പോക്കറ്റിൽ നിന്നും അമ്പത് ബ്രിട്ടീഷ് പൗണ്ടിന്റെ പത്തു നോട്ടുകൾ എടുത്ത് അയാൾ ബാർ കൗണ്ടറിന് മുകളിൽ വച്ചു. “എന്താ, നിങ്ങളെക്കൊണ്ട് പറ്റുമോ?”

 

ആ നോട്ടുകൾ എടുത്ത് തിരിച്ചും മറിച്ചും ഒന്ന് നോക്കിയിട്ട് ഡീഗൻ ആലോചനയിൽ മുഴുകി. “പിന്നെന്താ, ഫാദർ താങ്കൾ ഇവിടെയിരുന്ന് അല്പം ചൂടു കായുക ഞാനൊന്ന് ഫോൺ ചെയ്തിട്ടു വരാം

 

“ഫോൺ? അതെന്തിന്?”

 

“അതെ എനിക്ക് ഒറ്റയ്ക്ക് ബോട്ട് കൊണ്ടുപോകാൻ സാധിക്കില്ല ഒന്നോ രണ്ടോ പേരും കൂടി വേണം

 

അയാൾ പുറത്തിറങ്ങി വാതിലടച്ചു. ബാറിൽ ഉള്ള ഫോണിനടുത്ത് ചെന്ന ക്യുസെയ്ൻ കാത്തു നിന്നു. ചെറിയ ഒരു മണിനാദം കേട്ടതും ക്യുസെയ്ൻ പതുക്കെ റിസീവർ എടുത്ത് ചെവിയോട് ചേർത്തു പിടിച്ചു.

 

ഡീഗന്റെ സംസാരം അല്പം തിടുക്കത്തിലായിരുന്നു. “ബല്ലിവാൾട്ടറിൽ നിന്നും ഡീഗനാണ് മിസ്റ്റർ മക്ഗിനസിനെ കിട്ടുമോ?”

 

“അദ്ദേഹം ഉറങ്ങാൻ പോയല്ലോ

 

“ജീസസ്! മനുഷ്യാ, അദ്ദേഹത്തെ വിളിച്ചുണർത്തൂ നിങ്ങളെനിക്ക് ഫോൺ ചെയ്ത് ഒരു ക്യുസെയെന്റെ കാര്യം പറഞ്ഞില്ലേ? അയാൾ ഇവിടെയുണ്ട്

 

“ഒരു മിനിറ്റ്, ലൈനിൽത്തന്നെ തുടരൂ

 

ഏതാനും നിമിഷങ്ങൾക്ക് ശേഷം മറ്റൊരു സ്വരം ഫോണിലെത്തി. “ഇത് മക്ഗിനസാണ് ഷോൺ, നിങ്ങളാണോ ലൈനിൽ?”

 

“അതെ, ഞാൻ തന്നെ  ക്യുസെയ്ൻ ഇപ്പോൾ എന്റെ പബ്ബിലുണ്ട് ഡാലി എന്നാണ് പേര് പറഞ്ഞത് അഞ്ഞൂറ് പൗണ്ട് എടുത്ത് തന്നിട്ട് അയാളെ മാൻ ഐലന്റിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു ഞാനെന്താണ് ചെയ്യേണ്ടത്? ഇവിടെ തടഞ്ഞു വയ്ക്കണോ?”

 

“നേരിട്ട് വന്ന് അയാളെ കൈകാര്യം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം പക്ഷേ, അത് അല്പം ബാലിശമായിപ്പോകും അതിന് പറ്റിയ ആളുകളുണ്ടോ നിങ്ങളുടെ പക്കൽ?” മക്ഗിനസ് ചോദിച്ചു.

 

“ഫിൽ ഈഗനും ടാഡ് മെക്കറ്റീറും ഉണ്ട്

 

“ഷോൺ, ആ മനുഷ്യന്റെ കഥ അവസാനിക്കുന്നു അയാളുടെ ഇതുവരെയുള്ള പ്രവൃത്തികളും പ്രസ്ഥാനത്തിന് വരുത്തിവച്ച ദോഷവും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല അയാളെ നിങ്ങളുടെ ബോട്ടിൽ കൊണ്ടുപോകുക ബലപ്രയോഗമൊന്നും കൂടാതെ സൗമ്യമായിത്തന്നെ രണ്ടോ മൂന്നോ മൈൽ താണ്ടിക്കഴിഞ്ഞാൽ തലയുടെ പിറകിൽ വെടിയുണ്ട കയറ്റി, കടലിൽ തട്ടിയേക്കുക

 

“അക്കാര്യം ഞാനേറ്റു” ഡീഗൻ പറഞ്ഞു.

 

ഫോൺ താഴെ വച്ച് ലിവിങ്ങ് റൂമിൽ നിന്നും പുറത്ത് കടന്ന ഡീഗൻ മുകളിലത്തെ നിലയിലെത്തി വേഷം മാറ്റി. ശേഷം താഴെ വന്ന് ബാറിലെത്തി തന്റെ പഴയ പൈലറ്റ് കോട്ട് എടുത്ത് ധരിച്ചു. “കുറച്ചു നേരം ഒറ്റയ്ക്കിരിക്കേണ്ടി വരും ഫാദർ പുറത്തു പോയി എന്റെ സഹായികളെ കൂട്ടിക്കൊണ്ടു വരേണ്ടതുണ്ട് താങ്കൾക്ക് എന്തെങ്കിലും കഴിക്കണമെന്നുണ്ടെങ്കിൽ എടുക്കാൻ മടി വിചാരിക്കണ്ട

 

“ദാറ്റ്സ് കൈൻഡ് ഓഫ് യൂ” ക്യുസെയ്ൻ പറഞ്ഞു.

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ക്യുസെയ്ൻ അവിടെ കിടന്നിരുന്ന സായാഹ്നപത്രം വായിക്കാനെടുത്തു. അര മണിക്കൂർ കഴിഞ്ഞതും തന്റെ രണ്ട് സഹായികളുമായി ഡീഗൻ തിരിച്ചെത്തി. “ഫാദർ, ഇവരെ പരിചയപ്പെട്ടാലും ഫിൽ ഈഗനും ടാഡ് മെക്കറ്റീറും

 

അവർ പരസ്പരം ഹസ്തദാനം നൽകി. ഉയരം കുറഞ്ഞ് മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഈഗൻ. ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കും. മെക്കറ്റീർ ആകട്ടെ, ഒരു ആജാനുബാഹുവും. ഒരു പഴയ റീഫർകോട്ട് ധരിച്ച അയാളുടെ കുടവയർ ബെൽറ്റിന്റെ ബന്ധനത്തിൽ നിന്നും പുറത്തു ചാടാൻ വെമ്പുന്നുണ്ടായിരുന്നു. ഡീഗനെക്കാൾ പ്രായം തോന്നിച്ചു അയാൾക്ക്. ചുരുങ്ങിയത് ഒരു അമ്പത്തിയഞ്ച് വയസെങ്കിലും ഉണ്ടാകുമെന്ന് ക്യുസെയ്ൻ ഊഹിച്ചു.

 

“എന്നാൽ നമുക്കിനി ഇറങ്ങാം ഫാദർ” ഡീഗൻ പറഞ്ഞു.

 

ഹാരി ക്യുസെയ്ൻ തന്റെ ബാഗ് എടുത്തു. “ഒരു നിമിഷം ഫാദർ, ആ ബാഗ് ഇങ്ങ് തരൂ, ഞാൻ കൊണ്ടുപോകുന്നത് ഏതു തരക്കാരനെയാണെന്ന് അറിയേണ്ടതുണ്ട്” ഡീഗൻ പറഞ്ഞു.

 

അയാൾ ആ ബാഗ് വാങ്ങി കൗണ്ടർ ടേബിളിന് മുകളിൽ കൊണ്ടുപോയി വച്ച് തുറന്ന് ഉള്ളിൽ കൈയിട്ട് തിടുക്കത്തിൽ ഒന്ന് പരതിയതിന് ശേഷം അടച്ചു വച്ചു. എന്നിട്ട് മെക്കറ്റീറിന് നേർക്ക് കണ്ണ് കാണിച്ചു. അയാൾ ആ വൈദികന്റെ ദേഹമാസകലം കൈയോടിച്ച് പരിശോധിച്ചു. കോട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്ത സ്റ്റെച്ച്കിൻ റിവോൾവർ ഒരക്ഷരം പോലും ഉരിയാടാതെ അയാൾ ബാർ കൗണ്ടറിന് മുകളിൽ വച്ചു.

 

“എന്താവശ്യത്തിനാണ് താങ്കൾ ഈ റിവോൾവർ കൈവശം വച്ചിരിക്കുന്നതെന്ന് എനിക്കറിയണമെന്നില്ല മാൻ ഐലന്റിൽ എത്തിയ ഉടൻ താങ്കൾക്കിത് തിരികെ തരുന്നതായിരിക്കും” ആ തോക്ക് തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു കൊണ്ട് ഡീഗൻ പറഞ്ഞു.

 

“എനിക്ക് മനസ്സിലാവുന്നു” ക്യുസെയ്ൻ പറഞ്ഞു.

 

“ഗുഡ് ദെൻ ലെറ്റ്സ് ഗെറ്റ് ഗോയിങ്ങ്” ഡീഗൻ അവരെ പുറത്തേക്ക് നയിച്ചു.

           

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

12 comments:

  1. എന്നതാണാവോ ഉദ്ദേശം

    ReplyDelete
    Replies
    1. ഇംഗ്ലണ്ടിൽ ചെന്ന് പോപ്പിനെ വധിക്കുക എന്നത് തന്നെ...

      Delete
  2. അപ്പൊ അവരുടെ കാര്യവും തീരുമാനമായേക്കും!

    ReplyDelete
  3. അതങ്ങനെ കുറെ എണ്ണം ..
    ചാകാൻ വേണ്ടി ഇറങ്ങിയേക്കുന്നു ..
    കയ്യിൽ കിട്ടിയ തോക്ക് എടുത്തു രണ്ടു വെടി..അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു ...ഇനി വരുന്നത് അനുഭവിച്ചോ കെട്ടോ.

    ReplyDelete
    Replies
    1. ഉണ്ടാപ്രി അതങ്ങ് ഉറപ്പിച്ചു അല്ലേ...

      Delete
    2. പിന്നല്ലാണ്ട് .. ലവന്മാർ മൂന്നും കട്ടപ്പൊക
      നമ്മുടെ ഹീറോ അങ്ങനെ ഒന്നും തോൽക്കില്ല
      ആ ഡെവ്‌ലിൻ എങ്ങാനും പിന്തുടർന്ന് വന്നാൽ നോക്കാം..
      അല്ലേൽ നുമ്മ പോപ്പിന്റെ അടുത്ത് എങ്കിലും എത്തും

      Delete
    3. എന്നാൽ പിന്നെ നോക്കീട്ടു തന്നെ കാര്യം...

      Delete
  4. ലക്ഷ്യം നടത്താൻ ഒരുക്കങ്ങൾ ആയി

    ReplyDelete
    Replies
    1. അതെ... രണ്ടു കൂട്ടരും ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നത്...

      Delete
  5. അങ്ങിനെ ഇതുവരെയുള്ള നാല്പത്തിയാറു അധ്യായങ്ങളും വായിച്ചു. ഞാനും ദാ കൂടെ എത്തിയിരിക്കുന്നു. ഇനി അങ്ങോട്ട് കൂടെ കാണും എന്നൊന്നും ഞാൻ വീമ്പു പറയുന്നില്ല. കഴിയുന്നിടത്തോളം കൂടെ കാണാൻ ശ്രമിക്കുന്നതായിരിക്കും

    ReplyDelete
    Replies
    1. ആഹാ... ആരിത്...!!! ശ്രീജിത്തോ...! സ്വാഗതം സ്വാഗതം... സന്തോഷായി...

      Delete