Thursday, January 25, 2024

കൺഫെഷണൽ – 48

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അതിന് ശേഷം ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു കാണണം, അവർ ബോട്ടിന്റെ എഞ്ചിൻ ഓഫ് ചെയ്തു. കാറ്റിന്റെ ഗതിയ്ക്കൊപ്പം സാവധാനം ഒഴുകുകയാണ് ബോട്ട് ഇപ്പോൾ. ബങ്കിൽ കിടക്കുകയായിരുന്ന ഹാരി ക്യുസെയ്ൻ എഴുന്നേറ്റ് ഇരുന്നു.

 

“ഡെക്കിലേക്കൊന്ന് വരാമോ ഫാദർ?” താഴെ ഇടനാഴിയിലേക്ക് നോക്കി ഡീഗൻ വിളിച്ചു ചോദിച്ചു.

 

ഹാറ്റ് എടുത്ത് തലയിൽ വച്ച് അതിന്റെ ആംഗിൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് ക്യുസെയ്ൻ ലാഡർ വഴി മുകളിലേക്ക് ചെന്നു. എഞ്ചിൻ ഗാർഡിന് മുകളിൽ ഇരിക്കുകയാണ് ഈഗൻ. മെക്കറ്റീർ വീൽഹൗസിന്റെ ജാലകത്തിലൂടെ തലയിട്ട് പുറത്തേക്ക് നോക്കുന്നുണ്ട്. രണ്ടോ മൂന്നോ മൈലുകൾ അകലെ, തങ്ങൾ യാത്ര തുടങ്ങി വച്ച ഐറിഷ് തീരത്തേക്ക് വീക്ഷിച്ചുകൊണ്ട് ഒരു സിഗരറ്റ് ആസ്വദിക്കുകയാണ് ബോട്ടിന്റെ പിൻഭാഗത്തെ റെയിലിന് സമീപം നിൽക്കുന്ന ഷോൺ ഡീഗൻ.

 

“എന്താണ്? എന്തിനാണ് വിളിച്ചത്?” ക്യുസെയ്ൻ ആരാഞ്ഞു.

 

“എല്ലാം വെളിച്ചത്തായിരിക്കുന്നു!” വലതുകൈയിൽ സ്റ്റെച്ച്കിൻ റിവോൾവറുമായി ഡീഗൻ തിരിഞ്ഞു. “നിങ്ങൾ ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലായി മകനേ നിങ്ങളെക്കുറിച്ചുള്ള സകല വിവരങ്ങളും ഞങ്ങൾക്കറിയാം

 

“മാത്രമല്ല, നിങ്ങളുടെ ദുരുദ്ദേശ്യം എന്താണെന്നും” മെക്കറ്റീർ വിളിച്ചു പറഞ്ഞു.

 

ഒരു നീണ്ട ചങ്ങലയും ചുഴറ്റിക്കൊണ്ട് ഈഗൻ എഴുന്നേറ്റു. അത് അവഗണിച്ച് ക്യുസെയ്ൻ ഡീഗന് നേർക്ക് തിരിഞ്ഞു. തന്റെ തലയിൽ നിന്നും ഊരിമാറ്റിയ ഹാറ്റ് അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. “അപ്പോൾ നമുക്കിടയിൽ ഒരു ചർച്ചയ്ക്കുള്ള അവസരമില്ലെന്നാണോ?”

 

“ഒട്ടും തന്നെയില്ല” ഡീഗൻ പറഞ്ഞു. ഹാരി ക്യുസെയ്ന്റെ വലതുകൈയിലെ ഹാറ്റിനുള്ളിലൂടെ പുറത്തുവന്ന വെടിയുണ്ട ഷോൺ ഡീഗന്റെ നെഞ്ചിലാണ് തുളഞ്ഞു കയറിയത്. വെടിയേറ്റ ആഘാതത്തിൽ പിറകിലെ കൈവരിയിലേക്ക് തെറിച്ചു വീണ ഡീഗന്റെ കൈയിലുണ്ടായിരുന്ന സ്റ്റെച്ച്കിൻ റിവോൾവർ താഴെ വീണു. അടി തെറ്റി കൈവരിയിൽ പിടിക്കുവാൻ ശ്രമിച്ചുവെങ്കിലും അത് വിഫലമായി കൈവരികൾക്ക് മുകളിലൂടെ അയാൾ താഴെ കടലിലേക്ക് പതിച്ചു. അതേ മാത്രയിൽത്തന്നെ തിരിഞ്ഞ ക്യുസെയ്ൻ വീൽഹൗസിനുള്ളിൽ നിൽക്കുന്ന മെക്കറ്റീറിന് നേർക്ക് നിറയൊഴിച്ചു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും ആജാനുബാഹുവായ ആ മനുഷ്യന്റെ വലതു കണ്ണിന് തൊട്ടുമുകളിലായി വെടിയുണ്ട തുളഞ്ഞു കയറി. ചങ്ങലയും ചുഴറ്റി ഈഗൻ മുന്നോട്ട് വന്നുവെങ്കിലും അതിവിദഗ്ദ്ധമായി ക്യുസെയ്ൻ ഒഴിഞ്ഞു മാറി.

 

“ബാസ്റ്റർഡ്!” ഈഗൻ അലറി.

 

ഒരു നിമിഷം ശ്രദ്ധയോടെ ഉന്നം പിടിച്ച് ക്യുസെയ്ൻ കാഞ്ചി വലിച്ചു. ഈഗന്റെ ഹൃദയത്തിലാണ് വെടിയുണ്ട തറച്ചത്.

 

പിന്നെ ക്യുസെയ്ന്റെ നീക്കങ്ങളെല്ലാം ചടുലമായിരുന്നു. ഡീഗന്റെ കൈയിൽ നിന്നും താഴെ വീണു കിടന്നിരുന്ന തന്റെ സ്റ്റെച്ച്കിൻ റിവോൾവർ എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ച ശേഷം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഔട്ട്ബോർഡ് മോട്ടോറോടു കൂടിയ ഇൻഫ്ലേറ്റബിൾ ഡിങ്കി എടുത്തുകൊണ്ടുവന്ന് കൈവരിയിൽ കെട്ടി. എന്നിട്ട് വീൽഹൗസിൽ ചെന്ന് മെക്കറ്റീറിന്റെ മൃതശരീരത്തെ മറികടന്ന് തന്റെ ക്യാൻവാസ് ഹോൾഡോൾ എടുത്തു. അതിന്റെ അടിഭാഗത്തെ രഹസ്യ അറ തുറന്ന് സ്ഫോടകവസ്തുക്കളിൽ ഒരെണ്ണമെടുത്ത് ഒരു ഡിറ്റണേറ്റർ അതിൽ ഘടിപ്പിച്ചു. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ സ്ഫോടനം നടക്കുന്നത് പോലെ സെറ്റ് ചെയ്തിട്ട് എഞ്ചിൻ റൂമിനുള്ളിൽ നിക്ഷേപിച്ച ശേഷം ക്യുസെയ്ൻ ഇൻഫ്ലേറ്റബിൾ ഡിങ്കിയിലേക്കിറങ്ങി മോട്ടോർ സ്റ്റാർട്ട് ചെയ്ത് അതിവേഗം തീരം ലക്ഷ്യമാക്കി നീങ്ങി. നെഞ്ചിൽ വെടിയേറ്റ് കടലിൽ വീണുകിടക്കുന്ന ഷോൺ ഡീഗൻ ആ കാഴ്ച്ചയും കണ്ട് കാൽ കൊണ്ട് സാവധാനം തുഴഞ്ഞ് വെള്ളത്തിൽ പൊന്തിക്കിടക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു.

 

ആ സ്ഫോടനം രാത്രിയെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ക്യുസെയ്ൻ നല്ലൊരു ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ തീജ്വാലകൾ മുകളിലേക്കുയർന്നു. അയാൾ തിരിഞ്ഞൊന്നു നോക്കി. കാര്യങ്ങൾ ഇതിൽക്കൂടുതൽ എങ്ങനെ ഭംഗിയാവനാണ്? താൻ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു മക്ഗിനസും ഫെർഗൂസനും ഇനി അവരുടെ വേട്ടപ്പട്ടികളെ തിരിച്ചു വിളിക്കും എങ്കിലും ഒടുവിൽ എല്ലാം സംഭവിച്ചു കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവരുമ്പോൾ ഡെവ്‌ലിന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് ക്യുസെയ്ൻ ഊറിച്ചിരിച്ചു.

 

ബല്ലിവാൾട്ടറിന് സമീപമുള്ള ചെറിയൊരു ബീച്ചിൽ ചെന്നു കയറിയ അയാൾ അവിടെക്കണ്ട ചെറിയ ഷെഡ്ഡിനുള്ളിലേക്ക് ആ ഡിങ്കി വലിച്ചു കയറ്റിയിട്ടു. എന്നിട്ട് തന്റെ മോട്ടോർസൈക്കിൾ ഉപേക്ഷിച്ച സ്ഥലം ലക്ഷ്യമാക്കി ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലേക്ക് നടന്നു. അവിടെയെത്തിയതും ബാഗ് പിൻസീറ്റിൽ വരിഞ്ഞു കെട്ടി ഹെൽമറ്റും എടുത്തണിഞ്ഞ് മോട്ടോർ‌സൈക്കിൾ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

8 comments:

  1. അമ്പട കുറുക്കാ.. കാഞ്ഞ ബുദ്ധി തന്നെ!!

    ReplyDelete
    Replies
    1. കെല്ലി‌ ആരാന്നാ വിചാരിച്ചത്...?

      Delete
  2. എന്ത് സിംപിൾ ആയി പരിപാടി കഴിഞ്ഞു ല്ലേ

    ReplyDelete
    Replies
    1. ഒന്ന് രണ്ട് മൂന്ന്... പരിപാടി കഴിഞ്ഞു...

      Delete
  3. "താൻ കൊല്ലപ്പെട്ട് കഴിഞ്ഞിരിക്കുന്നു". സമർത്ഥമായി കാര്യങ്ങൾ കഴിഞ്ഞു.

    ReplyDelete
    Replies
    1. അതെ... പക്ഷേ, അത് അത്ര ലളിതമായി ഡെവ്‌ലിനും കൂട്ടരും എടുക്കുമോയെന്ന് നോക്കാം നമുക്ക്...

      Delete
  4. പിന്നെ Devlin ഇത് എത്ര കണ്ടതാ..

    ReplyDelete