ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
സ്ഫോടനം നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ബല്ലിവാൾട്ടറിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഡബ്ലിൻ ടൗൺ എന്ന ബോട്ടായിരുന്നു. ഏതാണ്ട് ഒരു മൈൽ അകലെ വല വിരിച്ചുകൊണ്ടിരിക്കവെയാണ് ആ സ്ഫോടനം അവർ കാണുന്നത്. മേരി മർഫി മുങ്ങിയ ഇടത്ത് എത്തിയപ്പോഴേക്കും അര മണിക്കൂർ കടന്നു പോയിരുന്നു. കടലിൽ എമ്പാടും പരന്ന് കിടക്കുന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ. ഒഴുകി നടക്കുന്ന ഒരു ലൈഫ് ജാക്കറ്റിൽ ബോട്ടിന്റെ പേർ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് കോസ്റ്റ് ഗാർഡിന് റേഡിയോ സന്ദേശം അയച്ചിട്ട് അവർ ജീവനോടെ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ അല്ലെങ്കിൽ അവരുടെ മൃതദേഹങ്ങളെങ്കിലും ലഭിക്കുമോ എന്നറിയാൻ തെരച്ചിൽ ആരംഭിച്ചു. എന്നാൽ കനം കൂടി വരുന്ന മൂടൽമഞ്ഞിൽ അവരുടെ ശ്രമം വിഫലമാകുകയാണുണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെ ഡൺഡാൽക്കിൽ നിന്നുള്ള കോസ്റ്റ് ഗാർഡിന്റെ ബോട്ട് അപകടസ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും ആ പരിസരത്ത് എത്തിച്ചേർന്നിരുന്ന മറ്റു മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം അവർ തെരച്ചിൽ തുടരവെ ചക്രവാളത്തിൽ അരുണോദയമായി.
***
പുലർച്ചെ നാലു മണിയ്ക്കാണ് ആ ദുരന്തവാർത്ത മക്ഗിനസിനെ തേടിയെത്തിയത്. ഉടൻ തന്നെ അയാൾ ഡെവ്‌ലിന് ഫോൺ ചെയ്തു.
“എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമേ അറിയൂ…” മക്ഗിനസ് പറഞ്ഞു. “വലിയൊരു സ്ഫോടനം നടന്നു… ഉടൻ തന്നെ മുങ്ങുകയും ചെയ്തു…”
“മൃതശരീരങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നല്ലേ പറഞ്ഞത്…?”
“ചിലപ്പോൾ മുങ്ങിയ ബോട്ടിനുള്ളിൽത്തന്നെയുണ്ടായിരിക്കാം… നിർഭാഗ്യവശാൽ ഈ സമയത്ത് ശക്തമായ ഒഴുക്കുമുണ്ടെന്നാണ് പറയുന്നത്… മൃതശരീരങ്ങൾ വളരെ ദൂരേയ്ക്ക് ഒഴുകിപ്പോകാൻ സാദ്ധ്യതയേറെയാണ്… എന്താണ് സംഭവിച്ചതെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു… പാവം ഷോൺ ഡീഗൻ… നല്ലൊരു മനുഷ്യനായിരുന്നു…”
“വിവരം ലഭിക്കുമ്പോൾ എന്നെ അറിയിക്കൂ…” ഡെവ്‌ലിൻ പറഞ്ഞു.
“ആ ബാസ്റ്റർഡ് ക്യുസെയ്നും കൊല്ലപ്പെട്ടു എന്നതാണ് ഏക ആശ്വാസം… വിവരം താങ്കൾ ഫെർഗൂസനെ അറിയിക്കില്ലേ…?”
“അക്കാര്യം എനിക്ക് വിട്ടേക്കൂ…”
ഒരു ഡ്രെസ്സിങ്ങ് ഗൗൺ എടുത്തണിഞ്ഞ് താഴെ ചെന്ന് ഡെവ്‌ലിൻ ചായയുണ്ടാക്കി. ക്യുസെയ്ൻ കൊല്ലപ്പെട്ടിരിക്കുന്നു… ഇരുപതു വർഷത്തിലധികമായി തന്റെ സുഹൃത്തായിരുന്ന അയാൾ യഥാർത്ഥത്തിൽ ആരായിരുന്നാലും ശരി, അതിൽ ഒരു വേദനയും അനുഭവപ്പെട്ടില്ല അദ്ദേഹത്തിന്. തെല്ലും ദുഃഖം തോന്നുന്നില്ല.
ഫോൺ എടുത്ത് അദ്ദേഹം ലണ്ടനിലെ കവൻഡിഷ് സ്ക്വയറിലേക്ക് ഡയൽ ചെയ്തു. കുറേയേറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് മറുഭാഗത്ത് റിസീവർ എടുത്തത്. ഫെർഗൂസന്റെ ഉറക്കച്ചടവുള്ള സ്വരം ഡെവ്‌ലിന്റെ കാതിലെത്തി. വാർത്തയറിഞ്ഞതും ഫെർഗൂസന്റെ ഉറക്കമെല്ലാം ഓടിയൊളിച്ചു.
“ഉറപ്പാണോ നിങ്ങൾക്ക്…?”
“അങ്ങനെയാണ് മനസ്സിലാവുന്നത്… എന്താണ് ആ ബോട്ടിൽ സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമേ അറിയൂ…”
“വെൽ…” ഫെർഗൂസൺ പറഞ്ഞു. “എന്തായാലും ക്യുസെയ്ൻ എന്ന ആ തലവേദന എന്നെന്നേയ്ക്കുമായി ഒഴിഞ്ഞു കിട്ടിയല്ലോ… അയാളുടെ അന്ത്യമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്… പോപ്പിനെ വധിക്കണം പോലും അയാൾക്ക്…”
“താന്യയുടെ കാര്യം എങ്ങനെയാണിനി…?”
“അവൾ നാളെത്തന്നെ തിരിച്ചു വരട്ടെ… ഫ്ലൈറ്റിൽ കയറ്റി വിട്ടോളൂ… എയർപോർട്ടിൽ ഞാനുണ്ടാവും… ഹാരി പാരീസിലായിരിക്കും… ആ എക്സോസെറ്റ് മിസൈലിന്റെ കാര്യവുമായി ബന്ധപ്പെട്ട് ടോണി വില്ലേഴ്സിനെ സന്ധിക്കാൻ…”
“റൈറ്റ്…” ഡെവ്‌ലിൻ പറഞ്ഞു. “എന്നാൽ പിന്നെ അങ്ങനെ തന്നെ…”
“എന്തു പറ്റി ലിയാം…? ഒട്ടും സന്തോഷമില്ലാത്തത് പോലെ…?”
“ഒറ്റ വാചകത്തിൽ പറയാം… അയാളുടെ മൃതശരീരം നേരിൽ കണ്ടെങ്കിൽ മാത്രമേ എനിക്ക് വിശ്വാസമാകൂ…” ഡെവ്‌ലിൻ ഫോൺ കട്ട് ചെയ്തു.
***
ഐറിഷ് റിപ്പബ്ലിക്കിനെയും ബ്രിട്ടനെയും വേർതിരിക്കുന്ന അൾസ്റ്റർ അതിർത്തിയിലെ റോഡുകളിൽ പോലീസിന്റെയും ബ്രിട്ടീഷ് ആർമിയുടെയും കനത്ത സാന്നിദ്ധ്യവും നിറയെ ബാരിക്കേഡുകളും ഒക്കെയുണ്ടെങ്കിലും വഴിയറിയുന്നവർക്ക് അതിർത്തി കടക്കുവാൻ ധാരാളം മാർഗ്ഗങ്ങളുണ്ടായിരുന്നു. പലയിടത്തും പാടശേഖരങ്ങൾക്കിടയിലൂടെ ഒരു സാങ്കല്പിക രേഖ മാത്രമായിരുന്നു അതിർത്തി എന്നത്. നൂറുകണക്കിന് നാട്ടുവഴികളും ഒറ്റയടിപ്പാതകളും ഒക്കെ ഇടകലർന്ന് കിടക്കുന്ന പ്രദേശം.
പുലർച്ചെ നാലുമണിയോടെ തന്നെ ക്യുസെയ്ൻ സുരക്ഷിതമായി അൾസ്റ്ററിൽ എത്തിയിരുന്നു. നേരം വെളുക്കുന്നതിനു മുമ്പ് റോഡിലൂടെയുള്ള വാഹനനീക്കം ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അങ്ങനെയൊരു റിസ്കെടുക്കേണ്ട എന്നയാൾ തീരുമാനിച്ചു. അതുകൊണ്ട് മെയിൻ റോഡിനരികിലുള്ള മരക്കൂട്ടങ്ങൾക്കിടയിൽ കണ്ട ഉപയോഗശൂന്യമായ ഒരു ധാന്യപ്പുരയിൽ അയാൾ അഭയം പ്രാപിച്ചു.
ഉറങ്ങാനൊന്നും അയാൾ ശ്രമിച്ചില്ല. സൗകര്യപ്രദമായി ചുമരിൽ ചാരിയിരുന്നുകൊണ്ട് സിഗരറ്റ് പുകയ്ക്കവെ സ്റ്റെച്ച്കിൻ റിവോൾവർ വലതുകൈയിൽത്തന്നെയുണ്ടായിരുന്നു. ആറുമണി കഴിഞ്ഞതോടെ മോണിങ്ങ് ഷിഫ്റ്റിന് ജോലിയ്ക്ക് പോകുന്നവരുടെ തിരക്ക് റോഡിൽ കണ്ടു തുടങ്ങി. ഇനി പുറത്തിറങ്ങിയാൽ ആർക്കും സംശയമൊന്നും തോന്നില്ല. ബാൻബ്രിഡ്ജ് വഴി ലിസ്ബേണിലേക്ക് പോകുന്ന റോഡിലൂടെ ക്യുസെയ്ൻ മോട്ടോർസൈക്കിൾ പായിച്ചു.
ആൽഡർഗ്രോവ് എയർപോർട്ടിന്റെ കാർപാർക്കിങ്ങിൽ എത്തുമ്പോൾ സമയം ഏഴേകാൽ ആയിരുന്നു. മോട്ടോർസൈക്കിൾ അവിടെ പാർക്ക് ചെയ്തിട്ട് സ്റ്റെച്ച്കിൻ റിവോൾവർ തന്റെ ഹോൾഡോളിന്റെ അടിത്തട്ടിലെ രഹസ്യ അറയിൽ വാൾട്ടർ റിവോൾവറിനൊപ്പം ഒളിപ്പിച്ചു വച്ചു. ഒഴിവുകാലം തുടങ്ങിയതിനാൽ വിമാന സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എട്ടേകാലിന് മാൻ ഐലന്റിലേക്ക് ഒരു ഫ്ലൈറ്റുണ്ട്. അഥവാ അതിന് ടിക്കറ്റ് കിട്ടാൻ വിഷമം നേരിടുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഗ്ലാസ്ഗോ, എഡിൻബർഗ്, ന്യൂകാസിൽ എന്നിവിടങ്ങളിലേക്കും ഫ്ലൈറ്റുകളുണ്ട്. എങ്കിലും മാൻ ഐലന്റ് തന്നെയായിരുന്നു അയാളുടെ പ്രഥമ പരിഗണനയിൽ. ധാരാളം വിനോദസഞ്ചാരികൾ പോകുന്ന ഒരു സോഫ്റ്റ് റൂട്ടാണ് അതെന്നത് തന്നെയായിരുന്നു കാരണം. ഭാഗ്യവശാൽ ആ വിമാനത്തിനുള്ള ടിക്കറ്റ് ലഭിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല അയാൾക്ക്.
ഭൂരിഭാഗം ഇന്റർനാഷണൽ എയർപോർട്ടുകളിലും ഈയിടെയായി ഹാൻഡ് ബാഗേജുകൾ എക്സ്റേ പരിശോധനയ്ക്ക് വിധേയമാകാറുണ്ട്. എന്നാൽ ഹോളിഡേ സീസണിൽ സോഫ്റ്റ് റൂട്ടുകളിൽ അത്ര കർശനമായിരുന്നില്ല അത്. എന്തായാലും ശരി, തന്റെ ബാഗിന്റെ അടിഭാഗത്തെ മൂന്നിഞ്ച് ഉയരമുള്ള രഹസ്യ അറയുടെ പാളികളിൽ ഈയത്തിന്റെ കോട്ടിങ്ങ് ഉള്ളതുകൊണ്ട് അതിന്റെ ഉള്ളടക്കം എക്സ്റേയിൽ കാണാൻ സാധിക്കില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് മാൻ ഐലന്റിലെ കസ്റ്റംസിൽ ചെല്ലുമ്പോൾ മാത്രമായിരിക്കും.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഡേവ്ലിൻ അങ്ങിനെ അത്ര പെട്ടന്ന് വിശ്വസിക്കുന്നവൻ അല്ലല്ലോ. തന്യ പോയാൽ ശേരിയവില്ല, അവിടെ നിക്കട്ടെ.
ReplyDeleteകറക്റ്റ്... താന്യയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കട്ടെ ശ്രീജിത്തേ...
Deleteഎത്ര എളുപ്പത്തിലാണ് കെല്ലിയുടെ നീക്കങ്ങളൊക്കെ! തടസ്സങ്ങളൊന്നുമില്ലാതെ എവിടെ വരെ??
ReplyDeleteകെല്ലി കാഞ്ഞ വിത്താണെന്ന് മനസ്സിലായില്ലേ... നോക്കാം നമുക്ക് എവിടെ വരെയെത്തുമെന്ന്...
Deleteഅപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ
ReplyDeleteനമ്മുടെ കഥാനായകൻ പോപ്പിന്റെ അടുത്തേക്ക് .....
ഡെവ്‌ലിൻ അറിഞ്ഞു വരുമ്പോഴേക്കും ഒരു ടൈം ആകുമല്ലോ
എവിടെ വിനുവേട്ടാ അടുത്ത നായിക ..? ശെരിക്കും ഇനി ഈ കഥയിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ... കെല്ലിയെ തട്ടുന്നതല്ലാതെ
പ്രതിനായകനെ കഥാനായകനാക്കിയല്ലേ ഉണ്ടാപ്രി...? ഒരർത്ഥത്തിൽ ശരിയാണ്... ഈ നോവൽ കെല്ലിയുടെ കഥ തന്നെ...
Deleteഅടുത്ത നായിക ഉടൻ എത്തുന്നതാണ്... ക്ഷമ വേണം ക്ഷമ... 😜
ആ ബോട്ടിൽ സംഭവിച്ചത് ദൈവത്തിന് മാത്രമേ അറിയൂ..
ReplyDeleteഡെവ്ലിന് വിശ്വാസം വന്നിട്ടില്ല.
അതെ... പഠിച്ച കള്ളനാണ് ഹാരി ക്യുസെയ്ൻ എന്ന് മനസ്സിലായി അദ്ദേഹത്തിന്...
Deleteഡെവ്ലിനു ശരിയ്ക്ക് മനസ്സിലായിട്ടുണ്ട് കെല്ലി യെ 😄
ReplyDeleteഅതെ... ഇരുപത് വർഷത്തെ പരിചയമുണ്ടല്ലോ...
Delete