“സെർജന്റ്, നിങ്ങൾക്കപ്പോൾ
മൺഗോ സഹോദരന്മാരെ അറിയാമല്ലേ…?” ഹാരി ഫോക്സ് ബ്രോഡിയോട് ചോദിച്ചു.
കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന
ആ ട്രെയിനിന്റെ ഏറ്റവും പിന്നിലെ ഗാർഡ്സ് വാനിലായിരുന്നു അവർ നാൽവരും. ഡെവ്‌ലിൻ, ഫോക്സ്,
ട്രെന്റ്, പിന്നെ സെർജന്റ് ബ്രോഡി എന്നിവർ.
“ദേ ആർ അനിമൽസ്…” ബ്രോഡി പറഞ്ഞു. “സകലർക്കും ഭയമാണ് അവരെ… എങ്ങനെയാണ് ജനങ്ങൾ അവിടെ ജീവിക്കുന്നതെന്ന് എനിക്കറിയില്ല… രണ്ടു പേരും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്… കള്ളവാറ്റ് ആയിരുന്നു ഹെക്ടർ ചെയ്ത കുറ്റം…. മൂന്ന് തവണയാണ് അതിന്റെ പേരിൽ അയാൾ ജയിൽവാസം അനുഭവിച്ചത്… പുറത്തിറങ്ങിയ ശേഷം അയാളത് ഇപ്പോഴും തുടരുന്നു… ആംഗസ് ആണെങ്കിൽ ചെറിയ ചെറിയ കുറ്റങ്ങളുമായിട്ടായിരുന്നു തുടക്കം… കുറച്ചു വർഷം മുമ്പ് നടന്ന ഒരു കൈയാംകളിയിൽ ഒരാളെ അയാൾ കൊന്നു… അഞ്ച് വർഷത്തെ തടവാണ് അതിനയാൾക്ക് ലഭിച്ചത്… എന്നാൽ മൂന്ന് വർഷം ആയപ്പോഴേക്കും അവർ അയാളെ മോചിപ്പിച്ചു… പിന്നെ രണ്ട് തവണ ബലാൽസംഗക്കുറ്റത്തിന് പിടികൂടിയെങ്കിലും ഇരകൾ പരാതി
പിൻവലിക്കുകയാണുണ്ടായത്… കുറ്റവാളികളെ ഒളിവിൽ താമസിക്കാൻ ഇവർ ഒത്താശ ചെയ്യുന്നുണ്ടെന്ന്
കേട്ടിട്ട് എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല… പക്ഷേ,
ഇതൊരു പുതിയ അറിവാണെനിക്ക്… അവരുടെ ഫയലുകളിൽ ഇതേക്കുറിച്ച് ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല…”
“ആരുടെയും ശ്രദ്ധയിൽപ്പെടാതെ
നമുക്ക് ഇവരുടെ ഫാമിന്റെ എത്രത്തോളം അടുത്ത് എത്താൻ സാധിക്കും…?” ട്രെന്റ് ചോദിച്ചു.
“ഏതാണ്ട് കാൽ മൈൽ അരികിൽ
വരെ… ഗ്ലെൻഡുവിലേക്കുള്ള റോഡ് മാത്രമാണ് അങ്ങോട്ടുള്ള
ഏക മാർഗ്ഗം…”
“വേറെ ഒരു വഴിയുമില്ല…?” ഫോക്സ് ആരാഞ്ഞു.
“കാൽനടയായി… മല കയറി അപ്പുറത്തിറങ്ങണം…”
“എന്തായാലും ഒരു പ്രധാന
കാര്യം നാം കാണാതെ പോകരുത്…” ഡെവ്‌ലിൻ പറഞ്ഞു. “മൺഗോ സഹോദരന്മാരുടെയടുത്ത്
തങ്ങുവാനായിരുന്നു ക്യുസെയ്ന്റെ പദ്ധതി എങ്കിൽ അക്കാര്യത്തിൽ വിഘ്നം നേരിട്ടിരിക്കുന്നു… സെർജന്റ് അയാളെ പിടികൂടിയതും ട്രെയിൽ നിന്ന് ചാടിയതും ആ ജിപ്സി ക്യാമ്പിൽ
എത്തിപ്പെട്ടതും ഒക്കെ അയാളുടെ പ്ലാനിൽ ഇല്ലാത്തതായിരുന്നു… അങ്ങനെ അയാളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു…”
“അത് ശരിയാണ്…” ഹാരി ഫോക്സ് പറഞ്ഞു. “മാത്രമല്ല, ഇപ്പോൾ ആ പെൺകുട്ടിയും ഒപ്പമുണ്ട്…”
“എപ്പോൾ വേണമെങ്കിലും
അവർക്ക് ആ കുന്നിൻമുകളിൽ എത്താവുന്നതേയുള്ളൂ…” ട്രെന്റ് പറഞ്ഞു. “ആ ജീപ്പിലാണ് ഇപ്പോഴും അവരുടെ
യാത്രയെങ്കിൽ ലാർവിക്ക് വഴി മാത്രമേ ആ ഫാമിൽ എത്താൻ കഴിയൂ… ഒരു ചെറിയ ഗ്രാമം ആയതുകൊണ്ട് അവർ കടന്നു പോകുന്നത് ആരെങ്കിലുമൊക്കെ
ശ്രദ്ധിക്കാതിരിക്കില്ല…”
“എന്ന് ആശിക്കാം നമുക്ക്…” ഡെവ്‌ലിൻ പറഞ്ഞു.
ഡൺഹിൽ സ്റ്റേഷൻ അടുക്കാറായതോടെ
ആ എക്സ്പ്രസ് ട്രെയിനിന്റെ വേഗത സാവധാനം കുറഞ്ഞു.
***
“ഡാനി മാലൺ…” വൃത്തിരഹിതമായ മഗ്ഗിലേക്ക് കടുപ്പമുള്ള ചായയും പാലും ഒഴിച്ചുകൊണ്ട്
ഹെക്ടർ മൺഗോ പറഞ്ഞു. “ഡാനി ഇവിടെ നിന്നും പോയിട്ട് കുറേയേറെ കാലമായി, അല്ലേ ആംഗസ്..?”
“അതെയതെ…” കൈയിൽ ഒരു ഗ്ലാസുമായി ആംഗസ് മൺഗോ അവർക്കരികിൽ വന്ന് ഇരുന്നു. തന്റെ
ജ്യേഷ്ഠനെയും ക്യുസെയ്നെയും അവഗണിച്ചുകൊണ്ട് മൊറാഗിന്റെ നേർക്ക് മാത്രമായിരുന്നു അയാളുടെ
നോട്ടമത്രയും. അത് മനസ്സിലാക്കിയ അവൾ അയാളുടെ ചുഴിഞ്ഞു നോട്ടത്തിൽ നിന്നും മുഖം തിരിച്ചു.
ഏറ്റവും വലിയ മണ്ടത്തരമാണ്
താൻ ചെയ്തിരിക്കുന്നതെന്ന് ക്യുസെയ്ൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ്
മൺഗോ സഹോദരന്മാർ ഡാനി മാലണിന് ചെയ്തു കൊടുത്ത തരത്തിലുള്ള സഹായങ്ങളൊന്നുമല്ല ഇപ്പോൾ
ഇവിടെ ലഭ്യം എന്നത് വ്യക്തം. ചായക്കോപ്പയെ പാടെ അവഗണിച്ച് കോട്ടിന്റെ പോക്കറ്റിലുള്ള
സ്റ്റെച്ച്കിൻ പിസ്റ്റളിൽ വലതുകൈ വച്ചുകൊണ്ട് ക്യുസെയ്ൻ കരുതലോടെ അവിടെ ഇരുന്നു. അടുത്ത
നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. ഇത്തവണ തിരക്കഥ തന്നിഷ്ടത്തിന്
സ്വയം എഴുതിക്കൊണ്ടിരിക്കുന്നത് പോലെ.
“നിങ്ങളെക്കുറിച്ചുള്ള
വാർത്ത ഇപ്പോൾ പത്രത്തിൽ വായിച്ചതേയുള്ളൂ…” ന്യൂസ്പേപ്പർ ഉയർത്തിക്കാണിച്ചുകൊണ്ട് ഹെക്ടർ
മൺഗോ പറഞ്ഞു. “ഇതിൽ ഈ പെൺകുട്ടിയുടെ കാര്യം പറയുന്നില്ലല്ലോ…”
ക്യുസെയ്ൻ ആ പത്രത്തിലേക്ക്
നോക്കാനേ പോയില്ല. “അക്കാര്യം അതിലുണ്ടാവില്ല…”
“ശരി, ഞങ്ങളിൽ നിന്ന്
എന്ത് സഹായമാണ് നിങ്ങൾക്ക് വേണ്ടത്…? കുറച്ചു ദിവസം ഒളിവിൽ കഴിയാനുള്ള സൗകര്യമാണോ…?”
“ഇന്നത്തേയ്ക്ക് മാത്രം…” ക്യുസെയ്ൻ പറഞ്ഞു. “ഇരുട്ടിക്കഴിഞ്ഞിട്ട് ആരെങ്കിലുമൊരാൾ നിങ്ങളുടെ
ആ പഴഞ്ചൻ വാനിൽ തെക്കൻപ്രദേശത്തേക്ക് എത്തിച്ചു തരണം… നിങ്ങളുടെ ഫാമിലെ സാധനങ്ങൾ പിന്നിൽ നിറയ്ക്കുകയാണെങ്കിൽ അതിനിടയിൽ
ഞങ്ങൾ ഒളിച്ചിരുന്നുകൊള്ളാം…”
ഹെക്ടർ മൺഗോ ആലോചിച്ചിട്ടെന്ന
പോലെ തല കുലുക്കി. “പിന്നെന്താ, ആവാമല്ലോ… ആട്ടെ, എങ്ങോട്ടാണ്…? ഡംഫ്രീസിലേക്കാണോ…?”
“കാർലൈലിൽ മോട്ടോർവേ തുടങ്ങുന്നയിടത്തേക്ക്
പറ്റുമോ…?”
“അറുപത് മൈൽ ഉണ്ട്… നല്ല ചെലവ് വരും…”
“എത്രയാകും…?”
ആംഗസിന് നേർക്ക് ഒന്ന്
നോക്കിയിട്ട് ഹെക്ടർ ചുണ്ട് നനച്ചു. “ആയിരം പൗണ്ട്, സുഹൃത്തേ… കാരണം, നിങ്ങളൊരു മത്സ്യമാണ്… വമ്പൻ
മത്സ്യം…”
ക്യുസെയ്ൻ തന്റെ ബാഗ്
തുറന്ന് ഒരു കെട്ട് നോട്ട് പുറത്തെടുത്ത് അതിൽ നിന്നും പത്തെണ്ണം വലിച്ചെടുത്തു. “അഞ്ഞൂറ്
പൗണ്ട്…” നോട്ടുകൾ മേശപ്പുറത്ത് വച്ചിട്ട് അയാൾ പറഞ്ഞു.
“എന്തോ, എനിക്കറിയില്ല…” നിഷേധ രൂപേണ ഹെക്ടർ വിലപേശുവാനുള്ള തുടക്കമിട്ടു.
“വിഡ്ഢിത്തരം കാണിക്കല്ലേ…” ആംഗസ് തന്റെ ജ്യേഷ്ഠനോട് പറഞ്ഞു. “കഴിഞ്ഞ ആറു മാസത്തിനിടയിൽ ആദ്യമായിട്ടാണ്
ഇത്രയും പണം ഒരുമിച്ച് കാണുന്നത്…” അയാൾ ക്യുസെയ്ന് നേർക്ക് തിരിഞ്ഞു. ഞാൻ കൊണ്ടുപോകാം
നിങ്ങളെ കാർലൈലിലേക്ക്…”
“അപ്പോൾ ആ കാര്യത്തിന്
തീരുമാനമായി…” ക്യുസെയ്ൻ എഴുന്നേറ്റു. “ഞങ്ങൾക്ക് വിശ്രമിക്കാൻ
ഒരു റൂം തരപ്പെടുമെന്ന് കരുതുന്നു…”
“അതിന് വിരോധമില്ല…” ഹെക്ടറിന് ആകാംക്ഷ അല്പം കൂടിയത് പോലെ തോന്നി. “ഒന്ന് നിങ്ങൾക്കും
പിന്നെയൊന്ന് ഈ ചെറുപ്പക്കാരിയ്ക്കും…”
“അതുവേണ്ട, ഒരു റൂം മതിയാവും…” ഇടനാഴിയിലൂടെ അയാളെ അനുഗമിച്ച് മുകളിലേക്കുള്ള ബലഹീനമായ ഗോവണി കയറവെ
ക്യുസെയ്ൻ പറഞ്ഞു.
മുകളിലത്തെ നിലയിൽ ആദ്യം
കണ്ട വാതിൽ ഹെക്ടർ തുറന്നു. അതിനുള്ളിൽ നിന്നായിരുന്നു വലിയ ആ ബെഡ്റൂമിലേക്കുള്ള പ്രവേശനം.
അധികം വെളിച്ചമൊന്നും ഇല്ലാത്ത, പഴകിയ ഗന്ധം നിറഞ്ഞ ആ മുറിയുടെ ചുമരിലെ വാൾപേപ്പറിൽ
ഈർപ്പം തളം കെട്ടി നിന്നിരുന്നു. അവിടെയുള്ള പഴഞ്ചൻ ഡബിൾകോട്ടിൽ ഇട്ടിരിക്കുന്ന വർഷങ്ങൾ
പഴക്കമുള്ള കിടക്കയിൽ ഏതാനും ആർമി ബ്ലാങ്കറ്റുകൾ അടുക്കി വച്ചിരിക്കുന്നു.
“ആ കാണുന്ന വാതിലാണ് ടോയ്‌ലറ്റിന്റേത്…” ഹെക്ടർ പറഞ്ഞു. “ശരി, അപ്പോൾ നിങ്ങൾ വിശ്രമിക്കൂ…”
ഹെക്ടർ പുറത്തിറങ്ങി വാതിൽ ചാരി. അയാൾ കോണിപ്പടികൾ ഇറങ്ങി പോകുന്ന ശബ്ദം അവർ കേട്ടു. പഴകി തുരുമ്പ് പിടിച്ച ഒരു ഓടാമ്പൽ ആയിരുന്നു ആ വാതിലിന്റേത്. ക്യുസെയ്ൻ അത് വലിച്ച് വാതിൽ പൂട്ടി. മുറിയുടെ മറുവശത്ത് താഴും താക്കോലുമുള്ള മറ്റൊരു വാതിൽ കൂടിയുണ്ടായിരുന്നു. ആ വാതിൽ തുറന്ന ക്യുസെയ്ൻ കണ്ടത് താഴെ മുറ്റത്തേക്ക് എത്തുന്ന, കല്ലു കൊണ്ട് പണിത ഒരു സ്റ്റെയർകെയ്സാണ്. വാതിൽ അടച്ച് അയാൾ അതും ലോക്ക് ചെയ്തു.
അയാൾ പെൺകുട്ടിയുടെ നേർക്ക്
തിരിഞ്ഞു. “എല്ലാം ഓകെയല്ലേ…?”
“ആ രണ്ടാമന്റെ കണ്ണ് ശരിയല്ല…” അവൾ ഭയം കൊണ്ട് ഒന്ന് വിറച്ചു. “മറേയെക്കാൾ മോശമാണ് അയാൾ…” അവൾ ഒന്ന് സംശയിച്ചു. “ഞാൻ നിങ്ങളെ ഹാരി എന്ന് വിളിച്ചോട്ടെ…?”
“അതിനെന്താ, വിളിച്ചോളൂ…”
കിടക്കയിൽ വച്ചിരുന്ന
ബ്ലാങ്കറ്റ് എടുത്ത് അയാൾ വിരിച്ചു. “നമ്മളിനി എന്ത് ചെയ്യാൻ പോകുന്നു…? അവൾ ചോദിച്ചു.
“വിശ്രമിക്കുന്നു…” ക്യുസെയ്ൻ പറഞ്ഞു. “കുറച്ച് ഉറങ്ങാൻ നോക്കൂ… പേടിക്കണ്ട…
തൽക്കാലം ആർക്കും ഈ മുറിയിലേക്ക് കടക്കാനാവില്ല…”
“കാർലൈലിലേക്ക് അവർ നമ്മളെ
കൊണ്ടുപോകുമെന്ന് തോന്നുന്നുണ്ടോ…?” മൊറാഗ് ചോദിച്ചു.
“ഇല്ല… പക്ഷേ, ഇരുട്ടുന്നതിന് മുമ്പ് എന്തെങ്കിലും സാഹസത്തിന് അവർ മുതിരുമെന്ന്
തോന്നുന്നില്ല… അപ്പോഴേക്കും നമ്മൾ പോകാൻ തയ്യാറുമായിരിക്കുമല്ലോ…”
“നമ്മളെ അപകടപ്പെടുത്താൻ
അവർ ശ്രമിക്കുമെന്ന് നിങ്ങൾക്കുറപ്പാണല്ലേ…?”
“അതെ… കാരണം, അവർ അത്തരക്കാരാണെന്നത് തന്നെ… നീയിനി കിടന്നോളൂ… അല്പമെങ്കിലും ഉറങ്ങാൻ നോക്കൂ…”
കോട്ട് അഴിച്ചു മാറ്റാൻ
ശ്രമിക്കാതെ ക്യുസെയ്ൻ കിടക്കയുടെ ഒരു വശത്ത് കയറിക്കിടന്നു. അയാളുടെ വലതു കൈവിരലുകൾ
സ്റ്റെച്ച്കിൻ പിസ്റ്റളിന്മേൽത്തന്നെയുണ്ടായിരുന്നു. കട്ടിലിന്റെ മറുഭാഗത്തു കൂടി അവളും
കിടക്കയിൽ കയറി കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്നതിന് ശേഷം അവൾ ഉരുണ്ട് അരികിലേക്ക്
വന്ന് അയാളെ കെട്ടിപ്പിടിച്ചു.
“എനിക്ക് വല്ലാതെ ഭയം
തോന്നുന്നു…”
അയാൾ അവളെ ചേർത്ത് പിടിച്ചു.
“ശാന്തമായിരിക്കൂ… ഞാനിവിടെയില്ലേ… ഇവിടെ
വച്ച് ആരും ഉപദ്രവിക്കില്ല നിന്നെ…”
ശ്വാസഗതി മന്ദഗതിയിലായി അവൾ
ഗാഢനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. അവളെ ചേർത്തു പിടിച്ച്, ഭാവി പരിപാടികളെക്കുറിച്ച്
ചിന്തിച്ചുകൊണ്ട് അയാൾ കിടന്നു. ഇവൾ ഒരു ബാദ്ധ്യതയായി മാറിക്കഴിഞ്ഞു. എത്ര നേരത്തേക്ക്
എന്ന് ഇനിയും അറിയില്ല. മറ്റൊരു തരത്തിൽ ആലോചിച്ചാൽ താൻ ഇവളോട് കടപ്പെട്ടിരിക്കുന്നു.
ധാർമ്മികമായ കടപ്പാട്… അയാൾ അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ഉറ്റു നോക്കി.
ജീവിതവീഥിയിൽ ഇനിയും കളങ്കമേൽക്കപ്പെടാത്തവൾ. ഈ ദുഷിച്ച ലോകത്ത് അതൊരു വലിയ കാര്യം
തന്നെയാണ്. അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് അയാൾ കണ്ണുകൾ അടച്ചു. ഒടുവിൽ ഉറക്കത്തിലേക്ക്
വീണു.
***
“അയാളുടെ കൈവശമുള്ള നോട്ടുകെട്ടുകൾ
അത്രയും നീ കണ്ടുവെന്നാണോ പറയുന്നത്…?” ഹെക്ടർ ചോദിച്ചു.
“അതെ… ഈ കണ്ണുകൾ കൊണ്ട് കണ്ടതാണ്…” ആംഗസ് പറഞ്ഞു.
“പക്ഷേ, അയാൾ വാതിൽ ലോക്ക്
ചെയ്തു… അതിന്റെ ശബ്ദം ഞാൻ കേട്ടതാണ്…”
“അതിൽ സംശയമൊന്നും വേണ്ട… വിഡ്ഢിയൊന്നുമല്ലല്ലോ അയാൾ… സാരമില്ല… ഇപ്പോഴല്ലെങ്കിൽ
പിന്നീട് അയാൾക്ക് പുറത്ത് വരാതിരിക്കാനാവില്ലല്ലോ… അപ്പോൾ
കൈകാര്യം ചെയ്യാം നമുക്ക്…”
“തീർച്ചയായും…” ഹെക്ടർ പറഞ്ഞു.
“ഞാൻ പറഞ്ഞത് മറക്കണ്ട… ആ പെൺകുട്ടി എനിക്കുള്ളതാണ്…” ഗ്ലാസിൽ വീണ്ടും വിസ്കി നിറച്ചുകൊണ്ട് ആംഗസ് പറഞ്ഞു.
(തുടരും)
ആർത്തിപ്പണ്ടാരങ്ങൾ! പണി വരുന്നുണ്ട് ബ്രദേഴ്സ്..
ReplyDeleteമോറാഗിനെ അങ്ങനെയങ്ങ് ഒഴിവാക്കാൻ കെല്ലിക്ക് സാധിക്കുമോ?
മൊറാഗിനെ ഒഴിവാക്കിയല്ലേ പറ്റൂ... പോപ്പിനെ വധിക്കാൻ പോകുന്നിടത്ത് അവളെയും കൊണ്ടുപോകാൻ പറ്റില്ലല്ലോ...
Deleteബാധ്യത ആയി മാറിയാലും രക്ഷകൻ ഉണ്ട് കൂടെ
ReplyDeleteഅതെ... തൽക്കാലത്തേക്ക്...
Deleteഎന്തൊരു ജീവിതം... എന്തൊരു അവസ്ഥ!
ReplyDeleteആരുടെ കാര്യമാ പറയുന്നത്...?
Deleteകെല്ലിയുടെ കാര്യം പോട്ടെ.. ഒരു പാവം പെൺകുട്ടി... അവൾക്കു ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു
ReplyDeleteവിഷമിക്കണ്ട ശ്രീജിത്തേ... അവൾക്കൊരപകടവും വരില്ല...
Delete