Wednesday, May 29, 2024

കൺഫെഷണൽ – 66

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 14

 

അത്ര ചെറുതല്ലാത്ത ഒരു കുലുക്കം അനുഭവപ്പെട്ടതും മൊറാഗ് ഉറക്കമുണർന്നു. ട്രെയിൻ ബ്രേക്ക് ചെയ്ത് നിൽക്കാനുള്ള ലക്ഷണമാണെന്ന് തോന്നുന്നു. സമാന്തരമായി മറ്റൊരു ട്രാക്ക് കൂടി കാണാനുണ്ട്. അഴികൾക്കിടയിലൂടെ ഇടയ്ക്കിടെ എത്തുന്ന തെരുവുവിളക്കുകളുടെ വെട്ടത്തിൽ ക്യുസെയ്ന്റെ മുഖം ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നു. ഇപ്പോഴും ഉറക്കത്തിലാണയാൾ. വികാര വിക്ഷോഭങ്ങളേതുമില്ലാതെ ശാന്തമായ മുഖം. അവൾ അയാളുടെ നെറ്റിത്തടത്തിൽ സ്പർശിച്ചുനോക്കി. വല്ലാതെ വിയർത്തിരിക്കുന്നു. ചെറിയൊരു ഞരക്കത്തോടെ അയാൾ ഒരു വശത്തേക്ക് അല്പമൊന്ന് തിരിഞ്ഞു കിടന്നു. അയാളുടെ വലതുകൈ സ്റ്റെച്ച്കിൻ പിസ്റ്റളിൽ പിടിമുറിക്കിയിട്ടുണ്ടെന്ന് അപ്പോഴാണവൾ കണ്ടത്.

 

അവൾക്ക് തണുക്കുന്നുണ്ടായിരുന്നു. റീഫർകോട്ടിന്റെ കോളർ ഉയർത്തി വച്ചിട്ട് ഇരുകൈകളും പോക്കറ്റിൽ തിരുകി അയാളെത്തന്നെ നോക്കികൊണ്ട് അവൾ ഇരുന്നു. കയ്പ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നവളാണെങ്കിലും അതിന്റെ കാഠിന്യമൊന്നും കാര്യമായി ബാധിക്കാത്ത ഒരു പാവം നാടൻ പെൺകുട്ടിയാണവൾ. ലാളിത്യത്തിന്റെ പര്യായം. പെട്ടെന്നൊരു തീരുമാനമെടുക്കാനുള്ള കഴിവും ഗാഢമായ സാമാന്യബോധവും അവൾക്കൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.

 

ക്യുസെയ്നെപ്പോലെ ഒരു വ്യക്തിയെ ഇതാദ്യമായിട്ടാണ് അവൾ കണ്ടുമുട്ടുന്നത്. ഒരു തോക്ക് കൈയിലുണ്ടെന്നതല്ല, ചടുലമായി അത് ഉപയോഗിക്കാനുള്ള കഴിവും ഹിംസാത്മകതയുമാണ് അവളെ ആകർഷിച്ചത്. എന്തുകൊണ്ടോ, ഒട്ടും ഭയം തോന്നുന്നുണ്ടായിരുന്നില്ല അവൾക്കയാളോട്. എന്തുതന്നെ ആയിക്കോട്ടെ, ഒരു ക്രൂരനല്ല അയാൾ. ആവശ്യ നേരത്ത് തന്നെ സഹായിക്കാനുള്ള മനഃസ്ഥിതി അയാൾക്കുണ്ടായി എന്നതാണ് മുഖ്യം. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് അവളുടെ ജീവിതത്തിൽ. മറേയുടെ നിഷ്ഠൂരതകളിൽ നിന്ന് സംരക്ഷിച്ച് നിർത്തുവാൻ അവളുടെ മുത്തച്ഛന് പോലും പൂർണ്ണമായും സാധിച്ചിരുന്നില്ല. അതിൽ നിന്നാണ് ക്യുസെയ്ൻ അവളെ രക്ഷപെടുത്തിയത്. മറേയിൽ നിന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കടുത്ത ആക്രമണങ്ങളിൽ നിന്നുമാണ് ക്യുസെയ്ൻ തന്നെ രക്ഷപെടുത്തിയിരിക്കുന്നതെന്ന ബോധം യുവത്വത്തിലേക്ക് കാൽ കുത്തിത്തുടങ്ങിയ അവൾക്കുണ്ടായിരുന്നു. പോലീസിന്റെ പിടിയിൽ അകപ്പെടാതെ അയാളെ താൻ രക്ഷപെടുത്തിയ കാര്യമൊന്നും അവളുടെ മനസ്സിൽ വന്നതേയല്ല്ല. ജീവിതത്തിലാദ്യമായി സ്വാതന്ത്ര്യത്തിന്റെ രുചി അറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു അവൾ.

 

വാഗൺ ഒന്നുകൂടി കുലുങ്ങി. കണ്ണു തുറന്ന ക്യുസെയ്ൻ പെട്ടെന്ന് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്ന് വാച്ചിലേക്ക് നോക്കി. “ഒന്നര ആയല്ലോ ഞാൻ കുറേയധികം ഉറങ്ങിയല്ലേ?”

 

“അതെ

 

അഴികൾക്കിടയിലൂടെ പുറത്തേക്ക് സൂക്ഷിച്ച് നോക്കിയ അയാൾ തല കുലുക്കി. “പെൻറിത്തിലെ സൈഡ് ട്രാക്കിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു എന്റെ ബാഗ് എവിടെ?”

 

അവൾ ആ ബാഗ് അയാളുടെ അരികിലേക്ക് നീക്കി വച്ചു കൊടുത്തു. അതിനുള്ളിലെ മെഡിക്കൽ കിറ്റിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ കൂടി പുറത്തെടുത്ത് സ്വയം ഇഞ്ചക്റ്റ് ചെയ്തു. “ഇപ്പോൾ എങ്ങനെയുണ്ട്?” അവൾ ചോദിച്ചു.

 

“കുറവുണ്ട്” അയാൾ പറഞ്ഞു. “കുഴപ്പമൊന്നുമില്ല വേദന വരാതിരിക്കാൻ വേണ്ടി ഒരു ഇഞ്ചക്ഷൻ കൂടി എടുത്തു എന്നേയുള്ളൂ

 

നുണ പറയുകയായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ അസഹ്യമായ വേദനയായിരുന്നു അനുഭവപ്പെട്ടത്. സ്ലൈഡിങ്ങ് ഡോർ തള്ളി മാറ്റി അയാൾ പുറത്തേക്ക് എത്തി നോക്കി. പെൻറിത്ത് എന്നെഴുതിയ സൈൻ ബോർഡ് ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നത് അയാൾ കണ്ടു. “എന്റെ ഊഹം ശരിയായിരുന്നു” ക്യുസെയ്ൻ പറഞ്ഞു.

 

“നമ്മൾ ഇവിടെ ഇറങ്ങുകയാണോ?”

 

“ഈ ട്രെയിൻ ഇതിനപ്പുറത്തേക്ക് പോകുമെന്നതിന് ഒരു ഉറപ്പുമില്ല ഹൈവേയിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടെ നിന്നും

 

“എന്നിട്ട്?”

 

“ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും സർവീസ് സെന്ററോ കഫേയോ ഷോപ്പുകളോ പാർക്ക് ചെയ്തിരിക്കുന്ന കാറുകളോ ട്രക്കുകളോ കാണാതിരിക്കില്ല” കൈയിലെ വേദന വീണ്ടും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു പുഞ്ചിരി മുഖത്ത് വരുത്തിയിട്ട് അയാൾ തുടർന്നു. “അനന്ത സാദ്ധ്യതകളാണ് നമുക്ക് മുന്നിൽ എന്റെ കൈയിൽ പിടിച്ചോളൂ വേഗത നന്നായി കുറയുമ്പോൾ നമുക്ക് ചാടിയിറങ്ങണം

 

                                                  ***

 

ക്യുസെയ്ൻ വിചാരിച്ചതിലും കൂടുതൽ ദൂരമുണ്ടായിരുന്നു ഹൈവേയിലേക്ക്. ഇരുവരും നടന്ന് M6 ഹൈവേയിലുള്ള ഏറ്റവും അടുത്ത സർവീസ് സെന്ററിലെ കാർ പാർക്കിങ്ങിൽ എത്തുമ്പോൾ പുലർച്ചെ മൂന്നു മണിയായിരുന്നു. അവിടെയുള്ള കഫേയുടെ നേർക്ക് അവർ നീങ്ങി. ഏതാനും കാറുകളും ഒരു കണ്ടെയ്നർ ട്രെയിലറും ഹൈവേയിൽ നിന്ന് ഇറങ്ങി വന്ന് പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കണ്ടെയ്നറിന്റെ മറവു മൂലം അവസാന നിമിഷത്തിലാണ് അങ്ങോട്ട് വന്നുകൊണ്ടിരുന്ന ഒരു പോലീസ് കാർ ക്യുസെയ്ന്റെ ദൃഷ്ടിയിൽപ്പെട്ടത്. അരികിലുള്ള ഒരു വാനിന്റെ പിറകിലേക്ക് മൊറാഗിനെ വലിച്ചടുപ്പിച്ച് കുനിഞ്ഞിരുന്നു കൊണ്ട് അയാൾ സ്ഥിതിഗതികൾ വീക്ഷിച്ചു. കഫേയുടെ മുന്നിൽ വന്നു നിന്ന ആ കാറിന്റെ മുകളിലെ ഫ്ലാഷ് ലൈറ്റ് സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

 

“നമ്മളിനി എന്തു ചെയ്യും?” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“നമുക്ക് നോക്കാം

 

ഡ്രൈവർ കാറിനുള്ളിൽത്തന്നെ ഇരുന്നു. രണ്ടാമത്തെ പോലീസുകാരൻ ഇറങ്ങി കഫേയുടെ ഉള്ളിലേക്ക് പോയി. കഫേയുടെ ചില്ലിട്ട ജാലകത്തിലൂടെ അവർക്ക് എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. വിവിധ മേശകൾക്ക് ചുറ്റുമായി ഏതാണ്ട് ഇരുപതോ മുപ്പതോ പേർ ഇരിക്കുന്നുണ്ട്. എല്ലാവരെയും നന്നായൊന്ന് നോക്കിയിട്ട് ആ പോലീസുകാരൻ പുറത്തേക്ക് വന്നു. തിരികെ കാറിനുള്ളിൽ കയറി റേഡിയോയിലൂടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കവെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോയി.

 

“നമ്മളെയാണ് അവർ അന്വേഷിച്ചു നടക്കുന്നത്” മൊറാഗ് പറഞ്ഞു.

 

“അല്ലാതെ പിന്നെ?” അവളുടെ തലയിൽ നിന്നും ടാൻ ഓ’ഷാന്റർ എടുത്തുമാറ്റി അയാൾ അടുത്തു കണ്ട കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു. “ഇതാണ് നല്ലത് ആ തൊപ്പി തലയിൽ ഉണ്ടെങ്കിൽ നിന്നെ തിരിച്ചറിയാൻ എളുപ്പമാണ്” അയാൾ പോക്കറ്റിൽ നിന്നും ഒരു അഞ്ച് പൗണ്ട് നോട്ട് എടുത്ത് അവൾക്ക് നൽകി. “ഇത്തരം കഫേകളിൽ അവർ പാർസൽ നൽകാറുണ്ട് കുറച്ച് ചൂടു ചായയും സാൻഡ്‌വിച്ചും വാങ്ങിക്കൊണ്ടു വരൂ ഞാൻ ഇവിടെ നിൽക്കാം അതായിരിക്കും നല്ലത്

 

പടവുകൾ കയറി അവൾ കഫേയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. കൗണ്ടറിന്റെ അറ്റത്ത് ചെന്ന് ഒന്ന് സംശയിച്ച് നിന്നിട്ട് അവൾ ഒരു ട്രേ എടുക്കുന്നത് ക്യുസെയ്ൻ അവിടെ നിന്ന് വീക്ഷിച്ചു. അടുത്തുള്ള മതിലിനരികിൽ ഒരു വലിയ വാനിന്റെ മറവിൽ ഒരു ബെഞ്ച് കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അതിന്മേൽ ചെന്നിരുന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി കാത്തിരിക്കവെ അയാളുടെ ചിന്ത മൊറാഗ് ഫിൻലേയെക്കുറിച്ചായിരുന്നു.

 

അവളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് തന്നെ വിചിത്രമായിരിക്കുന്നു. എല്ലാത്തിനെയും സംശയത്തോടെ നോക്കിക്കാണുന്ന ഒരു വൈദികന്റെ സ്വഭാവം വച്ച് ഇങ്ങനെയൊന്നും പാടില്ലാത്തതാണ്. വെറുമൊരു ബാലികയാണവൾ. താനാണെങ്കിൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ബ്രഹ്മചര്യം പാലിക്കുന്നവനും. കാലമിത്രയായിട്ടും സ്ത്രീ സംസർഗ്ഗമില്ലാതെ ജീവിക്കുന്നതിൽ തെല്ലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. ആ നിലയ്ക്ക് വെറുമൊരു പതിനാറുകാരി ജിപ്സി പെൺകൊടിയുമായി പ്രണയത്തിലാവുക എന്നൊക്കെ പറഞ്ഞാൽ എത്രമാത്രം അസംബന്ധമായിരിക്കും

 

തിരികെ വാനിന്റെ അരികിലെ എത്തിയ അവൾ കൈയിലുള്ള പ്ലാസ്റ്റിക്ക് ട്രേ ബെഞ്ചിൽ വച്ചു. “ചായയും പോർക്ക് സാൻഡ്‌വിച്ചും ഇതുകണ്ടോ, നമ്മുടെ കാര്യം പത്രത്തിലുണ്ട് വാതിൽക്കലുള്ള ന്യൂസ്പേപ്പർ സ്റ്റാന്റിൽ നിന്നും എടുത്തതാണ്

 

ചൂടുചായ കുടിച്ചുകൊണ്ട് അയാൾ ആ പത്രം വാങ്ങി മടിയിൽ നിവർത്തിവച്ച് കഫേയിൽ നിന്നും വരുന്ന മങ്ങിയ വെട്ടത്തിൽ വായിക്കാൻ ശ്രമിച്ചു. കാർലൈലിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക പത്രമായിരുന്നു അത്. തലേന്ന് വൈകിട്ട് പ്രിന്റ് ചെയ്തത്. മുൻപേജിൽത്തന്നെ ക്യുസെയ്ന്റെ ചിത്രമുണ്ട്. അതിനടുത്തായി മൊറാഗിന്റെ തനിയേയുള്ള ഒരു ചിത്രവും.

 

“ഈ ഫോട്ടോയിൽ നിനക്ക് പ്രായം തീരെ കുറവാണല്ലോ

 

“ഇത് കഴിഞ്ഞ വർഷം എന്റെ അമ്മ എടുത്ത ഫോട്ടായാണ് മുത്തശ്ശൻ അത് കാരവന്റെ ചുമരിൽ ഒട്ടിച്ചു വച്ചിരുന്നു പോലീസുകാർ അവിടെ നിന്നും ബലമായി എടുത്തതായിരിക്കണം ഒരിക്കലും അദ്ദേഹമായിട്ട് അവർക്ക് കൊടുക്കാൻ സാദ്ധ്യതയില്ല

 

“ഇന്നലത്തെ സായാഹ്നപത്രത്തിൽ, അതും ഒരു പ്രാദേശിക പത്രത്തിൽ ഇത് വന്ന സ്ഥിതിയ്ക്ക് ഇന്ന് രാവിലെ ഇറങ്ങാൻ പോകുന്ന എല്ലാ ദേശീയ പത്രങ്ങളിലും നമ്മൾ ഉണ്ടാകും” ക്യുസെയ്ൻ പറഞ്ഞു.

 

വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തുകൊണ്ട് ഒന്നും ഉരിയാടാതെ അയാൾ അവിടെത്തന്നെ ഇരുന്നു. കനത്ത മൗനം അവിടെങ്ങും നിറഞ്ഞു.

 

“എന്നെ ഇവിടെ വിട്ടിട്ട് പോകുകയാണല്ലേ നിങ്ങൾ?” അവൾ ചോദിച്ചു.

 

അയാൾ സൗമ്യമായി പുഞ്ചിരിച്ചു. “മൈ ഗോഡ് നിന്നെ സമ്മതിച്ചിരിക്കുന്നുശരിയാണ്, നിന്നെ ഇവിടെ വിട്ടിട്ട് പോകുകയാണ് അല്ലാതെ വേറൊരു മാർഗ്ഗവുമില്ല എനിയ്ക്ക്

 

“കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല

 

എന്നാൽ അയാൾ വിശദീകരിക്കുക തന്നെ ചെയ്തു. “പത്രത്തിലെ ഫോട്ടോകൾ ഭൂരിപക്ഷം പേരും അത്രയൊന്നും ശ്രദ്ധിക്കാറില്ല എന്നാൽ നാം ഇരുവരും ഒരുമിച്ച് സഞ്ചരിക്കുമ്പോൾ സ്ഥിതി മാറുന്നു നീ ഒറ്റയ്ക്കാണെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ എവിടെ വേണമെങ്കിലും പോകാൻ സാധിക്കും ഞാൻ തന്ന പണം നിന്റെ കൈവശമില്ലേ?”

 

“ഉണ്ട്

 

“എങ്കിൽപ്പിന്നെ ഈ തണുപ്പത്ത് നിൽക്കാതെ ആ കഫേയിൽ പോയി ഇരിക്കൂ എക്സ്പ്രസ് ബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട് മുമ്പൊരിക്കൽ ഈ റൂട്ടിൽ സഞ്ചരിച്ചിട്ടുള്ളതുകൊണ്ടാണ് പറയുന്നത് ഇവിടെ നിന്നും ബർമ്മിങ്ങ്ഹാമിലേക്കുള്ള ബസ്സ് പിടിച്ചാൽ മതി അവിടെ നിന്നും ലണ്ടനിലേക്ക് ബസ്സ് കിട്ടാൻ ബുദ്ധിമുട്ടില്ല

 

“അപ്പോൾ നിങ്ങളോ?”

 

“എന്നെയോർത്ത് വിഷമിക്കണ്ട അഥവാ ഇനി അവർ നിന്നെ പിടികൂടുകയാണെങ്കിൽത്തന്നെ, ഞാൻ ഭീഷണിപ്പെടുത്തി നിന്നെ ഒപ്പം കൂട്ടുകയായിരുന്നു എന്ന് പറഞ്ഞാൽ മതി അത് വിശ്വസിക്കാതിരിക്കാൻ ഒരു സാദ്ധ്യതയുമില്ല” തന്റെ ബാഗ് എടുത്തിട്ട് അയാൾ അവളുടെ കവിളിൽ പതുക്കെ സ്പർശിച്ചു. “യൂ ആർ എ സ്പെഷ്യൽ പേഴ്സൺ നിന്നെ ഇകഴ്ത്തിക്കാട്ടുവാൻ ഇനി ഒരിക്കലും ആരെയും അനുവദിക്കരുത് അക്കാര്യത്തിൽ നീ എനിക്ക് വാക്കു തരണം

 

“ഞാൻ വാക്കു തരുന്നു” അവളുടെ ശബ്ദം ഇടറിയിരുന്നു. അയാളുടെ കവിളിൽ ഒരു മുത്തം നൽകിയിട്ട് അവൾ തിരിഞ്ഞ് ഓടിപ്പോയി.

 

കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അവൾ ആർജ്ജിച്ചെടുത്തതായിരുന്നു കരയാതിരിക്കാനുള്ള കഴിവ്. എങ്കിലും ആ കഫേയുടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ കണ്ണുകൾ എരിയുന്നുണ്ടായിരുന്നു. ഒരു മേശയുടെ സമീപത്തു കൂടി കടന്നു പോകവെ ആരോ കൈത്തണ്ടയിൽ കയറിപ്പിടിച്ചതിന്റെ ഞെട്ടലിൽ അവൾ തിരിഞ്ഞു നിന്നു. കറുത്ത ലെതർകോട്ട് ധരിച്ച, തലമുടി പറ്റെ വെട്ടിയ, ദുരുദ്ദേശ്യം മനസ്സിൽ കൊണ്ടുനടക്കുന്നവരെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരായ മോട്ടോർസൈക്കിളിസ്റ്റുകളുടെ ഒരു സംഘത്തെയാണ് അവൾ കണ്ടത്. അവളുടെ കൈയിൽ കയറിപ്പിടിച്ച ചെമ്പൻ മുടിക്കാരന്റെ നെഞ്ചിൽ ഒരു നാസി അയേൺ ക്രോസ് ചിഹ്നം ഉണ്ടായിരുന്നു.

 

“നിന്റെ പ്രശ്നമെന്താണ് ഡാർലിങ്ങ്? എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്താൽ തീരാത്തതൊന്നുമല്ലല്ലോ” ഒരു വെടലച്ചിരിയോടെ അവൻ പറഞ്ഞു.

 

ലവലേശം പോലും കോപം പ്രകടിപ്പിക്കാതെ അവന്റെ കൈ വിടുവിച്ചിട്ട് അവൾ കൗണ്ടറിന് നേർക്ക് നടന്നു. ഒരു കപ്പ് ചായയുമെടുത്ത് മേശയ്ക്കരികിൽ ചെന്ന് ഇരുന്നിട്ട് അവൾ കൈകൾ കൂട്ടിത്തിരുമ്മി. പെട്ടെന്നൊരു നാൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അതുപോലെ തന്നെ കടന്നു പോവുകയും ചെയ്തിരിക്കുന്നു ഹാരി ക്യുസെയ്ൻ. അതൊന്നും ഒരിക്കലും ഇനി തിരികെയെത്തില്ല ഇനിയൊരിക്കലും അവൾ വിതുമ്പുവാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ആ മിഴികളിൽ നിന്നും ചുടുകണ്ണീർ ധാരയായി ഒഴുകി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



16 comments:

  1. ഇത് ഹിറ്‌ലറിലെ മമ്മൂട്ടി പോലെ ആകുമല്ലോ..എങ്ങനെയെങ്കിലും കളഞ്ഞിട്ട് പോകാൻ തുടങ്ങുമ്പോൾ അടുത്ത പൂവാലൻ വരും. കെല്ലി ഇനി അവനേം തട്ടി മോരാഗിനെ പിന്നേം കൂടെ കൂട്ടുമായിരിക്കും അല്ലേ

    ReplyDelete
    Replies
    1. ഞാൻ ഒന്നും പറയുന്നില്ലേയ്...

      Delete
  2. കക്ഷിയെ ഒറ്റയ്ക്ക് വിടാൻ ഇവന്മാർ സമ്മതിയ്ക്കില്ലാല്ലോ

    ReplyDelete
    Replies
    1. എന്ത് ചെയ്യാനാന്ന് പറ... സമ്മതിക്കില്ല...

      Delete
  3. ശെടാ.. ഇങ്ങനത്തെ പൂവാലൻമാർ ഒക്കെ അവിടെയും ഉണ്ടല്ലേ..

    ReplyDelete
    Replies
    1. തീർച്ചയായും... ഇറ്റ്സ് എ ഗ്ലോബൽ ഫിനോമിനാ...

      Delete
  4. താമസിയാതെ ക്യൂസയിൻ കൊല്ലപ്പെടുമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും, മാനസാന്തരം വന്ന്, നല്ലവനായി,എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു.

    ReplyDelete
    Replies
    1. സത്യം... വായനക്കാരിൽ പലർക്കും ഇതേ അഭിപ്രായം തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്...

      Delete
  5. സത്യത്തിൽ അവരുടെ വേർപ്പിരിയൽ മനസ്സിലൊരു നൊമ്പരമുണർത്തി. ആപൽഘട്ടത്തിൽ മൊറാഗിന് ക്യൂസെയിൻ്റെ സഹായം ലഭിക്കുമോ?
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. വികാരഭരിതമായ നിമിഷങ്ങൾ... തങ്കപ്പേട്ടന്റെ ചോദ്യത്തിനുത്തരം... കാത്തിരുന്ന് കാണാം നമുക്ക്...

      Delete
  6. മോറാഗിനെ അങ്ങനെ ഒറ്റയ്ക്ക് വിട്ടിട്ട് കെല്ലിക്ക് പോകാൻ പറ്റുവോ! ചെമ്പൻ മുടിയന് ഇനി നല്ല സുഗവാ..

    ബൈദുബായ്.. യുകെയിലെ ഏറ്റവും നീളം കൂടിയ മോട്ടോർ വേ (ഹൈവേ) ആണ് M6.

    ReplyDelete
    Replies
    1. കെല്ലിയ്ക്ക് പോകാൻ പറ്റുവോ...? അല്ല പറ്റുവോ...?

      മോട്ടോർവേ എന്ന പദം തന്നെയാണ് ജാക്കേട്ടൻ ഉപയോഗിച്ചിരിക്കുന്നത്... ലോങ്ങസ്റ്റ് ഹൈവേയാണല്ലേ...?
      നമ്മുടെ NH 44 (കന്യാകുമാരി - ശ്രീനഗർ) പോലെ...?

      Delete
    2. ഇല്ല, കെല്ലിക്ക് പോകാൻ പറ്റില്ല.. ഉറപ്പിച്ചു 😄

      M6 Motorway, നമ്മുടെ NH44 പോലെ അത്ര long ഒന്നുമല്ല. ഏതാണ്ട് 230 miles (370km) നീളത്തിൽ, ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തു നിന്നും സ്കോറ്റ്ലാന്ഡ് അതിർത്തി വരെ..

      Delete
    3. എന്നാൽ ശരി... എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് കെല്ലിയെ നാം വിടുന്നില്ല... കെല്ലി ഇപ്പം പോകണ്ട... ഇപ്പം പോകണ്ടാന്നല്ലേ പറഞ്ഞത്...?

      Delete
  7. വിടാതെ പിന്തുടരുന്ന മാരണങ്ങൾ..

    ReplyDelete