Thursday, May 16, 2024

കൺഫെഷണൽ – 64

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡൺഹില്ലിലെ ഒരു ലോക്കൽ ഗ്യാരേജിൽ നിന്നും കടം വാങ്ങിയ ഒരു നീല ഫോർഡ് വാനിലാണ് ഡെവ്‌ലിനും ഫോക്സും ട്രെന്റും പോലീസ് സെർജന്റ് ബ്രോഡിയും കൂടി ലാർവിക്കിലേക്ക് തിരിച്ചത്. ഗ്രാമത്തിലെ ജനറൽ സ്റ്റോറിന് വെളിയിൽ വാഹനം പാർക്ക് ചെയ്തിട്ട് സെർജന്റ് ബ്രോഡി ഇറങ്ങി ആ സ്റ്റോറിനുള്ളിലേക്ക് പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തിയ അയാൾ വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി.

 

“ഹെക്ടർ മൺഗോ കുറച്ച് മുമ്പ് ഇവിടെ വന്ന് സാധനങ്ങൾ വാങ്ങി പോയിരുന്നുവത്രെ” ബ്രോഡി പറഞ്ഞു. “സ്റ്റോറിന്റെ ഉടമയായ ആ വൃദ്ധ വൈകുന്നേരങ്ങളിൽ ഒരു സലൂൺ ബാറും പബ്ബും കൂടി നടത്തുന്നുണ്ട് മൺഗോ സഹോദരന്മാർ ഈ പരിസരത്ത് തന്നെയാണ് ഉള്ളതെന്നാണ് അവർ പറയുന്നത് പക്ഷേ, അപരിചിതരെ ആരെയും ഇവിടെങ്ങും കണ്ടില്ലത്രെ ഇതുപോലുള്ള ചെറിയ ഗ്രാമത്തിൽ അങ്ങനെ ആരെങ്കിലും വന്നാൽത്തന്നെ ശ്രദ്ധയിൽപ്പെടാതെ പോകാൻ ഒരു സാദ്ധ്യതയുമില്ലെന്നാണവർ പറയുന്നത്

 

വാനിന്റെ പിറകിലെ ജാലകത്തിലൂടെ ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. അവർ അങ്ങോട്ട് എത്തിയ ആ ഒരു തെരുവ് മാത്രമേ ആ പ്രദേശത്ത് കാണാനുള്ളൂ. കല്ലുകൊണ്ട് പണിത ഒരു നിര കോട്ടേജുകൾ, ഒരു പബ്ബ്, പിന്നെ ആ സ്റ്റോർ. അവയ്ക്ക് പിന്നിൽ കുത്തനെ ഉയർന്ന് നിൽക്കുന്ന കുന്നുകൾ. “അവർ പറഞ്ഞത് ശരിയാണ് പുതിയതായി ആരു വന്നാലും ശ്രദ്ധയിൽപ്പെടാതെ പോകില്ല

 

ബ്രോഡി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ചാരനിറമുള്ള കന്മതിലുകൾ ഇരുവശവും അതിരിടുന്ന ഇടുങ്ങിയ തെരുവിലൂടെ വാൻ മുന്നോട്ട് നീങ്ങി. “ഇതാണ് ഇവിടെയുള്ള ഒരേയൊരു പാത ഇത് അവസാനിക്കുന്നത് അവരുടെ ഫാമിലും” ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അയാൾ തുടർന്നു. “ഇവിടെ വരെയേ നമുക്ക് പോകാനാവൂ ഇനിയും മുന്നോട്ട് പോയാൽ അവരുടെ ശ്രദ്ധയിൽപ്പെട്ടെന്നിരിക്കും

 

പാതയോരത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്തിട്ട് അവർ എല്ലാവരും പുറത്തിറങ്ങി. “എന്തു ദൂരമുണ്ട് ഇനി?” ട്രെന്റ് ചോദിച്ചു.

 

“കാൽ മൈലിൽ താഴെ വരൂ, ഞാൻ കാണിച്ചു തരാം

 

മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലേക്ക് നീങ്ങിയ അവർ കുറ്റിക്കാടുകൾ താണ്ടി നിറുകയിൽ എത്തി. കുത്തനെയുള്ള ഗർത്തത്തിനരികിൽ ശ്രദ്ധയോടെ നിന്നുകൊണ്ട് ട്രെന്റ് പറഞ്ഞു. “അതാ, നോക്കൂ

 

നൂറോ ഇരുനൂറോ വാര അകലെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ആ ഫാം കാണാൻ സാധിക്കുന്നുണ്ടായിരുന്നു. “കാനറി റോയിൽ എത്തിയത് പോലെയുണ്ട്” ഡെവ്‌ലിൻ മന്ത്രിച്ചു.

 

“യെസ് ഏതാണ്ട് അതുപോലെ തന്നെയുണ്ട്” ഫോക്സ് പറഞ്ഞു. “ഒരു മനുഷ്യനെപ്പോലും കാണാനില്ലല്ലോ അവിടെ

 

“അതിലും പ്രധാനം ആ ജീപ്പിന്റെ അടയാളം പോലും അവിടെയില്ല എന്നതാണ്” ഡെവ്‌ലിൻ പറഞ്ഞു. “ഒരു പക്ഷേ, എന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയിരിക്കാം

 

ആ നിമിഷമാണ് മൺഗോ സഹോദരന്മാർ ഇരുവരും അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി മുറ്റത്ത് കൂടി മറുവശത്തേക്ക് നടന്നത്. “അത് അവരായിരിക്കണം” പോക്കറ്റിൽ നിന്നും സെയ്സ് ഫീൽഡ് ഗ്ലാസ് എടുത്ത് ഫോക്സ് അങ്ങോട്ട് ഫോക്കസ് ചെയ്തു. “കണ്ടാൽ ഗുണ്ടകളെപ്പോലുള്ള രണ്ടുപേർ” മുറ്റത്തിനപ്പുറമുള്ള ധാന്യപ്പുരയിലേക്ക് കയറിപ്പോയ അവരെ നോക്കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഒരു നിമിഷം കഴിഞ്ഞതും മൊറാഗ് ഫിൻലേ ദൃഷ്ടിപഥത്തിലെത്തി.

 

“അത് ആ പെൺകുട്ടിയാണ് അവൾ ആകാനേ തരമുള്ളൂ” ആവേശത്തോടെ ട്രെന്റ് പറഞ്ഞു. “റീഫർകോട്ട്, ടാം ഓ’ഷാന്റർ പറഞ്ഞിരിക്കുന്ന വിവരണങ്ങൾ എല്ലാം യോജിക്കുന്നുണ്ട്

 

“ജീസസ്, മേരി & ജോസഫ്!” ഡെവ്‌ലിൻ മന്ത്രിച്ചു. “എന്റെ ഊഹം ശരിയായിരുന്നു ഹാരി ആ വീടിനുള്ളിൽത്തന്നെ ഉണ്ടായിരിക്കണം

 

“എങ്ങനെയാണ് ഈ വിഷയം നമ്മൾ കൈകാര്യം ചെയ്യാൻ പോകുന്നത്?” ട്രെന്റ് സംശയം ഉന്നയിച്ചു.

 

“നിങ്ങൾ രണ്ടുപേരുടെ കൈയിലും പേഴ്സണൽ റേഡിയോകൾ ഇല്ലേ?” ഫോക്സ് ആരാഞ്ഞു.

 

“തീർച്ചയായും

 

“റൈറ്റ് അതിലൊന്ന് എനിക്ക് തരൂ ഡെവ്‌ലിനും ഞാനും കൂടി ഫാമിന്റെ പിൻഭാഗത്തു കൂടി അങ്ങോട്ട് ചെല്ലാം ഭാഗ്യം തുണച്ചാൽ അപ്രതീക്ഷിതമായ ഒരു ആക്രമണത്തിലൂടെ ഞങ്ങൾ അവരെ കീഴെപ്പെടുത്തും നിങ്ങൾ ഇരുവരും തിരികെ ചെന്ന് വാനിൽ കാത്തിരിക്കുക ശുഭവാർത്ത ഞാൻ അറിയിക്കുന്ന നിമിഷം ഒരു എക്സ്പ്രസ് ട്രെയിൻ പോലെ വാനുമായി നിങ്ങൾ അവിടെ പാഞ്ഞെത്തുക

 

“ഫൈൻ

 

ട്രെന്റും ബ്രോഡിയും തിരികെ റോഡിലേക്ക് നടന്നു. ഡെവ്‌ലിൻ പോക്കറ്റിൽ നിന്നും വാൾട്ടർ PPK പിസ്റ്റൾ എടുത്ത് കോക്ക് ചെയ്തു. ഫോക്സും തന്റെ റിവോൾവർ എടുത്ത് റെഡിയാക്കി.

 

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ഒരു കാര്യം ഓർമ്മയിരിക്കട്ടെ രണ്ടാമതൊരു അവസരം നൽകുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല ഹാരി ക്യുസെയ്ൻ

 

“ആ ഭയം വേണ്ട” പുഞ്ചിരിച്ചുകൊണ്ട് ഫോക്സ് പറഞ്ഞു. “അങ്ങനെയൊരു അവസ്ഥ ഞാൻ വരുത്തി വയ്ക്കില്ല” നനഞ്ഞു കിടക്കുന്ന പുൽമേട്ടിലൂടെ അദ്ദേഹം കുന്നിന്റെ മറുഭാഗത്തേക്ക് ഇറങ്ങുവാൻ ആരംഭിച്ചു. പിന്നാലെ ഡെവ്‌ലിനും.

 

                                                        ***

 

ഉറക്കമുണർന്ന മൊറാഗ് കുറച്ചു നേരം സീലിങ്ങിലേക്ക് കണ്ണും നട്ട് വെറുതെ കിടന്നു. പിന്നീടാണ് താൻ എവിടെയാണ് കിടക്കുന്നതെന്ന് അവൾക്ക് ഓർമ്മ വന്നത്. തല ചരിച്ച് നോക്കിയ അവൾ കണ്ടത് അവൾക്കരികിൽ ശാന്തമായി ഉറങ്ങുന്ന ക്യുസെയ്നെയാണ്. മന്ദഗതിയിൽ ശ്വാസമെടുത്തുകൊണ്ട് യാതൊരു അല്ലലുമില്ലാതെ ഉറങ്ങുന്ന അയാളുടെ വലതുകൈയിൽ സ്റ്റെച്ച്കിൻ പിസ്റ്റൾ അപ്പോഴുമുണ്ടായിരുന്നു. അയാളെ ശല്യപ്പെടുത്താതെ പതുക്കെ എഴുന്നേറ്റ അവൾ ഒന്ന് മൂരിനിവർത്തി ജാലകത്തിനരികിലേക്ക് നടന്നു. പുറത്തേക്ക് നോക്കിയ അവൾ കണ്ടത് മുറ്റത്തിനപ്പുറത്തെ ധാന്യപ്പുരയിലേക്ക് പോകുന്ന ഹെക്ടർ മൺഗോയെയും ആംഗസിനെയുമാണ്. വാതിൽ തുറന്ന് സ്റ്റെയർകെയ്സിന്റെ മുകളിലത്തെ പടിയിൽ നിൽക്കവെ അവൾ ധാന്യപ്പുരയിൽ നിന്നും ഏതോ ഒരു എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു. അതെന്താണെന്ന ആകാംക്ഷയോടെ ഏതാനും നിമിഷങ്ങൾ ശ്രദ്ധിച്ചതിന് ശേഷം പടികളിറങ്ങി അവൾ അങ്ങോട്ട് നടന്നു.

 

കിടക്കയിൽ ഒന്ന് തിരിഞ്ഞ് നിവർന്ന ക്യുസെയ്ൻ കണ്ണു തുറന്ന് പെട്ടെന്ന് തന്നെ ബോധാവസ്ഥയിലേക്കെത്തി. മൊറാഗിന്റെ അസാന്നിദ്ധ്യം ശ്രദ്ധിച്ച അയാൾ തൊട്ടടുത്ത നിമിഷം ചാടിയെഴുന്നേറ്റു. അപ്പോഴാണ് തുറന്നു കിടക്കുന്ന വാതിൽ അയാൾ കണ്ടത്.

 

                                                  ***

 

വാറ്റുചാരായത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു ആ ധാന്യപ്പുരയുടെയുള്ളിൽ എമ്പാടും. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പെട്രോൾ ജനറേറ്റർ സ്റ്റാർട്ട് ചെയ്തിട്ട് ഹെക്ടർ വാറ്റിന്റെ മൂടി തുറന്ന് പരിശോധിച്ചു.

 

“കുറച്ചുകൂടി പഞ്ചസാര വേണം” അയാൾ പറഞ്ഞു.

 

“ഞാൻ എടുത്തുകൊണ്ടുവരാം” ആംഗസ് തല കുലുക്കി.

 

വാതിൽ തുറന്ന് ആംഗസ് തൊട്ടടുത്തുള്ള ഷെഡ്ഡിനുള്ളിലേക്ക് കയറി. വ്യാജവാറ്റിന് ആവശ്യമായ വിവിധയിനം സാധനങ്ങളും കുറേ പഞ്ചസാരച്ചാക്കുകളും അതിനകത്തുണ്ടായിരുന്നു. ഒരു പഞ്ചസാരച്ചാക്ക് എടുത്ത് ചുമലിൽ വയ്ക്കാനൊരുങ്ങവെയാണ് പലകയാൽ നിർമ്മിച്ച ചുമരിന്റെ വിടവിലൂടെ അയാൾ പുറത്ത് നിൽക്കുന്ന മൊറാഗിനെ കണ്ടത്. ധാന്യപ്പുരയുടെ ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് എത്തി നോക്കുകയായിരുന്നു അവൾ. പഞ്ചസാരച്ചാക്ക് താഴെ വച്ചിട്ട് ഒരു ചെറുപുഞ്ചിരിയോടെ ശബ്ദമുണ്ടാക്കാതെ അയാൾ പതുക്കെ പുറത്തേക്ക് വന്നു.

 

അയാൾ നടന്നടുക്കുന്നത് അവൾ അറിയുന്നതേയുണ്ടായിരുന്നില്ല. പിന്നിലൂടെ വന്ന് ആരോ വായ് പൊത്തിപ്പിടിച്ചപ്പോൾ നിലവിളിക്കാൻ പോലും പറ്റാതെ അവൾ പിടഞ്ഞു. മൊറാഗിനെ പൊക്കിയെടുത്ത് ആംഗസ് ധാന്യപ്പുരയുടെ ഉള്ളിലേക്ക് നടക്കവെ കൈകാലുകളിട്ടടിച്ച് അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു.

 

വാറ്റ് ഇളക്കിക്കൊണ്ടിരുന്ന ഹെക്ടർ തിരിഞ്ഞു. “എന്താണിത്?”

 

“ഈ ഒളിഞ്ഞു നോട്ടക്കാരിയെ അല്പം മര്യാദ പഠിപ്പിക്കാനുണ്ട്” ആംഗസ് പറഞ്ഞു.

 

താഴെയിറക്കിയതും അവൾ അയാളെ സർവ്വശക്തിയുമെടുത്ത് അടിക്കുവാൻ തുടങ്ങി. ആംഗസ് കൈ മടക്കി ആഞ്ഞൊരു പ്രഹരം നൽകിയതോടെ അവൾ പിറകോട്ട് മറിഞ്ഞ് ചാക്കുകെട്ടുകളുടെ മുകളിലേക്ക് മലർന്ന് വീണു.

 

അവൾക്ക് ഇരുവശത്തുമായി കാൽ കവച്ചു നിന്നിട്ട് അയാൾ തന്റെ ബെൽറ്റിന്റെ ബക്ക്‌ൾ അഴിക്കുവാൻ തുടങ്ങി. “മര്യാദ അതെന്താണെന്ന് നിന്നെയിന്ന് പഠിപ്പിക്കാൻ പോകുകയാണ് ഞാൻ

 

“ആംഗസ്!” വാതിൽ തുറന്ന് ഉള്ളിലെത്തിയ ക്യുസെയ്ൻ വിളിച്ചു. “ജന്മനാൽ തന്നെ തന്തയില്ലാത്തവനാണോ അതോ അതിന് പഠിച്ചുകൊണ്ടിരിക്കുകയാണോ നീ?”

 

റെയിൻകോട്ടിന്റെ പോക്കറ്റിൽ അലക്ഷ്യമായി കൈകൾ തിരുകി നിൽക്കുന്ന ക്യുസെയ്ന്റെ നേർക്ക് ആംഗസ് തിരിഞ്ഞു. പിന്നെ താഴെക്കിടക്കുന്ന ഷവൽ എടുക്കുവാനായി കുനിഞ്ഞു. “എടാ കുള്ളാ, നിന്റെ തല അടിച്ചു തകർക്കും ഞാനിന്ന്

 

“IRA യിൽ നിന്ന് ചിലതെല്ലാം പഠിച്ചിട്ടുണ്ട് ഞാൻ” ക്യുസെയ്ൻ പറഞ്ഞു. “നിന്നെപ്പോലുള്ള തന്തയില്ലാത്തവന്മാർക്കുള്ള ഒരു പ്രത്യേകതരം ശിക്ഷ

 

ക്യുസെയ്ന്റെ പോക്കറ്റിൽ നിന്നും പുറത്ത് വന്ന സ്റ്റെച്ച്കിൻ ചെറുതായി ഒന്ന് മുരടനക്കി. ആംഗസ് മൺഗോയുടെ വലതുകാൽമുട്ട് തകർത്തുകൊണ്ട് വെടിയുണ്ട തുളഞ്ഞു കയറി. ഒരു ആർത്തനാദത്തോടെ പിറകോട്ട് മറിഞ്ഞ അയാൾ ജനറേറ്ററിന്റെ മുകളിലേക്ക് വീണു. ഇരുകൈകൾ കൊണ്ടും കാൽമുട്ട് പൊത്തിപ്പിടിച്ച് അവിടെ നിന്നും ഉരുണ്ട് മാറിയ അയാളുടെ വിരലുകൾക്കിടയിലൂടെ രക്തം ചീറ്റുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് ഭയന്ന ഹെക്ടർ മൺഗോ കൈകൾ ഉയർത്തി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി അപ്രത്യക്ഷനായി.

 

ആംഗസിനെ അവഗണിച്ച് ക്യുസെയ്ൻ മൊറാഗിനെ പിടിച്ചെഴുന്നേൽപ്പിച്ചു. “നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

 

അവൾ തിരിഞ്ഞ് താഴെ വീണുകിടക്കുന്ന ആംഗസിനെ നോക്കി. രോഷവും അപമാനഭാരവും തെളിഞ്ഞു കാണാമായിരുന്നു അവളുടെ മുഖത്ത്. “ഇല്ല അതിനുള്ള സമയം കിട്ടിയില്ല അയാൾക്ക്

 

അവളുടെ കൈയിൽ പിടിച്ച് പുറത്തു കടന്ന ക്യുസെയ്ൻ മുറ്റത്തു കൂടി അടുക്കളവാതിലിന് നേർക്ക് നടന്നു. മൊറാഗ് വാതിൽ തുറന്നതും മുറ്റത്ത് കിടന്നിരുന്ന വാനിന്റെ പിന്നിൽ നിന്നും മുന്നിലേക്ക് വന്ന ഹാരി ഫോക്സ് വിളിച്ചു പറഞ്ഞു. “ക്യുസെയ്ൻ, അനങ്ങിപ്പോകരുത് അവിടെ നിന്ന്...!”

 

ഞൊടിയിടയിൽ ആ ശബ്ദം തിരിച്ചറിഞ്ഞ ക്യുസെയ്ൻ ആ പെൺകുട്ടിയെ വാതിലിനുള്ളിലൂടെ തള്ളി അകത്തേക്ക് വിട്ടിട്ട് വെട്ടിത്തിരിഞ്ഞ് വെടിയുതിർത്തു. ഒറ്റനിമിഷത്തിനുള്ളിലായിരുന്നു ഇതെല്ലാം സംഭവിച്ചത്. വാനിന്റെ നേർക്ക് മലർന്നു വീണ ഫോക്സിന്റെ കൈയിൽ നിന്നും റിവോൾവർ തെറിച്ചു പോയി. അതേ നിമിഷം തന്നെ മറവിൽ നിന്നും വെളിയിലെത്തിയ ഡെവ്‌ലിന്റെ പിസ്റ്റളിൽ നിന്ന് രണ്ട് തവണ വെടിയുതിർന്നു. ആദ്യത്തെ ബുള്ളറ്റ് ക്യുസെയ്ന്റെ കോട്ടിന്റെ ഇടതു കൈ ചീന്തിക്കൊണ്ട് കടന്നു പോയി. രണ്ടാമത്തേത് ചുമലിലാണ് ഏറ്റത്. ഒന്ന് വട്ടം കറങ്ങിയ ക്യുസെയ്ൻ അടുക്കളയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി കതകടച്ച് കുറ്റിയിട്ടു.

 

“നിങ്ങൾക്ക് വെടിയേറ്റല്ലോ!” മൊറാഗ് നിലവിളിച്ചു.

 

അയാൾ അവളെ ഉന്തിത്തള്ളി മുന്നോട്ട് നടത്തി. “അത് കാര്യമാക്കണ്ട! എത്രയും പെട്ടെന്ന് ഇവിടെ നിന്നും പുറത്തു കടക്കണം നമുക്ക്!” ബെഡ്റൂം ലക്ഷ്യമാക്കി അവളോടൊപ്പം മുകളിലത്തെ നിലയിലേക്ക് കയറവെ അയാൾ പറഞ്ഞു. “നീ പെട്ടെന്ന് ആ ബാഗ് എടുക്ക്” പിൻഭാഗത്തെ സ്റ്റെയർകെയ്സിലേക്കുള്ള വാതിൽക്കൽ ചെന്ന് അയാൾ പുറത്തേക്ക് നോക്കി.

 

മുറ്റത്ത് കിടക്കുന്ന വാനിന്റെ സമീപം ഫോക്സും ഡെവ്‌ലിനും നിൽക്കുന്നുണ്ട്. നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാണിച്ചിട്ട് ക്യുസെയ്ൻ ശബ്ദമുണ്ടാക്കാതെ സ്റ്റെയർകെയ്സ് വഴി പിന്നിലെ മുറ്റത്തേക്ക് ഇറങ്ങി. മൊറാഗ് അയാളെ അനുഗമിച്ചു. താഴെയെത്തിയതും കെട്ടിടത്തിന് പിൻഭാഗത്തെ ഗാർഡനിലേക്ക് നീങ്ങിയ അവർ മതിൽ ചാടിക്കടന്ന് പുൽമേടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ ഗ്ലെൻഡു ലക്ഷ്യമാക്കി അതിവേഗം നീങ്ങി.                      

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



8 comments:

  1. "രണ്ടാമതൊരു അവസരം നൽകുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല ഹാരി ക്യുസെയ്ൻ…”

    ഫോക്സിന് ഒരവസരം പോലും ക്യുസെയ്ൻ കൊടുത്തില്ല!

    ReplyDelete
    Replies
    1. അതന്നേ... ഷാർപ്പ് ഷൂട്ടർ...

      Delete
    2. ഹോ... അസാധ്യ മനശക്തി തന്നെ

      Delete
    3. അത് പിന്നെ പറയാനുണ്ടോ ശ്രീ...

      Delete
  2. അമ്പോ. ഈ ഓട്ടം എവിടെ വരെ ? കൂട്ടത്തിൽ ഒരു കൊച്ചും. അതിനെ അതിൻ്റെ വല്യമ്മയുടെ അടുത്ത് എത്തിക്കും വരെ കെല്ലി ചാവില്ല മക്കളെ ..

    ReplyDelete
    Replies
    1. ഈ ഉണ്ടാപ്രി കൊള്ളാമല്ലോ... എത്ര കൃത്യമായി പ്രവചിച്ചു...!

      Delete
  3. അപകടത്തിൽ പെട്ടിട്ടും സുരക്ഷിതമായി എതിരാളികളുടെ കണ്ണ് വെട്ടിച്ച് ..

    ReplyDelete
    Replies
    1. കെല്ലിയല്ലേ മോൻ... അങ്ങനെയൊന്നും ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ...

      Delete