ക്യുസെയ്ന് മുന്നിൽ രണ്ട്
മാർഗ്ഗങ്ങളാണുണ്ടായിരുന്നത്. ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കുക എന്ന അത്ര സുരക്ഷിതമല്ലാത്ത
മാർഗ്ഗം. അല്ലെങ്കിൽ ഏതെങ്കിലും ഒരു കാർ മോഷ്ടിക്കുക എന്നത്. രണ്ടാമത്തെ മാർഗ്ഗമായിരിക്കും
യഥേഷ്ടം യാത്ര ചെയ്യാനാവുന്നതും സുരക്ഷിതവും. പക്ഷേ, അതിന് കാണാതായ കാര്യം ഉടനെയൊന്നും
അറിയാൻ പാടില്ലാത്ത തരത്തിലുള്ള കാർ വേണം നോക്കുവാൻ. മോട്ടോർവേയുടെ മറുഭാഗത്ത് ഒരു
മോട്ടൽ കാണാനുണ്ട്. അവിടെ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഉടമകൾ എല്ലാവരും തന്നെ
രാത്രി അവിടെ തങ്ങുന്നവരായിക്കണം. കാർ മോഷണം പോയ വിവരം അവർ അറിയുമ്പോഴേക്കും മൂന്നോ
നാലോ മണിക്കൂർ കഴിഞ്ഞ് പ്രഭാതമായിരിക്കും. അത്രയും സമയം മതി തനിക്ക് ഏറെ ദൂരം പിന്നിടുവാൻ.
മോട്ടോർവേയുടെ കുറുകെയുള്ള
നടപ്പാലത്തിലേക്കുള്ള പടികൾ കയറവെ മൊറാഗ് ഫിൻലേയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു
അയാൾ. എന്തായിരിക്കും അവൾക്ക് ഇനി സംഭവിക്കുക…? പക്ഷേ,
അത് തന്റെ പ്രശ്നമല്ലല്ലോ… എന്ത് ചെയ്യണമെന്നൊക്കെ വളരെ വ്യക്തമായി അവളോട്
പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയേയുള്ളൂ.
പാലത്തിന് മുകളിൽ നിന്നിട്ട് അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. താഴെ മോട്ടോർവേയിലൂടെ
ട്രക്കുകൾ പാഞ്ഞു പോകുന്നു. അവളുടെ കാര്യത്തിൽ എല്ലാം വ്യക്തമാണ്. പിന്നെന്തിന് താൻ
അതോർത്ത് വീണ്ടും വീണ്ടും വിഷമിക്കണം…?
“ഡിയർ ഗോഡ്, ഹാരീ…” അയാൾ മന്ത്രിച്ചു. “ആത്മാർത്ഥതയും മാന്യതയും നിഷ്കളങ്കതയുമാണ് നിന്നെ
പിറകോട്ട് വലിക്കുന്നത്… ആ പെൺകുട്ടിയെ കളങ്കപ്പെടുത്തുവാൻ ആർക്കും തന്നെ
സാദ്ധ്യമല്ല… സമൂഹത്തിന്റെ ജീർണ്ണത അവളെ സ്പർശിക്കാനേ പോകുന്നില്ല…”
എന്നാലും……..
***
അരികിലെത്തിയ ആരോ ഒരാളുടെ
പതിഞ്ഞ സ്വരം അവളുടെ കാതിൽ പതിഞ്ഞു. “എന്തെങ്കിലും പ്രശ്നമുണ്ടോ മകളേ…? ഞാനെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ…?”
ഒരു വെസ്റ്റ് ഇൻഡീസുകാരനാണ്
അയാളെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അവൾക്ക് മനസ്സിലായി. ഇരുണ്ട നിറം, നരച്ചുതുടങ്ങിയ
ചുരുണ്ട മുടി. ഏതാണ്ട് നാല്പത്തിയഞ്ച് വയസ്സ് മതിക്കുന്ന അയാൾ ധരിച്ചിരിക്കുന്ന രോമത്തുണിയുടെ
കോളറുള്ള ഡ്രൈവിങ്ങ് കോട്ടിൽ മിക്കയിടത്തും ഗ്രീസ് പുരണ്ടിട്ടുണ്ട്. കൈയിൽ ഒരു പ്ലാസ്റ്റിക്കിന്റെ
സാൻഡ്‌വിച്ച് ബോക്സും തെർമോസ്ഫ്ലാസ്കുമായി നിൽക്കുന്ന അയാൾ പുഞ്ചിരിച്ചു. ഇയാൾ നല്ലൊരു
മനുഷ്യനാണെന്ന് ആ മന്ദഹാസത്തിൽ നിന്നും അവൾക്ക് മനസ്സിലായി. അവൾക്കരികിലുള്ള കസേരയിൽ
അയാൾ ഇരുന്നു.
“എന്താണ് പ്രശ്നം കുട്ടീ…?”
“ജീവിതം തന്നെ…” അവൾ പറഞ്ഞു.
“ഹേയ്, നിന്നെപ്പോലുള്ള
ഒരു കൊച്ചുപെൺകുട്ടിയിൽ നിന്നും വരേണ്ട വാക്കുകളല്ലല്ലോ അത്…” അയാളുടെ മുഖത്തെ മന്ദഹാസം സഹാനുഭൂതിയുടേതായി മാറി. “എന്നെക്കൊണ്ടെന്തെങ്കിലും
സഹായം…?”
“ഞാൻ ബസ്സ് കാത്തിരിക്കുകയാണ്…”
“എങ്ങോട്ട്…?”
“ലണ്ടൻ…”
അയാൾ തല കുലുക്കി. “നിന്നെപ്പോലെ
വീട്ടിൽ നിന്നും ഒളിച്ചോടിപ്പോകുന്ന സകല കുട്ടികളുടെയും ലക്ഷ്യം ലണ്ടൻ തന്നെ…”
“എന്റെ മുത്തശ്ശി താമസിക്കുന്നത്
ലണ്ടനിലാണ്… വാപ്പിങ്ങിൽ…” പരിക്ഷീണ
സ്വരത്തിൽ അവൾ പറഞ്ഞു.
അതേക്കുറിച്ച് ആലോചിക്കുന്നത്
പോലെ പുരികം ചുളിച്ചിട്ട് അയാൾ എഴുന്നേറ്റു. “ശരി, എങ്കിൽ നീ വിഷമിക്കേണ്ട… എന്നോടൊപ്പം വന്നോളൂ…”
“മനസ്സിലായില്ല…?”
“ഞാനൊരു കണ്ടെയ്നർ ട്രക്കിന്റെ
ഡ്രൈവറാണ്… ലണ്ടനാണ് എന്റെ താവളം… പക്ഷേ, കുറച്ചധികം സമയമെടുക്കും… കാരണം,
മാഞ്ചസ്റ്ററിൽ നിന്നും പെന്നി മോട്ടോർവേയിൽ കയറി ലീഡ്സിലേക്ക് പോകും ഞാൻ… അവിടെ കുറച്ച് സാധനങ്ങൾ ഇറക്കാനുണ്ട്… എങ്കിലും ഉച്ചയാവുമ്പോഴേക്കും ലണ്ടനിലെത്താൻ പറ്റും…”
“എന്തു ചെയ്യണമെന്ന് എനിക്കറിയില്ല…” അവൾ സംശയിച്ചു.
“ഈ വഴി ബസ്സ് വരാൻ എന്തായാലും
അഞ്ച് മണിക്കൂർ പിടിക്കും… അപ്പോൾ പിന്നെ എന്താണ് നിനക്ക് നഷ്ടപ്പെടാനുള്ളത്…? ഇനി എന്നിൽ വിശ്വാസക്കുറവുണ്ടെങ്കിൽ ഒരു കാര്യം ഞാൻ പറയാം… എനിക്ക് മൂന്ന് പെണ്മക്കളാണുള്ളത്… എല്ലാവരും
നിന്നേക്കാൾ പ്രായമുള്ളവർ… എന്റെ പേര് ഏൾ ജാക്സൺ…”
“ഓൾറൈറ്റ്…” തീരുമാനമെടുത്ത അവൾ എഴുന്നേറ്റ് അയാളോടൊപ്പം വെളിയിലേക്ക് നടന്നു.
പടികളിറങ്ങി അവർ പാർക്കിങ്ങ്
ഏരിയയിലേക്ക് നടന്നു. ഒരു വലിയ ട്രെയിലറായിരുന്നു അയാളുടെ വാഹനം. “ഇതാണ് എന്റെ വണ്ടി… ഒരു വീട്ടിനുള്ളിലെ എല്ലാ സൗകര്യങ്ങളുമുണ്ട്…”
ആരുടെയോ കാലടിശബ്ദം കേട്ട്
അവർ തിരിഞ്ഞു. മോട്ടോർസൈക്കിൾ സംഘത്തിൽപ്പെട്ട ആ ചെമ്പൻമുടിക്കാരൻ മറ്റൊരു ട്രക്കിന്റെ
മറവിൽ നിന്നും വെളിയിലേക്ക് വന്നു. അവരുടെ മുന്നിലെത്തിയ അവൻ കൈകൾ ഇടുപ്പിൽ വച്ച് നിന്നു.
“നീ കൊള്ളാമല്ലോടീ… എന്റെ ബൈക്കിന്റെ പിൻസീറ്റിൽ കയറാനല്ലേ നിന്നോട്
ഞാൻ പറഞ്ഞത്… എന്നിട്ട് ഞാനെന്താണീ കാണുന്നത്…? ഈ കറമ്പൻ നീഗ്രോയുടെ കൂടെ രാത്രി ഉല്ലസിക്കാൻ പോകുന്നോ…? അതൊരിക്കലും ശരിയാവില്ല…”
“ഓ, ഡിയർ…” ഏൾ ജാക്സൺ പറഞ്ഞു. “ഇതിന് സംസാരിക്കാനും പറ്റുന്നുണ്ടല്ലോ… ഇതൊരു പാവയാണെന്നാണ് ഞാൻ വിചാരിച്ചത്…”
സാൻഡ്‌വിച്ച് ബോക്സും
തെർമോസ്ഫ്ലാസ്കും താഴെ വയ്ക്കുവാനായി അയാൾ കുനിഞ്ഞു. അപ്പോഴാണ് ട്രക്കിനടിയിൽ നിന്നും
പുറത്തേക്ക് വന്ന മറ്റൊരുവൻ അയാളുടെ പിന്നിൽ ആഞ്ഞു തൊഴിച്ചത്. അടി തെറ്റിയ ജാക്സൺ മുന്നോട്ട്
വീഴാൻ പോയി. മുന്നിൽ നിന്നിരുന്ന ചെമ്പൻമുടിക്കാരൻ ജാക്സന്റെ മുഖം നോക്കി കാൽമുട്ടുയർത്തി.
പിറകിൽ നിന്ന് തൊഴിച്ചവൻ അയാളെ കാലിൽ പിടിച്ചു വലിച്ച് താഴേക്കിട്ട് ഒരു കൈ കഴുത്തിലൂടെ
ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് അയാളുടെ കൈകൾ പിറകോട്ട് പിടിച്ച് തിരിച്ചു.
“അയാളെ വിടരുത് സാമീ… എനിക്ക് കൈത്തരിപ്പ് തീർക്കാനുള്ളതാണ്…” ചെമ്പൻമുടിക്കാരൻ പറഞ്ഞു.
സാമിയുടെ അടിവയറ്റിൽ ആരുടെയോ
മുഷ്ടി പതിഞ്ഞത് പെട്ടെന്നായിരുന്നു. വേദനയാൽ അലറി വിളിച്ച അയാൾ ജാക്സന്റെ മേലുള്ള
പിടി വിട്ടു. അടിവയറ്റിൽ ഹാരി ക്യുസെയ്ന്റെ ഒരു പ്രഹരം കൂടി ഏറ്റതോടെ അവൻ മുട്ടുകുത്തി
വീണു.
രണ്ടാമനെ നേരിടാനായി ക്യുസെയ്ൻ
ജാക്സന്റെ അരികിലൂടെ മറുഭാഗത്ത് എത്തി. “ഇതിനൊന്നും നീ വളർന്നിട്ടില്ല മോനേ…”
പോക്കറ്റിൽ നിന്നും പുറത്തു
വന്ന അവന്റെ കൈയിലെ തിളങ്ങുന്ന കത്തി ശ്രദ്ധയിൽപ്പെട്ട മൊറാഗ് ഒരു മുന്നറിയിപ്പ് നൽകുവാനെന്നോണം
നിലവിളിച്ചു. തന്റെ ബാഗ് താഴെയിട്ട ക്യുസെയ്ൻ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറി, ഇരുകൈകളും
കൊണ്ട് അവന്റെ കൈത്തണ്ടയിൽ പിടിച്ച് വട്ടം കറക്കി ശക്തിയോടെ മുന്നോട്ട് വലിച്ചെറിഞ്ഞു.
ട്രക്കിന്റെ പാർശ്വഭാഗത്ത് ചെന്ന് തലയിടിച്ച ആ ചെമ്പൻമുടിക്കാരൻ മുഖം നിറയെ ചോരയുമായി
മുട്ടുകുത്തി താഴെ വീണു. അവനെ പിടിച്ചെഴുന്നേല്പിച്ച ക്യുസെയ്ൻ, അപ്പോഴേക്കും എഴുന്നേറ്റ്
നിൽക്കാൻ ശ്രമിക്കുകയായിരുന്ന രണ്ടാമനെയും കടന്നു പിടിച്ച് ഇരുവരെയും ചേർത്ത് നിർത്തി.
“വേണമെങ്കിൽ എനിക്ക് രണ്ടുപേരെയും
ഒരു വർഷത്തേക്ക് ഊന്നുവടിയിൽ നടത്താൻ പറ്റും… അത് വേണോ അതോ നിങ്ങൾ സ്ഥലം കാലിയാക്കുന്നോ…?”
ഭീതിയാൽ പിന്തിരിഞ്ഞ അവർ
സാവധാനം നടന്നകന്നു. കഠിനമായ വേദന ക്യുസെയ്നെ വീണ്ടും ആക്രമിച്ചു തുടങ്ങിയിരുന്നു.
അയാൾ തിരിഞ്ഞ് ട്രെയിലറിന്റെ ടാർപോളിനിൽ മുറുകെ പിടിച്ചുകൊണ്ട് വേദന കടിച്ചമർത്തി.
അതുകണ്ട മൊറാഗ് ഓടിച്ചെന്ന് അയാളെ താങ്ങിപ്പിടിച്ചു.
“ഹാരീ, ആർ യൂ ഓൾറൈറ്റ്…?”
“ഷുവർ… ഡോണ്ട് വറി…” ക്യുസെയ്ൻ പറഞ്ഞു.
ഏൾ ജാക്സൺ പറഞ്ഞു. “സുഹൃത്തേ,
നിങ്ങളാണ് എന്റെ ജീവൻ രക്ഷിച്ചത്… നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു…” അയാൾ മൊറാഗിന് നേർക്ക് തിരിഞ്ഞു. “അല്ല, നിങ്ങൾ തമ്മിൽ പരിചയമുണ്ടോ…?”
“ഞങ്ങൾ ഒരുമിച്ചായിരുന്നു
വന്നത്… പിന്നെ രണ്ടു വഴിക്ക് തിരിഞ്ഞു…” അവൾ ക്യുസെയ്നെ ഒന്ന് നോക്കി. “ഇപ്പോൾ വീണ്ടും ഒരുമിച്ചായി…”
“ഇയാളും ലണ്ടനിലേക്ക്
തന്നെയാണോ…?” ജാക്സൺ ചോദിച്ചു.
അവൾ തല കുലുക്കി. “താങ്കളുടെ
സഹായ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടോ…?”
ജാക്സൺ പുഞ്ചിരിച്ചു.
“പിന്നെന്താ…? ക്യാബിനിലേക്ക് കയറിക്കോളൂ… പാസഞ്ചർ സീറ്റിന്റെ പിന്നിൽ ഒരു സ്ലൈഡിങ്ങ് പാനൽ ഉണ്ട്… എന്റെ കരവിരുതാണെന്ന് കൂട്ടിക്കോളൂ… അതിനപ്പുറം
ഒരു ബങ്കും തലയിണയും പുതപ്പുകളും ഒക്കെയുണ്ട്… കാർ പാർക്കുകളിലാണ്
ഞാൻ ഉറങ്ങാറ്… ഹോട്ടൽ റൂമിന്റെ ചെലവ് ലാഭിക്കാമല്ലോ…”
മൊറാഗ് മുകളിലേക്ക് കയറി.
പിന്നാലെ കയറാൻ തുനിഞ്ഞ ക്യുസെയ്ന്റെ ഷർട്ടിൽ ജാക്സൺ പിടിച്ചു. “നോക്കൂ, എന്താണ് നിങ്ങളുടെ
ഉദ്ദേശ്യമെന്ന് എനിക്കറിയില്ല… ഒരു പാവമാണ് അവൾ… ഉപദ്രവിക്കരുത് അവളെ
…”
“അതോർത്ത് നിങ്ങൾ വിഷമിക്കുകയേ
വേണ്ട…” ക്യുസെയ്ൻ പറഞ്ഞു. “എനിക്കും അതേ അഭിപ്രായം തന്നെയാണ്…” ക്യുസെയ്ൻ ട്രക്കിന്റെ ക്യാബിനുള്ളിലേക്ക് കയറി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അത് കൊള്ളാം.. നമ്മുടെ അപ്പോ നല്ല ആൾക്കാരും ഉണ്ടല്ലേ.
ReplyDeleteഅതെ, എവിടെയും ഉണ്ടാകും ഒരു തരി നല്ല ആൾക്കാർ...
Deleteഇത്തിരി ആശ്വാസം
ReplyDeleteസത്യം...
Delete“എനിക്കും അതേ അഭിപ്രായം തന്നെയാണ്…”
ReplyDeleteവണ്ടി വിട് ജാക്സേട്ടാ...
മാഞ്ചസ്റ്റർ വഴിയാണ് ജാക്സേട്ടൻ വരുന്നത്... ജംഗ്‌ഷനിൽ പോയി നിന്നാൽ കണ്ട് സംസാരിച്ച് ഒരു സെൽഫിയുമെടുക്കാം മൊറാഗിനൊപ്പം...
Deleteഎല്ലാവരും നല്ലവരായോ ...?!
ReplyDeleteഅത് ഭുതം തന്നെ..!!
അതെ അശോകേട്ടാ... എന്താണെന്നറിയില്ല, പക്കാ ഡീസന്റായി എല്ലാവരും...
Deleteനല്ല മനുഷ്യർ
ReplyDeleteഅങ്ങനെയും ചിലരുണ്ട് ഈ ലോകത്തിൽ...
Deleteമൊറാഗിനെ സംരക്ഷിക്കുന്ന കാര്യത്തിൽ ജാക്സൻ്റെ ശ്രദ്ധയറിഞ്ഞപ്പോൾ മനസ്സിൽസന്തോഷം നിറഞ്ഞു.
ReplyDeleteആശംസകൾ🌹💖🌹🙏
സത്യമാണ് തങ്കപ്പേട്ടാ...
Deleteനല്ല മനുഷ്യർ എക്കാലത്തും ഉണ്ടാവും. ലോകം നിലനിർത്താൻ
ReplyDeleteസത്യം...
Delete