Wednesday, June 26, 2024

കൺഫെഷണൽ – 70

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 15

 

“ഇവിടം സന്ദർശിക്കണമെന്ന് പോപ്പ് ആഗ്രഹിച്ചതിൽ ഒട്ടും അത്ഭുതമില്ല സർ” സൂസൻ കാൾഡർ ഡെവ്‌ലിനോട് പറഞ്ഞു. “ഇംഗ്ലീഷ് ക്രിസ്റ്റ്യാനിറ്റിയുടെ ജന്മദേശമാണിത് സാക്സൺ കാലഘട്ടത്തിൽ സെയിന്റ് അഗസ്റ്റിൻ ആണ് ഈ കത്തീഡ്രൽ ഇവിടെ സ്ഥാപിച്ചത്

 

ദേവാലയത്തിന്റെ മദ്ധ്യഭാഗത്ത് ഏറെ മുകളിലായി കമാനാകൃതിയിലുള്ള മേൽക്കൂരയിലേക്ക് ഉയർന്നു നിൽക്കുന്ന തൂണുകൾക്ക് സമീപം നിൽക്കുകയായിരുന്നു അവർ. വിവിധ ജോലികളിലായി നിരവധി പേരെ അവിടെങ്ങും കാണാമായിരുന്നു.

 

“ഗംഭീരമെന്ന് പറയാതെ വയ്യ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

 

“1942 ൽ ജർമ്മനി ഇവിടെ ബോംബാക്രമണം നടത്തിയിരുന്നു. ഇവിടുത്തെ ലൈബ്രറി അന്ന് തകർന്നുവെങ്കിലും പിന്നീട് പുനർനിർമ്മിച്ചു. എണ്ണൂറ് വർഷങ്ങൾക്ക് മുമ്പ്, വടക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീണ്ടുകിടക്കുന്ന ആ വരാന്തയയിൽ വച്ചാണ് കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന സെയിന്റ് തോമസ് ബെക്കറ്റ്, ഹെൻട്രി രണ്ടാമൻ രാജാവിന്റെ പടയാളികളാൽ വധിക്കപ്പെട്ടത്

 

“പോപ്പിന് അദ്ദേഹത്തോട് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടെന്ന് തോന്നുന്നു” ഡെവ്‌ലിൻ പറഞ്ഞു. “എന്തായാലും വരൂ, നമുക്കൊന്ന് പോയി നോക്കാം

 

ബ്രിട്ടീഷ് രാജാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് സെയിന്റ് ബെക്കറ്റ് രക്തസാക്ഷിത്വം വരിച്ച ആ ഇടത്തേയ്ക്ക് അവർ നടന്നു. അദ്ദേഹം കുത്തേറ്റ് വീണുവെന്ന് കരുതപ്പെടുന്നയിടം ചെറിയ ഒരു ചതുരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അന്തരീക്ഷം എന്തുകൊണ്ടോ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നത് പോലെ ഡെവ്‌ലിന് അനുഭവപ്പെട്ടു. ദേഹമാസകലം തണുപ്പും വിറയലും പോലെ.

 

“സ്വോർഡ്സ് പോയിന്റ് എന്നാണ് അവർ ഈ ഇടത്തിന് പേരിട്ടിരിക്കുന്നത്” അവൾ പറഞ്ഞു.

 

“അങ്ങനെയല്ലെങ്കിലേ അത്ഭുതമുള്ളൂ വരൂ, നമുക്കിവിടെ നിന്ന് പുറത്തു കടക്കാം കണ്ടിടത്തോളം മതി ഒരു സിഗരറ്റ് പുകയ്ക്കണം മനസ്സ് ശരിയാവാൻ

 

പൊലീസ് ഗാർഡുകൾ കാവൽ നിൽക്കുന്ന തെക്കുവശത്തെ പോർച്ചിലൂടെ അവർ പുറത്തേക്കിറങ്ങി. വെളിയിൽ ചുമരിനോട് ചേർന്ന് ഉയർത്തിക്കെട്ടിയിട്ടുള്ള സ്റ്റാൻഡുകളിൽ നിന്നുകൊണ്ട് ഒട്ടേറെ പേർ മിനുക്കു പണികൾ നടത്തിക്കൊണ്ടിരിക്കുന്നു. എങ്ങും പൊലീസ് സാന്നിദ്ധ്യം പ്രകടമാണ്. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ സൂസൻ കാൾഡറിനൊപ്പം റോഡരികിലെ നടപ്പാതയിലേക്ക് നടന്നു.

 

“എന്തു തോന്നുന്നു?” അവൾ ചോദിച്ചു. “ക്യുസെയ്ന് ഈ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കാൻ പോലും കഴിയില്ല എന്നാണെനിക്ക് തോന്നുന്നത് ചുറ്റിനുമുള്ള കനത്ത സെക്യൂരിറ്റി താങ്കൾ ശ്രദ്ധിച്ചില്ലേ?”

 

ഡെവ്‌ലിൻ തന്റെ വാലറ്റിൽ നിന്നും ഫെർഗൂസൺ നൽകിയിരുന്ന സെക്യൂരിറ്റി കാർഡ് പുറത്തെടുത്തു. “ഇത്തരം കാർഡ് നിങ്ങൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ?”

 

“ഇല്ല

 

“എ വെരി സ്പെഷ്യൽ കാർഡ് ഏത് വാതിലും തുറക്കുവാൻ അധികാരമുള്ള കാർഡ്

 

“അതുകൊണ്ട്?”

 

“ഇതുവരെ ഒരാൾ പോലും എന്നോടിത് ചോദിച്ചില്ല നാം ചെന്നയിടത്തൊന്നും ആരും നമ്മെ തടഞ്ഞില്ല എന്തുകൊണ്ട്? നിങ്ങൾ പൊലീസ് യൂണിഫോമിൽ ആണെന്നതു തന്നെ കാരണം അതിന് ഞാനൊരു പൊലീസ് ഉദ്യോഗസ്ഥ തന്നെയാണല്ലോ എന്ന് പറയരുത് അതല്ല ഇവിടുത്തെ പ്രശ്നം

 

“താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നു” മനസ്സിലെ വേവലാതി അവളുടെ മുഖത്ത് പ്രകടമായിരുന്നു.

 

“ഒരു മരം ഒളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം വനം തന്നെയാണ്” അദ്ദേഹം പറഞ്ഞു. “നാളെ ഇവിടെങ്ങും പൊലീസുകാരെയും വൈദികരെയും കൊണ്ട് നിറഞ്ഞിരിക്കും അവർക്കൊപ്പം ഒരു പൊലീസുകാരനോ വൈദികനോ അധികമായി എത്തിയാൽ ആരറിയാനാണ്?”

 

ആരോ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത് ഇരുണ്ട നിറമുള്ള ഓവർകോട്ട് ധരിച്ച ഒരാളോടൊപ്പം അവർക്കരികിലേക്ക് നടന്നടുക്കുന്ന ബ്രിഗേഡിയർ ഫെർഗൂസനെയാണ്. ഗാർഡ്സ് ഓഫീസർമാരുടെ ഇഷ്ടവേഷമായ ഗ്രേറ്റ്കോട്ട് ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കൈയിൽ ഭംഗിയായി ചുരുട്ടിപ്പിടിച്ച ഒരു കുടയുമുണ്ട്.

 

“ബ്രിഗേഡിയർ ഫെർഗൂസൺ ആണത്” ഡെവ്‌ലിൻ അവളോട് പറഞ്ഞു.

 

“ഇതാണോ നിങ്ങളുടെ ഡ്രൈവർ?” അവളെ ഒന്ന് നോക്കിയിട്ട് ബ്രിഗേഡിയർ ചോദിച്ചു.

 

“WPC കാൾഡർ, സർ” ആചാരപൂർവ്വം അവൾ സല്യൂട്ട് ചെയ്തു.

 

“ഇത് സൂപ്പർഇന്റൻഡന്റ് ഫോസ്റ്റർ സ്കോട്ട്ലന്റ്‌യാർഡിലെ ആന്റി-ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും” ഫെർഗൂസൺ പറഞ്ഞു. “ഇദ്ദേഹത്തോടൊപ്പം ഇവിടെയൊക്കെ ഒന്ന് നടന്നു കാണുകയായിരുന്നു ഞാൻ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്

 

“നിങ്ങൾ പറയുന്ന ആ മനുഷ്യൻ കാന്റർബറിയിൽ എത്തിയെന്ന് തന്നെയിരിക്കട്ടെ പക്ഷേ, ഒരു കാരണവശാലും അയാൾക്ക് കത്തീഡ്രലിനുള്ളിൽ കയറുവാനാകില്ല” തികഞ്ഞ ലാഘവത്തോടെ ഫോസ്റ്റർ പറഞ്ഞു. “അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ഉദ്യോഗത്തിൽ ഞാനുണ്ടാവില്ല

 

“നിങ്ങളുടെ ഉദ്യോഗം സുരക്ഷിതമായിരിക്കട്ടെ എന്നാശിക്കാം” ഡെവ്‌ലിൻ അയാളോട് പറഞ്ഞു.

 

ഫെർഗൂസൺ അക്ഷമയോടെ അയാളുടെ കോട്ടിന്റെ കൈയിൽ പിടിച്ചു. “ശരി, ഇരുട്ടുന്നതിന് മുമ്പ് നമുക്ക് അകത്തേക്ക് ചെല്ലാം പിന്നെ, ഡെവ്‌ലിൻ, ഇന്ന് രാത്രി ഞാൻ ഇവിടെയാണ് തങ്ങുന്നത് നിങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് കുറച്ചു കഴിഞ്ഞ് ഞാൻ ഫോൺ ചെയ്യാം

 

ഫെർഗൂസണും ഫോസ്റ്ററും പ്രധാന കവാടത്തിന് നേർക്ക് നടന്നു. അവിടെയുണ്ടായിരുന്ന പൊലീസുകാരൻ വാതിൽ തുറന്ന് അവരെ ഉള്ളിലേക്ക് കടത്തിവിട്ടു.

 

“ആ പൊലീസുകാരന് അവരെ അറിയാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?” ഡെവ്‌ലിൻ അവളോട് ചോദിച്ചു.

 

“മൈ ഗോഡ്, എനിക്കറിയില്ല താങ്കളെന്നെ അത്ഭുതപ്പെടുത്തുന്നു സർ” അവൾ കാറിന്റെ ഡോർ അദ്ദേഹത്തിനായി തുറന്നു പിടിച്ചു. ഡെവ്‌ലിൻ ഉള്ളിൽ കയറിയതും അവൾ ഡ്രൈവിങ്ങ് സീറ്റിൽ കയറി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.

 

“ഒരു കാര്യം, സർ

 

“എന്താണ്?”

 

“അഥവാ, ക്യുസെയ്ൻ ഉള്ളിൽ കയറി, എന്തെങ്കിലും ചെയ്തു എന്ന് തന്നെയിരിക്കട്ടെ പക്ഷേ, ഒരിക്കലും അയാൾക്ക് പുറത്തു കടക്കാനാവില്ല

 

“അതുതന്നെയാണ് കാര്യവും” ഡെവ്‌ലിൻ പറഞ്ഞു. “പിന്നീട് എന്ത് സംഭവിക്കുന്നു എന്നത് അയാൾക്ക് ഒരു വിഷയമേയല്ല

 

“ഗോഡ് ഹെൽപ് അസ് ദെൻ

 

“അതോർത്ത് ഞാനിപ്പോൾ തല പുണ്ണാക്കുന്നില്ല ഇപ്പോൾ നമുക്ക് ഒന്നും തന്നെ ചെയ്യാനില്ല മൈ ഡിയർ ഗേൾ ഇനി മുതൽ ഈ ഗെയിം നിയന്ത്രിക്കുന്നത് നമ്മളല്ല ഗെയിം നമ്മളെയാണ് നിയന്ത്രിക്കുന്നത് അതുകൊണ്ട് തൽക്കാലം നമുക്ക് നേരെ ഹോട്ടലിലേക്ക് പോകാം അവിടെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഡിന്നർ ഞാൻ വാങ്ങിത്തരുന്നതായിരിക്കും ബൈ ദി വേ, എപ്പോഴെങ്കിലും ഞാൻ പറഞ്ഞിരുന്നോ, യൂണിഫോമിലുള്ള വനിതകളോട് എനിക്ക് ഇഷ്ടം കൂടുതലാണെന്ന്?”

 

റോഡിലെ വാഹനത്തിരക്കിലൂടെ ഡ്രൈവ് ചെയ്യവെ അവൾ പൊട്ടിച്ചിരിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. ഈ കാട്ടിനുള്ളിൽ മരം ഒളിപ്പിക്കുന്ന പരുപാടി ജാക്കെട്ടന്റെ എല്ലാ നോവലിലും ഉണ്ടല്ലോ ..അപ്പൊ കെല്ലികുട്ടൻ എന്താണേലും അകത്തു കേറും ...
    അതിനിടക്ക് ഡെവ്‌ലിൻ കോഴിത്തരം ആയിട്ട് ഇറങ്ങിയിരിക്കുവാണല്ലോ ..
    ആ കെല്ലിയെ കണ്ടു പടി കിളവാ ..

    ReplyDelete
    Replies
    1. അതെയതെ... ഇതിനു മുമ്പും ഞാൻ ശ്രദ്ധിച്ചിരുന്നു അത്...

      കെല്ലി കയറുമെന്നതിൽ ഒരു സംശയവും വേണ്ട...

      ഡെവ്‌ലിന്റെ ലോലത്തരം ഒരു രസം തന്നെ...

      Delete
    2. കയറും... എന്നാൽ അല്ലേ ഒരു ത്രിൽ ഉള്ളൂ

      Delete
  2. "ഇനി മുതൽ ഈ ഗെയിം നിയന്ത്രിക്കുന്നത് നമ്മളല്ല… ഗെയിം നമ്മളെയാണ് നിയന്ത്രിക്കുന്നത്"

    ReplyDelete
    Replies
    1. അതെ... ഇതും ജാക്കേട്ടന്റെ നോവലുകളിൽ സ്ഥിരമായി കാണുന്ന പ്രയോഗമാണ്...

      Delete
  3. “നിങ്ങളുടെ ഉദ്യോഗം സുരക്ഷിതമായിരിക്കട്ടെ എന്നാശിക്കാം…”

    പിന്നല്ലാതെ.. കഴുത്തിനു മുകളിൽ തലയുണ്ടെങ്കിലല്ലേ തൊപ്പി വെക്കാൻ പറ്റൂ..

    ReplyDelete
    Replies
    1. ഫോസ്റ്ററിന്റെ അമിതമായ ആത്മവിശ്വാസം കണ്ടപ്പോൾ ഒരു കൊട്ട് കൊടുത്തതാണ് ഡെവ്‌ലിൻ...

      Delete
  4. Replies
    1. ആർക്ക് അപകടം എന്നാണ് ഉദ്ദേശിച്ചത്...?

      Delete
  5. "ഇനി മുതൽ ഗെയിം നമ്മളെയാണ് നിയന്ത്രിക്കുന്നത്". ശരിയാണ്. ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത് കണ്ടിരിക്കാനെ പറ്റൂ

    ReplyDelete
    Replies
    1. സത്യം... പിന്നെ നമുക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല... 😞

      Delete
  6. ഡ്രൈവർ മോശമല്ലെന്നു തോന്നുന്നു.
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. ഡ്രൈവർ മിടുക്കി തന്നെ...

      Delete