Wednesday, May 29, 2024

കൺഫെഷണൽ – 66

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 14

 

അത്ര ചെറുതല്ലാത്ത ഒരു കുലുക്കം അനുഭവപ്പെട്ടതും മൊറാഗ് ഉറക്കമുണർന്നു. ട്രെയിൻ ബ്രേക്ക് ചെയ്ത് നിൽക്കാനുള്ള ലക്ഷണമാണെന്ന് തോന്നുന്നു. സമാന്തരമായി മറ്റൊരു ട്രാക്ക് കൂടി കാണാനുണ്ട്. അഴികൾക്കിടയിലൂടെ ഇടയ്ക്കിടെ എത്തുന്ന തെരുവുവിളക്കുകളുടെ വെട്ടത്തിൽ ക്യുസെയ്ന്റെ മുഖം ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നു. ഇപ്പോഴും ഉറക്കത്തിലാണയാൾ. വികാര വിക്ഷോഭങ്ങളേതുമില്ലാതെ ശാന്തമായ മുഖം. അവൾ അയാളുടെ നെറ്റിത്തടത്തിൽ സ്പർശിച്ചുനോക്കി. വല്ലാതെ വിയർത്തിരിക്കുന്നു. ചെറിയൊരു ഞരക്കത്തോടെ അയാൾ ഒരു വശത്തേക്ക് അല്പമൊന്ന് തിരിഞ്ഞു കിടന്നു. അയാളുടെ വലതുകൈ സ്റ്റെച്ച്കിൻ പിസ്റ്റളിൽ പിടിമുറിക്കിയിട്ടുണ്ടെന്ന് അപ്പോഴാണവൾ കണ്ടത്.

 

അവൾക്ക് തണുക്കുന്നുണ്ടായിരുന്നു. റീഫർകോട്ടിന്റെ കോളർ ഉയർത്തി വച്ചിട്ട് ഇരുകൈകളും പോക്കറ്റിൽ തിരുകി അയാളെത്തന്നെ നോക്കികൊണ്ട് അവൾ ഇരുന്നു. കയ്പ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നവളാണെങ്കിലും അതിന്റെ കാഠിന്യമൊന്നും കാര്യമായി ബാധിക്കാത്ത ഒരു പാവം നാടൻ പെൺകുട്ടിയാണവൾ. ലാളിത്യത്തിന്റെ പര്യായം. പെട്ടെന്നൊരു തീരുമാനമെടുക്കാനുള്ള കഴിവും ഗാഢമായ സാമാന്യബോധവും അവൾക്കൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.

 

ക്യുസെയ്നെപ്പോലെ ഒരു വ്യക്തിയെ ഇതാദ്യമായിട്ടാണ് അവൾ കണ്ടുമുട്ടുന്നത്. ഒരു തോക്ക് കൈയിലുണ്ടെന്നതല്ല, ചടുലമായി അത് ഉപയോഗിക്കാനുള്ള കഴിവും ഹിംസാത്മകതയുമാണ് അവളെ ആകർഷിച്ചത്. എന്തുകൊണ്ടോ, ഒട്ടും ഭയം തോന്നുന്നുണ്ടായിരുന്നില്ല അവൾക്കയാളോട്. എന്തുതന്നെ ആയിക്കോട്ടെ, ഒരു ക്രൂരനല്ല അയാൾ. ആവശ്യ നേരത്ത് തന്നെ സഹായിക്കാനുള്ള മനഃസ്ഥിതി അയാൾക്കുണ്ടായി എന്നതാണ് മുഖ്യം. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് അവളുടെ ജീവിതത്തിൽ. മറേയുടെ നിഷ്ഠൂരതകളിൽ നിന്ന് സംരക്ഷിച്ച് നിർത്തുവാൻ അവളുടെ മുത്തച്ഛന് പോലും പൂർണ്ണമായും സാധിച്ചിരുന്നില്ല. അതിൽ നിന്നാണ് ക്യുസെയ്ൻ അവളെ രക്ഷപെടുത്തിയത്. മറേയിൽ നിന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കടുത്ത ആക്രമണങ്ങളിൽ നിന്നുമാണ് ക്യുസെയ്ൻ തന്നെ രക്ഷപെടുത്തിയിരിക്കുന്നതെന്ന ബോധം യുവത്വത്തിലേക്ക് കാൽ കുത്തിത്തുടങ്ങിയ അവൾക്കുണ്ടായിരുന്നു. പോലീസിന്റെ പിടിയിൽ അകപ്പെടാതെ അയാളെ താൻ രക്ഷപെടുത്തിയ കാര്യമൊന്നും അവളുടെ മനസ്സിൽ വന്നതേയല്ല്ല. ജീവിതത്തിലാദ്യമായി സ്വാതന്ത്ര്യത്തിന്റെ രുചി അറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു അവൾ.

 

വാഗൺ ഒന്നുകൂടി കുലുങ്ങി. കണ്ണു തുറന്ന ക്യുസെയ്ൻ പെട്ടെന്ന് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്ന് വാച്ചിലേക്ക് നോക്കി. “ഒന്നര ആയല്ലോ ഞാൻ കുറേയധികം ഉറങ്ങിയല്ലേ?”

 

“അതെ

 

അഴികൾക്കിടയിലൂടെ പുറത്തേക്ക് സൂക്ഷിച്ച് നോക്കിയ അയാൾ തല കുലുക്കി. “പെൻറിത്തിലെ സൈഡ് ട്രാക്കിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു എന്റെ ബാഗ് എവിടെ?”

 

അവൾ ആ ബാഗ് അയാളുടെ അരികിലേക്ക് നീക്കി വച്ചു കൊടുത്തു. അതിനുള്ളിലെ മെഡിക്കൽ കിറ്റിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ കൂടി പുറത്തെടുത്ത് സ്വയം ഇഞ്ചക്റ്റ് ചെയ്തു. “ഇപ്പോൾ എങ്ങനെയുണ്ട്?” അവൾ ചോദിച്ചു.

 

“കുറവുണ്ട്” അയാൾ പറഞ്ഞു. “കുഴപ്പമൊന്നുമില്ല വേദന വരാതിരിക്കാൻ വേണ്ടി ഒരു ഇഞ്ചക്ഷൻ കൂടി എടുത്തു എന്നേയുള്ളൂ

 

നുണ പറയുകയായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ അസഹ്യമായ വേദനയായിരുന്നു അനുഭവപ്പെട്ടത്. സ്ലൈഡിങ്ങ് ഡോർ തള്ളി മാറ്റി അയാൾ പുറത്തേക്ക് എത്തി നോക്കി. പെൻറിത്ത് എന്നെഴുതിയ സൈൻ ബോർഡ് ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നത് അയാൾ കണ്ടു. “എന്റെ ഊഹം ശരിയായിരുന്നു” ക്യുസെയ്ൻ പറഞ്ഞു.

 

“നമ്മൾ ഇവിടെ ഇറങ്ങുകയാണോ?”

 

“ഈ ട്രെയിൻ ഇതിനപ്പുറത്തേക്ക് പോകുമെന്നതിന് ഒരു ഉറപ്പുമില്ല ഹൈവേയിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടെ നിന്നും

 

“എന്നിട്ട്?”

 

“ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും സർവീസ് സെന്ററോ കഫേയോ ഷോപ്പുകളോ പാർക്ക് ചെയ്തിരിക്കുന്ന കാറുകളോ ട്രക്കുകളോ കാണാതിരിക്കില്ല” കൈയിലെ വേദന വീണ്ടും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു പുഞ്ചിരി മുഖത്ത് വരുത്തിയിട്ട് അയാൾ തുടർന്നു. “അനന്ത സാദ്ധ്യതകളാണ് നമുക്ക് മുന്നിൽ എന്റെ കൈയിൽ പിടിച്ചോളൂ വേഗത നന്നായി കുറയുമ്പോൾ നമുക്ക് ചാടിയിറങ്ങണം

 

                                                  ***

 

ക്യുസെയ്ൻ വിചാരിച്ചതിലും കൂടുതൽ ദൂരമുണ്ടായിരുന്നു ഹൈവേയിലേക്ക്. ഇരുവരും നടന്ന് M6 ഹൈവേയിലുള്ള ഏറ്റവും അടുത്ത സർവീസ് സെന്ററിലെ കാർ പാർക്കിങ്ങിൽ എത്തുമ്പോൾ പുലർച്ചെ മൂന്നു മണിയായിരുന്നു. അവിടെയുള്ള കഫേയുടെ നേർക്ക് അവർ നീങ്ങി. ഏതാനും കാറുകളും ഒരു കണ്ടെയ്നർ ട്രെയിലറും ഹൈവേയിൽ നിന്ന് ഇറങ്ങി വന്ന് പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കണ്ടെയ്നറിന്റെ മറവു മൂലം അവസാന നിമിഷത്തിലാണ് അങ്ങോട്ട് വന്നുകൊണ്ടിരുന്ന ഒരു പോലീസ് കാർ ക്യുസെയ്ന്റെ ദൃഷ്ടിയിൽപ്പെട്ടത്. അരികിലുള്ള ഒരു വാനിന്റെ പിറകിലേക്ക് മൊറാഗിനെ വലിച്ചടുപ്പിച്ച് കുനിഞ്ഞിരുന്നു കൊണ്ട് അയാൾ സ്ഥിതിഗതികൾ വീക്ഷിച്ചു. കഫേയുടെ മുന്നിൽ വന്നു നിന്ന ആ കാറിന്റെ മുകളിലെ ഫ്ലാഷ് ലൈറ്റ് സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

 

“നമ്മളിനി എന്തു ചെയ്യും?” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“നമുക്ക് നോക്കാം

 

ഡ്രൈവർ കാറിനുള്ളിൽത്തന്നെ ഇരുന്നു. രണ്ടാമത്തെ പോലീസുകാരൻ ഇറങ്ങി കഫേയുടെ ഉള്ളിലേക്ക് പോയി. കഫേയുടെ ചില്ലിട്ട ജാലകത്തിലൂടെ അവർക്ക് എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. വിവിധ മേശകൾക്ക് ചുറ്റുമായി ഏതാണ്ട് ഇരുപതോ മുപ്പതോ പേർ ഇരിക്കുന്നുണ്ട്. എല്ലാവരെയും നന്നായൊന്ന് നോക്കിയിട്ട് ആ പോലീസുകാരൻ പുറത്തേക്ക് വന്നു. തിരികെ കാറിനുള്ളിൽ കയറി റേഡിയോയിലൂടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കവെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോയി.

 

“നമ്മളെയാണ് അവർ അന്വേഷിച്ചു നടക്കുന്നത്” മൊറാഗ് പറഞ്ഞു.

 

“അല്ലാതെ പിന്നെ?” അവളുടെ തലയിൽ നിന്നും ടാൻ ഓ’ഷാന്റർ എടുത്തുമാറ്റി അയാൾ അടുത്തു കണ്ട കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു. “ഇതാണ് നല്ലത് ആ തൊപ്പി തലയിൽ ഉണ്ടെങ്കിൽ നിന്നെ തിരിച്ചറിയാൻ എളുപ്പമാണ്” അയാൾ പോക്കറ്റിൽ നിന്നും ഒരു അഞ്ച് പൗണ്ട് നോട്ട് എടുത്ത് അവൾക്ക് നൽകി. “ഇത്തരം കഫേകളിൽ അവർ പാർസൽ നൽകാറുണ്ട് കുറച്ച് ചൂടു ചായയും സാൻഡ്‌വിച്ചും വാങ്ങിക്കൊണ്ടു വരൂ ഞാൻ ഇവിടെ നിൽക്കാം അതായിരിക്കും നല്ലത്

 

പടവുകൾ കയറി അവൾ കഫേയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. കൗണ്ടറിന്റെ അറ്റത്ത് ചെന്ന് ഒന്ന് സംശയിച്ച് നിന്നിട്ട് അവൾ ഒരു ട്രേ എടുക്കുന്നത് ക്യുസെയ്ൻ അവിടെ നിന്ന് വീക്ഷിച്ചു. അടുത്തുള്ള മതിലിനരികിൽ ഒരു വലിയ വാനിന്റെ മറവിൽ ഒരു ബെഞ്ച് കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അതിന്മേൽ ചെന്നിരുന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി കാത്തിരിക്കവെ അയാളുടെ ചിന്ത മൊറാഗ് ഫിൻലേയെക്കുറിച്ചായിരുന്നു.

 

അവളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് തന്നെ വിചിത്രമായിരിക്കുന്നു. എല്ലാത്തിനെയും സംശയത്തോടെ നോക്കിക്കാണുന്ന ഒരു വൈദികന്റെ സ്വഭാവം വച്ച് ഇങ്ങനെയൊന്നും പാടില്ലാത്തതാണ്. വെറുമൊരു ബാലികയാണവൾ. താനാണെങ്കിൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ബ്രഹ്മചര്യം പാലിക്കുന്നവനും. കാലമിത്രയായിട്ടും സ്ത്രീ സംസർഗ്ഗമില്ലാതെ ജീവിക്കുന്നതിൽ തെല്ലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. ആ നിലയ്ക്ക് വെറുമൊരു പതിനാറുകാരി ജിപ്സി പെൺകൊടിയുമായി പ്രണയത്തിലാവുക എന്നൊക്കെ പറഞ്ഞാൽ എത്രമാത്രം അസംബന്ധമായിരിക്കും

 

തിരികെ വാനിന്റെ അരികിലെ എത്തിയ അവൾ കൈയിലുള്ള പ്ലാസ്റ്റിക്ക് ട്രേ ബെഞ്ചിൽ വച്ചു. “ചായയും പോർക്ക് സാൻഡ്‌വിച്ചും ഇതുകണ്ടോ, നമ്മുടെ കാര്യം പത്രത്തിലുണ്ട് വാതിൽക്കലുള്ള ന്യൂസ്പേപ്പർ സ്റ്റാന്റിൽ നിന്നും എടുത്തതാണ്

 

ചൂടുചായ കുടിച്ചുകൊണ്ട് അയാൾ ആ പത്രം വാങ്ങി മടിയിൽ നിവർത്തിവച്ച് കഫേയിൽ നിന്നും വരുന്ന മങ്ങിയ വെട്ടത്തിൽ വായിക്കാൻ ശ്രമിച്ചു. കാർലൈലിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക പത്രമായിരുന്നു അത്. തലേന്ന് വൈകിട്ട് പ്രിന്റ് ചെയ്തത്. മുൻപേജിൽത്തന്നെ ക്യുസെയ്ന്റെ ചിത്രമുണ്ട്. അതിനടുത്തായി മൊറാഗിന്റെ തനിയേയുള്ള ഒരു ചിത്രവും.

 

“ഈ ഫോട്ടോയിൽ നിനക്ക് പ്രായം തീരെ കുറവാണല്ലോ

 

“ഇത് കഴിഞ്ഞ വർഷം എന്റെ അമ്മ എടുത്ത ഫോട്ടായാണ് മുത്തശ്ശൻ അത് കാരവന്റെ ചുമരിൽ ഒട്ടിച്ചു വച്ചിരുന്നു പോലീസുകാർ അവിടെ നിന്നും ബലമായി എടുത്തതായിരിക്കണം ഒരിക്കലും അദ്ദേഹമായിട്ട് അവർക്ക് കൊടുക്കാൻ സാദ്ധ്യതയില്ല

 

“ഇന്നലത്തെ സായാഹ്നപത്രത്തിൽ, അതും ഒരു പ്രാദേശിക പത്രത്തിൽ ഇത് വന്ന സ്ഥിതിയ്ക്ക് ഇന്ന് രാവിലെ ഇറങ്ങാൻ പോകുന്ന എല്ലാ ദേശീയ പത്രങ്ങളിലും നമ്മൾ ഉണ്ടാകും” ക്യുസെയ്ൻ പറഞ്ഞു.

 

വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തുകൊണ്ട് ഒന്നും ഉരിയാടാതെ അയാൾ അവിടെത്തന്നെ ഇരുന്നു. കനത്ത മൗനം അവിടെങ്ങും നിറഞ്ഞു.

 

“എന്നെ ഇവിടെ വിട്ടിട്ട് പോകുകയാണല്ലേ നിങ്ങൾ?” അവൾ ചോദിച്ചു.

 

അയാൾ സൗമ്യമായി പുഞ്ചിരിച്ചു. “മൈ ഗോഡ് നിന്നെ സമ്മതിച്ചിരിക്കുന്നുശരിയാണ്, നിന്നെ ഇവിടെ വിട്ടിട്ട് പോകുകയാണ് അല്ലാതെ വേറൊരു മാർഗ്ഗവുമില്ല എനിയ്ക്ക്

 

“കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല

 

എന്നാൽ അയാൾ വിശദീകരിക്കുക തന്നെ ചെയ്തു. “പത്രത്തിലെ ഫോട്ടോകൾ ഭൂരിപക്ഷം പേരും അത്രയൊന്നും ശ്രദ്ധിക്കാറില്ല എന്നാൽ നാം ഇരുവരും ഒരുമിച്ച് സഞ്ചരിക്കുമ്പോൾ സ്ഥിതി മാറുന്നു നീ ഒറ്റയ്ക്കാണെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ എവിടെ വേണമെങ്കിലും പോകാൻ സാധിക്കും ഞാൻ തന്ന പണം നിന്റെ കൈവശമില്ലേ?”

 

“ഉണ്ട്

 

“എങ്കിൽപ്പിന്നെ ഈ തണുപ്പത്ത് നിൽക്കാതെ ആ കഫേയിൽ പോയി ഇരിക്കൂ എക്സ്പ്രസ് ബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട് മുമ്പൊരിക്കൽ ഈ റൂട്ടിൽ സഞ്ചരിച്ചിട്ടുള്ളതുകൊണ്ടാണ് പറയുന്നത് ഇവിടെ നിന്നും ബർമ്മിങ്ങ്ഹാമിലേക്കുള്ള ബസ്സ് പിടിച്ചാൽ മതി അവിടെ നിന്നും ലണ്ടനിലേക്ക് ബസ്സ് കിട്ടാൻ ബുദ്ധിമുട്ടില്ല

 

“അപ്പോൾ നിങ്ങളോ?”

 

“എന്നെയോർത്ത് വിഷമിക്കണ്ട അഥവാ ഇനി അവർ നിന്നെ പിടികൂടുകയാണെങ്കിൽത്തന്നെ, ഞാൻ ഭീഷണിപ്പെടുത്തി നിന്നെ ഒപ്പം കൂട്ടുകയായിരുന്നു എന്ന് പറഞ്ഞാൽ മതി അത് വിശ്വസിക്കാതിരിക്കാൻ ഒരു സാദ്ധ്യതയുമില്ല” തന്റെ ബാഗ് എടുത്തിട്ട് അയാൾ അവളുടെ കവിളിൽ പതുക്കെ സ്പർശിച്ചു. “യൂ ആർ എ സ്പെഷ്യൽ പേഴ്സൺ നിന്നെ ഇകഴ്ത്തിക്കാട്ടുവാൻ ഇനി ഒരിക്കലും ആരെയും അനുവദിക്കരുത് അക്കാര്യത്തിൽ നീ എനിക്ക് വാക്കു തരണം

 

“ഞാൻ വാക്കു തരുന്നു” അവളുടെ ശബ്ദം ഇടറിയിരുന്നു. അയാളുടെ കവിളിൽ ഒരു മുത്തം നൽകിയിട്ട് അവൾ തിരിഞ്ഞ് ഓടിപ്പോയി.

 

കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അവൾ ആർജ്ജിച്ചെടുത്തതായിരുന്നു കരയാതിരിക്കാനുള്ള കഴിവ്. എങ്കിലും ആ കഫേയുടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ കണ്ണുകൾ എരിയുന്നുണ്ടായിരുന്നു. ഒരു മേശയുടെ സമീപത്തു കൂടി കടന്നു പോകവെ ആരോ കൈത്തണ്ടയിൽ കയറിപ്പിടിച്ചതിന്റെ ഞെട്ടലിൽ അവൾ തിരിഞ്ഞു നിന്നു. കറുത്ത ലെതർകോട്ട് ധരിച്ച, തലമുടി പറ്റെ വെട്ടിയ, ദുരുദ്ദേശ്യം മനസ്സിൽ കൊണ്ടുനടക്കുന്നവരെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരായ മോട്ടോർസൈക്കിളിസ്റ്റുകളുടെ ഒരു സംഘത്തെയാണ് അവൾ കണ്ടത്. അവളുടെ കൈയിൽ കയറിപ്പിടിച്ച ചെമ്പൻ മുടിക്കാരന്റെ നെഞ്ചിൽ ഒരു നാസി അയേൺ ക്രോസ് ചിഹ്നം ഉണ്ടായിരുന്നു.

 

“നിന്റെ പ്രശ്നമെന്താണ് ഡാർലിങ്ങ്? എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്താൽ തീരാത്തതൊന്നുമല്ലല്ലോ” ഒരു വെടലച്ചിരിയോടെ അവൻ പറഞ്ഞു.

 

ലവലേശം പോലും കോപം പ്രകടിപ്പിക്കാതെ അവന്റെ കൈ വിടുവിച്ചിട്ട് അവൾ കൗണ്ടറിന് നേർക്ക് നടന്നു. ഒരു കപ്പ് ചായയുമെടുത്ത് മേശയ്ക്കരികിൽ ചെന്ന് ഇരുന്നിട്ട് അവൾ കൈകൾ കൂട്ടിത്തിരുമ്മി. പെട്ടെന്നൊരു നാൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അതുപോലെ തന്നെ കടന്നു പോവുകയും ചെയ്തിരിക്കുന്നു ഹാരി ക്യുസെയ്ൻ. അതൊന്നും ഒരിക്കലും ഇനി തിരികെയെത്തില്ല ഇനിയൊരിക്കലും അവൾ വിതുമ്പുവാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ആ മിഴികളിൽ നിന്നും ചുടുകണ്ണീർ ധാരയായി ഒഴുകി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, May 22, 2024

കൺഫെഷണൽ – 65

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഫോക്സ് ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടൻസ് തുറന്ന് ഇടതുവശത്ത് മാറിന് താഴെ വെടിയേറ്റ മുറിവ് ഡെവ്‌ലിൻ പരിശോധിച്ചു. ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അയാൾ. കഠിനമായ വേദനയുണ്ടെന്ന് കണ്ണുകളിൽ നിന്ന് വ്യക്തം. “നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു” ഫോക്സ് മന്ത്രിച്ചു. “ഉന്നത്തിൽ മിടുക്കൻ തന്നെ അയാൾ

 

“ടേക്ക് ഇറ്റ് ഈസി” ഡെവ്‌ലിൻ പറഞ്ഞു. “ഞാൻ ട്രെന്റിനോടും ബ്രോഡിയോടും വരാൻ പറഞ്ഞിട്ടുണ്ട്

 

അപ്പോഴേക്കും ആ ഫോർഡ് വാൻ പാഞ്ഞടുക്കുന്നതിന്റെ ശബ്ദം കേൾക്കാറായി. “അയാൾ ഇപ്പോഴും അതിനകത്ത് തന്നെ ഉണ്ടാകുമോ?” ഫോക്സ് ചോദിച്ചു.

 

“സംശയമാണ്

 

ഫോക്സ് നെടുവീർപ്പിട്ടു. “പിടികൂടി എന്നുറപ്പിച്ചതായിരുന്നു ലിയാം കൈയിൽ കിട്ടിയിട്ടും വഴുതിപ്പോയി ഇതിന് നാം കൊടുക്കേണ്ട വില വളരെ വലുതായിരിക്കും

 

“അയാളുടെ ഒരു ദുശ്ശീലമാണത്” ഡെവ്‌ലിൻ പറഞ്ഞു. അടുത്ത നിമിഷം ആ ഫോർഡ് വാൻ മുറ്റത്ത് വന്ന് ബ്രേക്ക് ചെയ്തു.

 

                                                       ***

 

ക്യുസെയ്ൻ ജീപ്പിന്റെ പാസഞ്ചർ സീറ്റിൽ നിലത്ത് കാൽ കുത്തി വശംതിരിഞ്ഞ് ഇരുന്നു. അരയ്ക്ക് മുകളിലേക്കുള്ള വസ്ത്രങ്ങൾ അഴിച്ചുമാറ്റിയപ്പോഴാണ് മുറിവിന്റെ യഥാർത്ഥ ചിത്രം വ്യക്തമായത്. വെടിയേറ്റ മുറിവിൽ നിന്നും രക്തം വാർന്നുപോയിട്ടുണ്ട്. അത്ര നല്ല ലക്ഷണമല്ല അതെന്ന് മനസ്സിലായെങ്കിലും അവളോട് അത് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അയാളുടെ നിർദ്ദേശപ്രകാരം ബാഗിലുണ്ടായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും സൾഫാ പൗഡർ എടുത്ത് മുറിവിൽ കുടഞ്ഞതിന് ശേഷം അവൾ കോട്ടൺ വച്ച് ഡ്രസ് ചെയ്തു.

 

“ഇപ്പോൾ എന്തു തോന്നുന്നു?” ആകാംക്ഷയോടെ അവൾ ആരാഞ്ഞു.

 

“കുഴപ്പമില്ല” വാസ്തവത്തിൽ അതൊരു നുണയായിരുന്നു. കാരണം, ആദ്യത്തെ ആ ഷോക്ക് മാറിയതോടെ കടുത്ത വേദന തോന്നിത്തുടങ്ങിയിരിക്കുന്നു. ബാഗിനുള്ളിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ എടുത്ത് അയാൾ സ്വയം ഇഞ്ചക്റ്റ് ചെയ്തു. യുദ്ധമുന്നണിയിൽ സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള ആ ഇഞ്ചക്ഷൻ കൊണ്ട് പെട്ടെന്ന് തന്നെ ഫലം കണ്ടു. വേദന കുറഞ്ഞു തുടങ്ങി.

 

“ഗുഡ്” ക്യുസെയ്ൻ പറഞ്ഞു. “ഇനി എനിക്കൊരു ഷർട്ട് തരൂ ബാഗിനുള്ളിൽ ഒരെണ്ണം കൂടി കാണണം

 

ഷർട്ട് ധരിക്കാൻ അവൾ അയാളെ സഹായിച്ചു. അതിനു മുകളിൽ ജാക്കറ്റും റെയിൻകോട്ടും കൂടി അവൾ അണിയിച്ചു. “ഒരു ഡോക്ടറെ കണ്ടേ തീരൂ” അവൾ പറഞ്ഞു.

 

“തീർച്ചയായും” അയാൾ പറഞ്ഞു. “എന്നെ സഹായിക്കണം, എന്റെ കൈമുട്ടിന് മുകളിൽ ഒരു വെടിയുണ്ട കയറിയിട്ടുണ്ട്, അതൊന്ന് എടുത്തു തരണം എന്ന് പറയണം അല്ലേ…? ടെലിഫോൺ എടുത്ത് പോലീസിനെ വിളിക്കുക എന്നതായിരിക്കും അയാൾ ആദ്യം ചെയ്യുക

 

“പിന്നെ, എന്തു ചെയ്യും നമ്മൾ? നിങ്ങൾക്ക് വേണ്ടി എല്ലായിടത്തും വല വിരിച്ചു കാണും അവർ ഇപ്പോൾ എല്ലാ റോഡുകളിലും

 

“എനിക്കറിയാം” അയാൾ പറഞ്ഞു. “നമുക്ക് ഈ മാപ്പ് ഒന്ന് നോക്കാം” അല്പസമയത്തിന് ശേഷം അയാൾ തുടർന്നു. “നമുക്കും ഇംഗ്ലണ്ടിനും ഇടയിലുള്ള സ്ഥലമാണ് സോൾവേ ഫർത്ത് ഡംഫ്രീസ്, അന്നാൻ വഴി കാർലൈലിലേക്കുള്ള പ്രധാന റൂട്ട് വേറെ റോഡുകളൊന്നും തന്നെ കാണുന്നില്ല

 

“അപ്പോൾ നാം കുടുക്കിലായി എന്നാണോ?”

 

“എന്ന് ഉറപ്പിക്കാൻ പറ്റില്ല റെയിൽവേ ഉണ്ടല്ലോ രക്ഷപെടാൻ അങ്ങനെയൊരു സാദ്ധ്യത ഉണ്ട് എന്തായാലും ജീപ്പ് എടുക്കൂ, തൽക്കാലം നമുക്ക് ഇവിടെ നിന്നും പുറത്ത് കടക്കാം

 

                                                ***

 

“മൊത്തം പ്രശ്നമാണല്ലോ ഇതിലേറെ ഇനി മോശമാവാനില്ല ഹാരി ഫോക്സിന് ഇപ്പോൾ എങ്ങനെയുണ്ട്?” ഫെർഗൂസൺ ചോദിച്ചു.

 

“ജീവൻ അപകടത്തിലല്ല എന്നാണ് ഇവിടെയുള്ള ഡോക്ടർ പറയുന്നത് ഡംഫ്രീസ് ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ” ഡെവ്‌ലിൻ പറഞ്ഞു.

 

“എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഇവിടെ ലണ്ടനിലേക്ക് കൊണ്ടുവരുവാനുള്ള ഏർപ്പാട് ഞാൻ ചെയ്യുകയാണ് ഏറ്റവും നല്ല ചികിത്സ ലഭിക്കണം അദ്ദേഹത്തിന് എവിടെ നിന്നാണ് നിങ്ങൾ ഇപ്പോൾ ഫോൺ ചെയ്യുന്നത്?”

 

“ഡംഫ്രീസ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ട്രെന്റ് എന്നോടൊപ്പമുണ്ട് കഴിയുന്നതും എല്ലായിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ടവർ മിക്കവാറും എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട് പക്ഷേ, കാലാവസ്ഥയാണ് പ്രശ്നം ഇപ്പോഴും കനത്ത മഴയാണ്

 

“നിങ്ങൾക്കെന്ത് തോന്നുന്നു, ലിയാം?”

 

“എനിക്ക് തോന്നുന്നത് അയാൾ രക്ഷപെട്ടു എന്ന് തന്നെയാണ്

 

“ലോക്കൽ പോലീസിന്റെ വലയിൽ കുടുങ്ങില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?”

 

“ഒരു സാദ്ധ്യതയുമില്ല അതിന്

 

ഫെർഗൂസൺ ഒരു നെടുവീർപ്പിട്ടു. “യെസ് സത്യം പറഞ്ഞാൽ എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത് എന്തായാലും അല്പനേരം കൂടി ഹാരിയോടൊപ്പം നിൽക്കുക എന്നിട്ട് തിരികെ വന്നോളൂ

 

“ഇന്ന് തന്നെയോ?”

 

“ലണ്ടനിലേക്കുള്ള നൈറ്റ് ട്രെയിൻ പിടിക്കുക നാളെ രാവിലെ എട്ടുമണിക്കാണ് പോപ്പ് ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ലാന്റ് ചെയ്യുന്നത് ആ സമയത്ത് എന്നോടൊപ്പം നിങ്ങളും വേണം

 

                                                     ***

 

ഡൺ‌ഹില്ലിന് സമീപമുള്ള മലനിരകളിലെ വനത്തിലുള്ള ഒരു ക്വാറിയിൽ ജീപ്പ് ഉപേക്ഷിച്ചിട്ട് ക്യുസെയ്നും മൊറാഗും കുന്നിറങ്ങി റെയിൽവേ ലൈൻ ലക്ഷ്യമാക്കി നടന്നു. കനത്ത മഴമൂലം ആ ചെറുപട്ടണത്തിലെ തെരുവുകൾ വിജനമായിരുന്നു. അല്പദൂരം റോഡിലൂടെ നീങ്ങി, നാശോന്മുഖമായി കിടക്കുന്ന ഒരു പഴയ വെയർഹൗസിനരികിലെ വേലിയിൽ കണ്ട ചെറിയൊരു പഴുതിലൂടെ നൂഴ്ന്ന് കടന്ന് അവർ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി. ഒരു ഗുഡ്സ് ട്രെയിൻ അടുത്ത ട്രാക്കിൽ കിടക്കുന്നുണ്ടായിരുന്നു. മറുഭാഗത്തുകൂടി ആരോ അങ്ങോട്ട് നടന്നടുക്കുന്നത് ശ്രദ്ധിച്ച ക്യുസെയ്ൻ അവിടെ കുനിഞ്ഞിരുന്ന് ട്രെയിനിനടിയിലൂടെ ശ്രദ്ധിച്ചു. ഓവറോൾ ധരിച്ച ഒരു ഡ്രൈവർ നടന്നു വന്ന് എഞ്ചിൻ റൂമിലേക്ക് കയറിപ്പോകുന്നതാണ് അയാൾ കണ്ടത്.

 

“പക്ഷേ, ഇതെങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ലല്ലോ” മൊറാഗ് ആശങ്കപ്പെട്ടു.

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “എന്തായാലും എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത് തെക്ക് ദിശയിലേക്കാണ് ശരിയല്ലേ?” അയാൾ അവളുടെ കൈ പിടിച്ചു. “വരൂ

 

ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് ഗുഡ്സ് ട്രെയിനിന് അടുത്തെത്തിയപ്പോഴേക്കും അത് പതുക്കെ നീങ്ങിത്തുടങ്ങിയിരുന്നു. ക്യുസെയ്ൻ ഓടിച്ചെന്ന് ഒരു വാഗണിന്റെ സ്ലൈഡിങ്ങ് ഡോർ തുറന്നു. പിന്നെ, തന്റെ ബാഗ് അതിനുള്ളിലേക്ക് എറിഞ്ഞിട്ട് വാഗണിനുള്ളിലേക്ക് പിടിച്ചു കയറി തിരിഞ്ഞ് അവളുടെ നേർക്ക് കൈ നീട്ടി. അടുത്ത നിമിഷം അവളും വാഗണിൽ സുരക്ഷിതമായി കയറി. അതിനുള്ളിൽ നിറയെ പായ്ക്കിങ്ങ് കെയ്സുകളായിരുന്നു അടുക്കി വച്ചിരുന്നത്. അവയിൽ പലതിന്മേലും പെൻറിത്തിലുള്ള ഏതോ ഒരു ഫാക്ടറിയുടെ അഡ്രസ് ആലേഖനം ചെയ്തിട്ടുണ്ട്.

 

“പെൻറിത്ത് അതെവിടെയാണ്?” മൊറാഗ് ചോദിച്ചു.

 

“കാർലൈലിന്റെ തെക്കുഭാഗത്തുള്ള ഒരു സ്ഥലമാണ് അഥവാ ഈ ട്രെയിൻ അതിനപ്പുറത്തേക്ക് പോകുന്നില്ലെങ്കിൽത്തന്നെ നമുക്ക് പോകേണ്ട വഴിയിലാണല്ലോ അത്

 

ആഹ്ലാദത്തോടെ താഴെ ഇരുന്നിട്ട് ക്യുസെയ്ൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ഇടതു കൈ ഉയർത്താൻ പറ്റുന്നുണ്ടെങ്കിലും അത് തന്റെ നിയന്ത്രണത്തിലല്ലാത്തത് പോലെയുള്ള പ്രതീതി. മോർഫിൻ പ്രവർത്തിച്ചു തുടങ്ങിയതു കൊണ്ട് വേദന അറിയുന്നില്ല. ഒട്ടിച്ചേർന്ന് ഒപ്പമിരുന്ന മൊറാഗിനെ അയാൾ ചേർത്തുപിടിച്ചു. കാലമേറെയായിരിക്കുന്നു ആരെയെങ്കിലും ഇതുപോലെ സംരക്ഷിച്ച് ഒപ്പം നിർത്തിയിട്ട്. അങ്ങനെയൊരു ചിന്ത തന്നെ മനസ്സിൽ നിന്നും അന്യമായിട്ട് വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു.

 

കണ്ണുകളടച്ച് അവൾ മയങ്ങുവാൻ തുടങ്ങിയിരിക്കുന്നു. മോർഫിൻ ഇഞ്ചക്ഷന് നന്ദി, കൈയിലെ വേദന ഇതുവരെ തിരികെ എത്തിയിട്ടില്ല. അഥവാ ഇനി തിരികെ വന്നാൽത്തന്നെ ആവശ്യത്തിനുള്ള ആംപ്യൂൾസ് മെഡിക്കൽ കിറ്റിനുള്ളിലുണ്ട്. തൽക്കാലം മുന്നോട്ട് പോകാൻ അത് ധാരാളം. കൈമുട്ടിന് മുകളിലായി കയറിയിരിക്കുന്ന വെടിയുണ്ട നീക്കം ചെയ്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇൻഫെക്ഷനായി വ്രണമാവാൻ അധികം സമയം വേണ്ട. പക്ഷേ, തനിക്കിനി വെറും മുപ്പത്തിയാറ് മണിക്കൂർ മാത്രം ലഭിച്ചാൽ മതി. നാളെ രാവിലെയാണ് പോപ്പ് ഗാറ്റ്‌വിക്ക് എയർപോർട്ടിൽ എത്തുന്നത്. അതിന്റെ പിറ്റേന്ന് കാന്റർബറിയിലും.

 

വേഗതയാർജ്ജിച്ച ഗുഡ്സ് ട്രെയിൻ തെക്കോട്ട് കുതിക്കവെ ആ പെൺകുട്ടിയെ തന്നോട് ചേർത്തു പിടിച്ചുകൊണ്ട് അയാൾ പിന്നോട്ട് ചാരിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ നിദ്രയിലേക്ക് വഴുതി വീണു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Thursday, May 16, 2024

കൺഫെഷണൽ – 64

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡൺഹില്ലിലെ ഒരു ലോക്കൽ ഗ്യാരേജിൽ നിന്നും കടം വാങ്ങിയ ഒരു നീല ഫോർഡ് വാനിലാണ് ഡെവ്‌ലിനും ഫോക്സും ട്രെന്റും പോലീസ് സെർജന്റ് ബ്രോഡിയും കൂടി ലാർവിക്കിലേക്ക് തിരിച്ചത്. ഗ്രാമത്തിലെ ജനറൽ സ്റ്റോറിന് വെളിയിൽ വാഹനം പാർക്ക് ചെയ്തിട്ട് സെർജന്റ് ബ്രോഡി ഇറങ്ങി ആ സ്റ്റോറിനുള്ളിലേക്ക് പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തിയ അയാൾ വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി.

 

“ഹെക്ടർ മൺഗോ കുറച്ച് മുമ്പ് ഇവിടെ വന്ന് സാധനങ്ങൾ വാങ്ങി പോയിരുന്നുവത്രെ” ബ്രോഡി പറഞ്ഞു. “സ്റ്റോറിന്റെ ഉടമയായ ആ വൃദ്ധ വൈകുന്നേരങ്ങളിൽ ഒരു സലൂൺ ബാറും പബ്ബും കൂടി നടത്തുന്നുണ്ട് മൺഗോ സഹോദരന്മാർ ഈ പരിസരത്ത് തന്നെയാണ് ഉള്ളതെന്നാണ് അവർ പറയുന്നത് പക്ഷേ, അപരിചിതരെ ആരെയും ഇവിടെങ്ങും കണ്ടില്ലത്രെ ഇതുപോലുള്ള ചെറിയ ഗ്രാമത്തിൽ അങ്ങനെ ആരെങ്കിലും വന്നാൽത്തന്നെ ശ്രദ്ധയിൽപ്പെടാതെ പോകാൻ ഒരു സാദ്ധ്യതയുമില്ലെന്നാണവർ പറയുന്നത്

 

വാനിന്റെ പിറകിലെ ജാലകത്തിലൂടെ ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. അവർ അങ്ങോട്ട് എത്തിയ ആ ഒരു തെരുവ് മാത്രമേ ആ പ്രദേശത്ത് കാണാനുള്ളൂ. കല്ലുകൊണ്ട് പണിത ഒരു നിര കോട്ടേജുകൾ, ഒരു പബ്ബ്, പിന്നെ ആ സ്റ്റോർ. അവയ്ക്ക് പിന്നിൽ കുത്തനെ ഉയർന്ന് നിൽക്കുന്ന കുന്നുകൾ. “അവർ പറഞ്ഞത് ശരിയാണ് പുതിയതായി ആരു വന്നാലും ശ്രദ്ധയിൽപ്പെടാതെ പോകില്ല

 

ബ്രോഡി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ചാരനിറമുള്ള കന്മതിലുകൾ ഇരുവശവും അതിരിടുന്ന ഇടുങ്ങിയ തെരുവിലൂടെ വാൻ മുന്നോട്ട് നീങ്ങി. “ഇതാണ് ഇവിടെയുള്ള ഒരേയൊരു പാത ഇത് അവസാനിക്കുന്നത് അവരുടെ ഫാമിലും” ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അയാൾ തുടർന്നു. “ഇവിടെ വരെയേ നമുക്ക് പോകാനാവൂ ഇനിയും മുന്നോട്ട് പോയാൽ അവരുടെ ശ്രദ്ധയിൽപ്പെട്ടെന്നിരിക്കും

 

പാതയോരത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്തിട്ട് അവർ എല്ലാവരും പുറത്തിറങ്ങി. “എന്തു ദൂരമുണ്ട് ഇനി?” ട്രെന്റ് ചോദിച്ചു.

 

“കാൽ മൈലിൽ താഴെ വരൂ, ഞാൻ കാണിച്ചു തരാം

 

മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലേക്ക് നീങ്ങിയ അവർ കുറ്റിക്കാടുകൾ താണ്ടി നിറുകയിൽ എത്തി. കുത്തനെയുള്ള ഗർത്തത്തിനരികിൽ ശ്രദ്ധയോടെ നിന്നുകൊണ്ട് ട്രെന്റ് പറഞ്ഞു. “അതാ, നോക്കൂ

 

നൂറോ ഇരുനൂറോ വാര അകലെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ആ ഫാം കാണാൻ സാധിക്കുന്നുണ്ടായിരുന്നു. “കാനറി റോയിൽ എത്തിയത് പോലെയുണ്ട്” ഡെവ്‌ലിൻ മന്ത്രിച്ചു.

 

“യെസ് ഏതാണ്ട് അതുപോലെ തന്നെയുണ്ട്” ഫോക്സ് പറഞ്ഞു. “ഒരു മനുഷ്യനെപ്പോലും കാണാനില്ലല്ലോ അവിടെ

 

“അതിലും പ്രധാനം ആ ജീപ്പിന്റെ അടയാളം പോലും അവിടെയില്ല എന്നതാണ്” ഡെവ്‌ലിൻ പറഞ്ഞു. “ഒരു പക്ഷേ, എന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയിരിക്കാം

 

ആ നിമിഷമാണ് മൺഗോ സഹോദരന്മാർ ഇരുവരും അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി മുറ്റത്ത് കൂടി മറുവശത്തേക്ക് നടന്നത്. “അത് അവരായിരിക്കണം” പോക്കറ്റിൽ നിന്നും സെയ്സ് ഫീൽഡ് ഗ്ലാസ് എടുത്ത് ഫോക്സ് അങ്ങോട്ട് ഫോക്കസ് ചെയ്തു. “കണ്ടാൽ ഗുണ്ടകളെപ്പോലുള്ള രണ്ടുപേർ” മുറ്റത്തിനപ്പുറമുള്ള ധാന്യപ്പുരയിലേക്ക് കയറിപ്പോയ അവരെ നോക്കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഒരു നിമിഷം കഴിഞ്ഞതും മൊറാഗ് ഫിൻലേ ദൃഷ്ടിപഥത്തിലെത്തി.

 

“അത് ആ പെൺകുട്ടിയാണ് അവൾ ആകാനേ തരമുള്ളൂ” ആവേശത്തോടെ ട്രെന്റ് പറഞ്ഞു. “റീഫർകോട്ട്, ടാം ഓ’ഷാന്റർ പറഞ്ഞിരിക്കുന്ന വിവരണങ്ങൾ എല്ലാം യോജിക്കുന്നുണ്ട്

 

“ജീസസ്, മേരി & ജോസഫ്!” ഡെവ്‌ലിൻ മന്ത്രിച്ചു. “എന്റെ ഊഹം ശരിയായിരുന്നു ഹാരി ആ വീടിനുള്ളിൽത്തന്നെ ഉണ്ടായിരിക്കണം

 

“എങ്ങനെയാണ് ഈ വിഷയം നമ്മൾ കൈകാര്യം ചെയ്യാൻ പോകുന്നത്?” ട്രെന്റ് സംശയം ഉന്നയിച്ചു.

 

“നിങ്ങൾ രണ്ടുപേരുടെ കൈയിലും പേഴ്സണൽ റേഡിയോകൾ ഇല്ലേ?” ഫോക്സ് ആരാഞ്ഞു.

 

“തീർച്ചയായും

 

“റൈറ്റ് അതിലൊന്ന് എനിക്ക് തരൂ ഡെവ്‌ലിനും ഞാനും കൂടി ഫാമിന്റെ പിൻഭാഗത്തു കൂടി അങ്ങോട്ട് ചെല്ലാം ഭാഗ്യം തുണച്ചാൽ അപ്രതീക്ഷിതമായ ഒരു ആക്രമണത്തിലൂടെ ഞങ്ങൾ അവരെ കീഴെപ്പെടുത്തും നിങ്ങൾ ഇരുവരും തിരികെ ചെന്ന് വാനിൽ കാത്തിരിക്കുക ശുഭവാർത്ത ഞാൻ അറിയിക്കുന്ന നിമിഷം ഒരു എക്സ്പ്രസ് ട്രെയിൻ പോലെ വാനുമായി നിങ്ങൾ അവിടെ പാഞ്ഞെത്തുക

 

“ഫൈൻ

 

ട്രെന്റും ബ്രോഡിയും തിരികെ റോഡിലേക്ക് നടന്നു. ഡെവ്‌ലിൻ പോക്കറ്റിൽ നിന്നും വാൾട്ടർ PPK പിസ്റ്റൾ എടുത്ത് കോക്ക് ചെയ്തു. ഫോക്സും തന്റെ റിവോൾവർ എടുത്ത് റെഡിയാക്കി.

 

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ഒരു കാര്യം ഓർമ്മയിരിക്കട്ടെ രണ്ടാമതൊരു അവസരം നൽകുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല ഹാരി ക്യുസെയ്ൻ

 

“ആ ഭയം വേണ്ട” പുഞ്ചിരിച്ചുകൊണ്ട് ഫോക്സ് പറഞ്ഞു. “അങ്ങനെയൊരു അവസ്ഥ ഞാൻ വരുത്തി വയ്ക്കില്ല” നനഞ്ഞു കിടക്കുന്ന പുൽമേട്ടിലൂടെ അദ്ദേഹം കുന്നിന്റെ മറുഭാഗത്തേക്ക് ഇറങ്ങുവാൻ ആരംഭിച്ചു. പിന്നാലെ ഡെവ്‌ലിനും.

 

                                                        ***

 

ഉറക്കമുണർന്ന മൊറാഗ് കുറച്ചു നേരം സീലിങ്ങിലേക്ക് കണ്ണും നട്ട് വെറുതെ കിടന്നു. പിന്നീടാണ് താൻ എവിടെയാണ് കിടക്കുന്നതെന്ന് അവൾക്ക് ഓർമ്മ വന്നത്. തല ചരിച്ച് നോക്കിയ അവൾ കണ്ടത് അവൾക്കരികിൽ ശാന്തമായി ഉറങ്ങുന്ന ക്യുസെയ്നെയാണ്. മന്ദഗതിയിൽ ശ്വാസമെടുത്തുകൊണ്ട് യാതൊരു അല്ലലുമില്ലാതെ ഉറങ്ങുന്ന അയാളുടെ വലതുകൈയിൽ സ്റ്റെച്ച്കിൻ പിസ്റ്റൾ അപ്പോഴുമുണ്ടായിരുന്നു. അയാളെ ശല്യപ്പെടുത്താതെ പതുക്കെ എഴുന്നേറ്റ അവൾ ഒന്ന് മൂരിനിവർത്തി ജാലകത്തിനരികിലേക്ക് നടന്നു. പുറത്തേക്ക് നോക്കിയ അവൾ കണ്ടത് മുറ്റത്തിനപ്പുറത്തെ ധാന്യപ്പുരയിലേക്ക് പോകുന്ന ഹെക്ടർ മൺഗോയെയും ആംഗസിനെയുമാണ്. വാതിൽ തുറന്ന് സ്റ്റെയർകെയ്സിന്റെ മുകളിലത്തെ പടിയിൽ നിൽക്കവെ അവൾ ധാന്യപ്പുരയിൽ നിന്നും ഏതോ ഒരു എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു. അതെന്താണെന്ന ആകാംക്ഷയോടെ ഏതാനും നിമിഷങ്ങൾ ശ്രദ്ധിച്ചതിന് ശേഷം പടികളിറങ്ങി അവൾ അങ്ങോട്ട് നടന്നു.

 

കിടക്കയിൽ ഒന്ന് തിരിഞ്ഞ് നിവർന്ന ക്യുസെയ്ൻ കണ്ണു തുറന്ന് പെട്ടെന്ന് തന്നെ ബോധാവസ്ഥയിലേക്കെത്തി. മൊറാഗിന്റെ അസാന്നിദ്ധ്യം ശ്രദ്ധിച്ച അയാൾ തൊട്ടടുത്ത നിമിഷം ചാടിയെഴുന്നേറ്റു. അപ്പോഴാണ് തുറന്നു കിടക്കുന്ന വാതിൽ അയാൾ കണ്ടത്.

 

                                                  ***

 

വാറ്റുചാരായത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു ആ ധാന്യപ്പുരയുടെയുള്ളിൽ എമ്പാടും. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പെട്രോൾ ജനറേറ്റർ സ്റ്റാർട്ട് ചെയ്തിട്ട് ഹെക്ടർ വാറ്റിന്റെ മൂടി തുറന്ന് പരിശോധിച്ചു.

 

“കുറച്ചുകൂടി പഞ്ചസാര വേണം” അയാൾ പറഞ്ഞു.

 

“ഞാൻ എടുത്തുകൊണ്ടുവരാം” ആംഗസ് തല കുലുക്കി.

 

വാതിൽ തുറന്ന് ആംഗസ് തൊട്ടടുത്തുള്ള ഷെഡ്ഡിനുള്ളിലേക്ക് കയറി. വ്യാജവാറ്റിന് ആവശ്യമായ വിവിധയിനം സാധനങ്ങളും കുറേ പഞ്ചസാരച്ചാക്കുകളും അതിനകത്തുണ്ടായിരുന്നു. ഒരു പഞ്ചസാരച്ചാക്ക് എടുത്ത് ചുമലിൽ വയ്ക്കാനൊരുങ്ങവെയാണ് പലകയാൽ നിർമ്മിച്ച ചുമരിന്റെ വിടവിലൂടെ അയാൾ പുറത്ത് നിൽക്കുന്ന മൊറാഗിനെ കണ്ടത്. ധാന്യപ്പുരയുടെ ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് എത്തി നോക്കുകയായിരുന്നു അവൾ. പഞ്ചസാരച്ചാക്ക് താഴെ വച്ചിട്ട് ഒരു ചെറുപുഞ്ചിരിയോടെ ശബ്ദമുണ്ടാക്കാതെ അയാൾ പതുക്കെ പുറത്തേക്ക് വന്നു.

 

അയാൾ നടന്നടുക്കുന്നത് അവൾ അറിയുന്നതേയുണ്ടായിരുന്നില്ല. പിന്നിലൂടെ വന്ന് ആരോ വായ് പൊത്തിപ്പിടിച്ചപ്പോൾ നിലവിളിക്കാൻ പോലും പറ്റാതെ അവൾ പിടഞ്ഞു. മൊറാഗിനെ പൊക്കിയെടുത്ത് ആംഗസ് ധാന്യപ്പുരയുടെ ഉള്ളിലേക്ക് നടക്കവെ കൈകാലുകളിട്ടടിച്ച് അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു.

 

വാറ്റ് ഇളക്കിക്കൊണ്ടിരുന്ന ഹെക്ടർ തിരിഞ്ഞു. “എന്താണിത്?”

 

“ഈ ഒളിഞ്ഞു നോട്ടക്കാരിയെ അല്പം മര്യാദ പഠിപ്പിക്കാനുണ്ട്” ആംഗസ് പറഞ്ഞു.

 

താഴെയിറക്കിയതും അവൾ അയാളെ സർവ്വശക്തിയുമെടുത്ത് അടിക്കുവാൻ തുടങ്ങി. ആംഗസ് കൈ മടക്കി ആഞ്ഞൊരു പ്രഹരം നൽകിയതോടെ അവൾ പിറകോട്ട് മറിഞ്ഞ് ചാക്കുകെട്ടുകളുടെ മുകളിലേക്ക് മലർന്ന് വീണു.

 

അവൾക്ക് ഇരുവശത്തുമായി കാൽ കവച്ചു നിന്നിട്ട് അയാൾ തന്റെ ബെൽറ്റിന്റെ ബക്ക്‌ൾ അഴിക്കുവാൻ തുടങ്ങി. “മര്യാദ അതെന്താണെന്ന് നിന്നെയിന്ന് പഠിപ്പിക്കാൻ പോകുകയാണ് ഞാൻ

 

“ആംഗസ്!” വാതിൽ തുറന്ന് ഉള്ളിലെത്തിയ ക്യുസെയ്ൻ വിളിച്ചു. “ജന്മനാൽ തന്നെ തന്തയില്ലാത്തവനാണോ അതോ അതിന് പഠിച്ചുകൊണ്ടിരിക്കുകയാണോ നീ?”

 

റെയിൻകോട്ടിന്റെ പോക്കറ്റിൽ അലക്ഷ്യമായി കൈകൾ തിരുകി നിൽക്കുന്ന ക്യുസെയ്ന്റെ നേർക്ക് ആംഗസ് തിരിഞ്ഞു. പിന്നെ താഴെക്കിടക്കുന്ന ഷവൽ എടുക്കുവാനായി കുനിഞ്ഞു. “എടാ കുള്ളാ, നിന്റെ തല അടിച്ചു തകർക്കും ഞാനിന്ന്

 

“IRA യിൽ നിന്ന് ചിലതെല്ലാം പഠിച്ചിട്ടുണ്ട് ഞാൻ” ക്യുസെയ്ൻ പറഞ്ഞു. “നിന്നെപ്പോലുള്ള തന്തയില്ലാത്തവന്മാർക്കുള്ള ഒരു പ്രത്യേകതരം ശിക്ഷ

 

ക്യുസെയ്ന്റെ പോക്കറ്റിൽ നിന്നും പുറത്ത് വന്ന സ്റ്റെച്ച്കിൻ ചെറുതായി ഒന്ന് മുരടനക്കി. ആംഗസ് മൺഗോയുടെ വലതുകാൽമുട്ട് തകർത്തുകൊണ്ട് വെടിയുണ്ട തുളഞ്ഞു കയറി. ഒരു ആർത്തനാദത്തോടെ പിറകോട്ട് മറിഞ്ഞ അയാൾ ജനറേറ്ററിന്റെ മുകളിലേക്ക് വീണു. ഇരുകൈകൾ കൊണ്ടും കാൽമുട്ട് പൊത്തിപ്പിടിച്ച് അവിടെ നിന്നും ഉരുണ്ട് മാറിയ അയാളുടെ വിരലുകൾക്കിടയിലൂടെ രക്തം ചീറ്റുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് ഭയന്ന ഹെക്ടർ മൺഗോ കൈകൾ ഉയർത്തി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി അപ്രത്യക്ഷനായി.

 

ആംഗസിനെ അവഗണിച്ച് ക്യുസെയ്ൻ മൊറാഗിനെ പിടിച്ചെഴുന്നേൽപ്പിച്ചു. “നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

 

അവൾ തിരിഞ്ഞ് താഴെ വീണുകിടക്കുന്ന ആംഗസിനെ നോക്കി. രോഷവും അപമാനഭാരവും തെളിഞ്ഞു കാണാമായിരുന്നു അവളുടെ മുഖത്ത്. “ഇല്ല അതിനുള്ള സമയം കിട്ടിയില്ല അയാൾക്ക്

 

അവളുടെ കൈയിൽ പിടിച്ച് പുറത്തു കടന്ന ക്യുസെയ്ൻ മുറ്റത്തു കൂടി അടുക്കളവാതിലിന് നേർക്ക് നടന്നു. മൊറാഗ് വാതിൽ തുറന്നതും മുറ്റത്ത് കിടന്നിരുന്ന വാനിന്റെ പിന്നിൽ നിന്നും മുന്നിലേക്ക് വന്ന ഹാരി ഫോക്സ് വിളിച്ചു പറഞ്ഞു. “ക്യുസെയ്ൻ, അനങ്ങിപ്പോകരുത് അവിടെ നിന്ന്...!”

 

ഞൊടിയിടയിൽ ആ ശബ്ദം തിരിച്ചറിഞ്ഞ ക്യുസെയ്ൻ ആ പെൺകുട്ടിയെ വാതിലിനുള്ളിലൂടെ തള്ളി അകത്തേക്ക് വിട്ടിട്ട് വെട്ടിത്തിരിഞ്ഞ് വെടിയുതിർത്തു. ഒറ്റനിമിഷത്തിനുള്ളിലായിരുന്നു ഇതെല്ലാം സംഭവിച്ചത്. വാനിന്റെ നേർക്ക് മലർന്നു വീണ ഫോക്സിന്റെ കൈയിൽ നിന്നും റിവോൾവർ തെറിച്ചു പോയി. അതേ നിമിഷം തന്നെ മറവിൽ നിന്നും വെളിയിലെത്തിയ ഡെവ്‌ലിന്റെ പിസ്റ്റളിൽ നിന്ന് രണ്ട് തവണ വെടിയുതിർന്നു. ആദ്യത്തെ ബുള്ളറ്റ് ക്യുസെയ്ന്റെ കോട്ടിന്റെ ഇടതു കൈ ചീന്തിക്കൊണ്ട് കടന്നു പോയി. രണ്ടാമത്തേത് ചുമലിലാണ് ഏറ്റത്. ഒന്ന് വട്ടം കറങ്ങിയ ക്യുസെയ്ൻ അടുക്കളയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി കതകടച്ച് കുറ്റിയിട്ടു.

 

“നിങ്ങൾക്ക് വെടിയേറ്റല്ലോ!” മൊറാഗ് നിലവിളിച്ചു.

 

അയാൾ അവളെ ഉന്തിത്തള്ളി മുന്നോട്ട് നടത്തി. “അത് കാര്യമാക്കണ്ട! എത്രയും പെട്ടെന്ന് ഇവിടെ നിന്നും പുറത്തു കടക്കണം നമുക്ക്!” ബെഡ്റൂം ലക്ഷ്യമാക്കി അവളോടൊപ്പം മുകളിലത്തെ നിലയിലേക്ക് കയറവെ അയാൾ പറഞ്ഞു. “നീ പെട്ടെന്ന് ആ ബാഗ് എടുക്ക്” പിൻഭാഗത്തെ സ്റ്റെയർകെയ്സിലേക്കുള്ള വാതിൽക്കൽ ചെന്ന് അയാൾ പുറത്തേക്ക് നോക്കി.

 

മുറ്റത്ത് കിടക്കുന്ന വാനിന്റെ സമീപം ഫോക്സും ഡെവ്‌ലിനും നിൽക്കുന്നുണ്ട്. നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാണിച്ചിട്ട് ക്യുസെയ്ൻ ശബ്ദമുണ്ടാക്കാതെ സ്റ്റെയർകെയ്സ് വഴി പിന്നിലെ മുറ്റത്തേക്ക് ഇറങ്ങി. മൊറാഗ് അയാളെ അനുഗമിച്ചു. താഴെയെത്തിയതും കെട്ടിടത്തിന് പിൻഭാഗത്തെ ഗാർഡനിലേക്ക് നീങ്ങിയ അവർ മതിൽ ചാടിക്കടന്ന് പുൽമേടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ ഗ്ലെൻഡു ലക്ഷ്യമാക്കി അതിവേഗം നീങ്ങി.                      

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Saturday, May 11, 2024

കൺഫെഷണൽ – 63

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


“സെർജന്റ്, നിങ്ങൾക്കപ്പോൾ മൺഗോ സഹോദരന്മാരെ അറിയാമല്ലേ?” ഹാരി ഫോക്സ് ബ്രോഡിയോട് ചോദിച്ചു.

 

കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആ ട്രെയിനിന്റെ ഏറ്റവും പിന്നിലെ ഗാർഡ്സ് വാനിലായിരുന്നു അവർ നാൽവരും. ഡെവ്‌ലിൻ, ഫോക്സ്, ട്രെന്റ്, പിന്നെ സെർജന്റ് ബ്രോഡി എന്നിവർ.

 

“ദേ ആർ അനിമൽസ്” ബ്രോഡി പറഞ്ഞു. “സകലർക്കും ഭയമാണ് അവരെ എങ്ങനെയാണ് ജനങ്ങൾ അവിടെ ജീവിക്കുന്നതെന്ന് എനിക്കറിയില്ല രണ്ടു പേരും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ് കള്ളവാറ്റ് ആയിരുന്നു ഹെക്ടർ ചെയ്ത കുറ്റം. മൂന്ന് തവണയാണ് അതിന്റെ പേരിൽ അയാൾ ജയിൽവാസം അനുഭവിച്ചത് പുറത്തിറങ്ങിയ ശേഷം അയാളത് ഇപ്പോഴും തുടരുന്നു ആംഗസ് ആണെങ്കിൽ ചെറിയ ചെറിയ കുറ്റങ്ങളുമായിട്ടായിരുന്നു തുടക്കം കുറച്ചു വർഷം മുമ്പ് നടന്ന ഒരു കൈയാംകളിയിൽ ഒരാളെ അയാൾ കൊന്നു അഞ്ച് വർഷത്തെ തടവാണ് അതിനയാൾക്ക് ലഭിച്ചത് എന്നാൽ മൂന്ന് വർഷം ആയപ്പോഴേക്കും അവർ അയാളെ മോചിപ്പിച്ചു പിന്നെ രണ്ട് തവണ ബലാൽസംഗക്കുറ്റത്തിന് പിടികൂടിയെങ്കിലും ഇരകൾ പരാതി പിൻവലിക്കുകയാണുണ്ടായത് കുറ്റവാളികളെ ഒളിവിൽ താമസിക്കാൻ ഇവർ ഒത്താശ ചെയ്യുന്നുണ്ടെന്ന് കേട്ടിട്ട് എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല പക്ഷേ, ഇതൊരു പുതിയ അറിവാണെനിക്ക് അവരുടെ ഫയലുകളിൽ ഇതേക്കുറിച്ച് ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല

 

“ആരുടെയും ശ്രദ്ധയിൽപ്പെടാതെ നമുക്ക് ഇവരുടെ ഫാമിന്റെ എത്രത്തോളം അടുത്ത് എത്താൻ സാധിക്കും?” ട്രെന്റ് ചോദിച്ചു.

 

“ഏതാണ്ട് കാൽ മൈൽ അരികിൽ വരെ ഗ്ലെൻഡുവിലേക്കുള്ള റോഡ് മാത്രമാണ് അങ്ങോട്ടുള്ള ഏക മാർഗ്ഗം

 

“വേറെ ഒരു വഴിയുമില്ല?” ഫോക്സ് ആരാഞ്ഞു.

 

“കാൽനടയായി മല കയറി അപ്പുറത്തിറങ്ങണം

 

“എന്തായാലും ഒരു പ്രധാന കാര്യം നാം കാണാതെ പോകരുത്” ഡെവ്‌ലിൻ പറഞ്ഞു. “മൺഗോ സഹോദരന്മാരുടെയടുത്ത് തങ്ങുവാനായിരുന്നു ക്യുസെയ്ന്റെ പദ്ധതി എങ്കിൽ അക്കാര്യത്തിൽ വിഘ്നം നേരിട്ടിരിക്കുന്നു സെർജന്റ് അയാളെ പിടികൂടിയതും ട്രെയിൽ നിന്ന് ചാടിയതും ആ ജിപ്സി ക്യാമ്പിൽ എത്തിപ്പെട്ടതും ഒക്കെ അയാളുടെ പ്ലാനിൽ ഇല്ലാത്തതായിരുന്നു അങ്ങനെ അയാളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു

 

“അത് ശരിയാണ്” ഹാരി ഫോക്സ് പറഞ്ഞു. “മാത്രമല്ല, ഇപ്പോൾ ആ പെൺകുട്ടിയും ഒപ്പമുണ്ട്

 

“എപ്പോൾ വേണമെങ്കിലും അവർക്ക് ആ കുന്നിൻമുകളിൽ എത്താവുന്നതേയുള്ളൂ” ട്രെന്റ് പറഞ്ഞു. “ആ ജീപ്പിലാണ് ഇപ്പോഴും അവരുടെ യാത്രയെങ്കിൽ ലാർവിക്ക് വഴി മാത്രമേ ആ ഫാമിൽ എത്താൻ കഴിയൂ ഒരു ചെറിയ ഗ്രാമം ആയതുകൊണ്ട് അവർ കടന്നു പോകുന്നത് ആരെങ്കിലുമൊക്കെ ശ്രദ്ധിക്കാതിരിക്കില്ല

 

“എന്ന് ആശിക്കാം നമുക്ക്” ഡെവ്‌ലിൻ പറഞ്ഞു.

 

ഡൺഹിൽ സ്റ്റേഷൻ അടുക്കാറായതോടെ ആ എക്സ്പ്രസ് ട്രെയിനിന്റെ വേഗത സാവധാനം കുറഞ്ഞു.

 

                                                          ***

 

“ഡാനി മാലൺ” വൃത്തിരഹിതമായ മഗ്ഗിലേക്ക് കടുപ്പമുള്ള ചായയും പാലും ഒഴിച്ചുകൊണ്ട് ഹെക്ടർ മൺഗോ പറഞ്ഞു. “ഡാനി ഇവിടെ നിന്നും പോയിട്ട് കുറേയേറെ കാലമായി, അല്ലേ ആംഗസ്..?”

 

“അതെയതെ” കൈയിൽ ഒരു ഗ്ലാസുമായി ആംഗസ് മൺഗോ അവർക്കരികിൽ വന്ന് ഇരുന്നു. തന്റെ ജ്യേഷ്ഠനെയും ക്യുസെയ്നെയും അവഗണിച്ചുകൊണ്ട് മൊറാഗിന്റെ നേർക്ക് മാത്രമായിരുന്നു അയാളുടെ നോട്ടമത്രയും. അത് മനസ്സിലാക്കിയ അവൾ അയാളുടെ ചുഴിഞ്ഞു നോട്ടത്തിൽ നിന്നും മുഖം തിരിച്ചു.

 

ഏറ്റവും വലിയ മണ്ടത്തരമാണ് താൻ ചെയ്തിരിക്കുന്നതെന്ന് ക്യുസെയ്ൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് മൺഗോ സഹോദരന്മാർ ഡാനി മാലണിന് ചെയ്തു കൊടുത്ത തരത്തിലുള്ള സഹായങ്ങളൊന്നുമല്ല ഇപ്പോൾ ഇവിടെ ലഭ്യം എന്നത് വ്യക്തം. ചായക്കോപ്പയെ പാടെ അവഗണിച്ച് കോട്ടിന്റെ പോക്കറ്റിലുള്ള സ്റ്റെച്ച്കിൻ പിസ്റ്റളിൽ വലതുകൈ വച്ചുകൊണ്ട് ക്യുസെയ്ൻ കരുതലോടെ അവിടെ ഇരുന്നു. അടുത്ത നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. ഇത്തവണ തിരക്കഥ തന്നിഷ്ടത്തിന് സ്വയം എഴുതിക്കൊണ്ടിരിക്കുന്നത് പോലെ.

 

“നിങ്ങളെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ പത്രത്തിൽ വായിച്ചതേയുള്ളൂ” ന്യൂസ്പേപ്പർ ഉയർത്തിക്കാണിച്ചുകൊണ്ട് ഹെക്ടർ മൺഗോ പറഞ്ഞു. “ഇതിൽ ഈ പെൺകുട്ടിയുടെ കാര്യം പറയുന്നില്ലല്ലോ

 

ക്യുസെയ്ൻ ആ പത്രത്തിലേക്ക് നോക്കാനേ പോയില്ല. “അക്കാര്യം അതിലുണ്ടാവില്ല

 

“ശരി, ഞങ്ങളിൽ നിന്ന് എന്ത് സഹായമാണ് നിങ്ങൾക്ക് വേണ്ടത്? കുറച്ചു ദിവസം ഒളിവിൽ കഴിയാനുള്ള സൗകര്യമാണോ?”

 

“ഇന്നത്തേയ്ക്ക് മാത്രം” ക്യുസെയ്ൻ പറഞ്ഞു. “ഇരുട്ടിക്കഴിഞ്ഞിട്ട് ആരെങ്കിലുമൊരാൾ നിങ്ങളുടെ ആ പഴഞ്ചൻ വാനിൽ തെക്കൻപ്രദേശത്തേക്ക് എത്തിച്ചു തരണം നിങ്ങളുടെ ഫാമിലെ സാധനങ്ങൾ പിന്നിൽ നിറയ്ക്കുകയാണെങ്കിൽ അതിനിടയിൽ ഞങ്ങൾ ഒളിച്ചിരുന്നുകൊള്ളാം

 

ഹെക്ടർ മൺഗോ ആലോചിച്ചിട്ടെന്ന പോലെ തല കുലുക്കി. “പിന്നെന്താ, ആവാമല്ലോ ആട്ടെ, എങ്ങോട്ടാണ്? ഡംഫ്രീസിലേക്കാണോ?”

 

“കാർലൈലിൽ മോട്ടോർവേ തുടങ്ങുന്നയിടത്തേക്ക് പറ്റുമോ?”

 

“അറുപത് മൈൽ ഉണ്ട് നല്ല ചെലവ് വരും

 

“എത്രയാകും?”

 

ആംഗസിന് നേർക്ക് ഒന്ന് നോക്കിയിട്ട് ഹെക്ടർ ചുണ്ട് നനച്ചു. “ആയിരം പൗണ്ട്, സുഹൃത്തേ കാരണം, നിങ്ങളൊരു മത്സ്യമാണ് വമ്പൻ മത്സ്യം

 

ക്യുസെയ്ൻ തന്റെ ബാഗ് തുറന്ന് ഒരു കെട്ട് നോട്ട് പുറത്തെടുത്ത് അതിൽ നിന്നും പത്തെണ്ണം വലിച്ചെടുത്തു. “അഞ്ഞൂറ് പൗണ്ട്” നോട്ടുകൾ മേശപ്പുറത്ത് വച്ചിട്ട് അയാൾ പറഞ്ഞു.

 

“എന്തോ, എനിക്കറിയില്ല” നിഷേധ രൂപേണ ഹെക്ടർ വിലപേശുവാനുള്ള തുടക്കമിട്ടു.

 

“വിഡ്ഢിത്തരം കാണിക്കല്ലേ” ആംഗസ് തന്റെ ജ്യേഷ്ഠനോട് പറഞ്ഞു. “കഴിഞ്ഞ ആറു മാസത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്രയും പണം ഒരുമിച്ച് കാണുന്നത്” അയാൾ ക്യുസെയ്ന് നേർക്ക് തിരിഞ്ഞു. ഞാൻ കൊണ്ടുപോകാം നിങ്ങളെ കാർലൈലിലേക്ക്

 

“അപ്പോൾ ആ കാര്യത്തിന് തീരുമാനമായി” ക്യുസെയ്ൻ എഴുന്നേറ്റു. “ഞങ്ങൾക്ക് വിശ്രമിക്കാൻ ഒരു റൂം തരപ്പെടുമെന്ന് കരുതുന്നു

 

“അതിന് വിരോധമില്ല” ഹെക്ടറിന് ആകാംക്ഷ അല്പം കൂടിയത് പോലെ തോന്നി. “ഒന്ന് നിങ്ങൾക്കും പിന്നെയൊന്ന് ഈ ചെറുപ്പക്കാരിയ്ക്കും

 

“അതുവേണ്ട, ഒരു റൂം മതിയാവും” ഇടനാഴിയിലൂടെ അയാളെ അനുഗമിച്ച് മുകളിലേക്കുള്ള ബലഹീനമായ ഗോവണി കയറവെ ക്യുസെയ്ൻ പറഞ്ഞു.

 

മുകളിലത്തെ നിലയിൽ ആദ്യം കണ്ട വാതിൽ ഹെക്ടർ തുറന്നു. അതിനുള്ളിൽ നിന്നായിരുന്നു വലിയ ആ ബെഡ്റൂമിലേക്കുള്ള പ്രവേശനം. അധികം വെളിച്ചമൊന്നും ഇല്ലാത്ത, പഴകിയ ഗന്ധം നിറഞ്ഞ ആ മുറിയുടെ ചുമരിലെ വാൾപേപ്പറിൽ ഈർപ്പം തളം കെട്ടി നിന്നിരുന്നു. അവിടെയുള്ള പഴഞ്ചൻ ഡബിൾകോട്ടിൽ ഇട്ടിരിക്കുന്ന വർഷങ്ങൾ പഴക്കമുള്ള കിടക്കയിൽ ഏതാനും ആർമി ബ്ലാങ്കറ്റുകൾ അടുക്കി വച്ചിരിക്കുന്നു.

 

“ആ കാണുന്ന വാതിലാണ് ടോയ്‌ലറ്റിന്റേത്” ഹെക്ടർ പറഞ്ഞു. “ശരി, അപ്പോൾ നിങ്ങൾ വിശ്രമിക്കൂ

 

ഹെക്ടർ പുറത്തിറങ്ങി വാതിൽ ചാരി. അയാൾ കോണിപ്പടികൾ ഇറങ്ങി പോകുന്ന ശബ്ദം അവർ കേട്ടു. പഴകി തുരുമ്പ് പിടിച്ച ഒരു ഓടാമ്പൽ ആയിരുന്നു ആ വാതിലിന്റേത്. ക്യുസെയ്ൻ അത് വലിച്ച് വാതിൽ പൂട്ടി. മുറിയുടെ മറുവശത്ത് താഴും താക്കോലുമുള്ള മറ്റൊരു വാതിൽ കൂടിയുണ്ടായിരുന്നു. ആ വാതിൽ തുറന്ന ക്യുസെയ്ൻ കണ്ടത് താഴെ മുറ്റത്തേക്ക് എത്തുന്ന, കല്ലു കൊണ്ട് പണിത ഒരു സ്റ്റെയർകെയ്സാണ്. വാതിൽ അടച്ച് അയാൾ അതും ലോക്ക് ചെയ്തു.

 

അയാൾ പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞു. “എല്ലാം ഓകെയല്ലേ?”

 

“ആ രണ്ടാമന്റെ കണ്ണ് ശരിയല്ല” അവൾ ഭയം കൊണ്ട് ഒന്ന് വിറച്ചു. “മറേയെക്കാൾ മോശമാണ് അയാൾ” അവൾ ഒന്ന് സംശയിച്ചു. “ഞാൻ നിങ്ങളെ ഹാരി എന്ന് വിളിച്ചോട്ടെ?”

 

“അതിനെന്താ, വിളിച്ചോളൂ

 

കിടക്കയിൽ വച്ചിരുന്ന ബ്ലാങ്കറ്റ് എടുത്ത് അയാൾ വിരിച്ചു. “നമ്മളിനി എന്ത് ചെയ്യാൻ പോകുന്നു? അവൾ ചോദിച്ചു.

 

“വിശ്രമിക്കുന്നു” ക്യുസെയ്ൻ പറഞ്ഞു. “കുറച്ച് ഉറങ്ങാൻ നോക്കൂ പേടിക്കണ്ടതൽക്കാലം ആർക്കും ഈ മുറിയിലേക്ക് കടക്കാനാവില്ല

 

“കാർലൈലിലേക്ക് അവർ നമ്മളെ കൊണ്ടുപോകുമെന്ന് തോന്നുന്നുണ്ടോ?” മൊറാഗ് ചോദിച്ചു.

 

“ഇല്ല പക്ഷേ, ഇരുട്ടുന്നതിന് മുമ്പ് എന്തെങ്കിലും സാഹസത്തിന് അവർ മുതിരുമെന്ന് തോന്നുന്നില്ല അപ്പോഴേക്കും നമ്മൾ പോകാൻ തയ്യാറുമായിരിക്കുമല്ലോ

 

“നമ്മളെ അപകടപ്പെടുത്താൻ അവർ ശ്രമിക്കുമെന്ന് നിങ്ങൾക്കുറപ്പാണല്ലേ?”

 

“അതെ കാരണം, അവർ അത്തരക്കാരാണെന്നത് തന്നെ നീയിനി കിടന്നോളൂ അല്പമെങ്കിലും ഉറങ്ങാൻ നോക്കൂ

 

കോട്ട് അഴിച്ചു മാറ്റാൻ ശ്രമിക്കാതെ ക്യുസെയ്ൻ കിടക്കയുടെ ഒരു വശത്ത് കയറിക്കിടന്നു. അയാളുടെ വലതു കൈവിരലുകൾ സ്റ്റെച്ച്കിൻ പിസ്റ്റളിന്മേൽത്തന്നെയുണ്ടായിരുന്നു. കട്ടിലിന്റെ മറുഭാഗത്തു കൂടി അവളും കിടക്കയിൽ കയറി കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്നതിന് ശേഷം അവൾ ഉരുണ്ട് അരികിലേക്ക് വന്ന് അയാളെ കെട്ടിപ്പിടിച്ചു.

 

“എനിക്ക് വല്ലാതെ ഭയം തോന്നുന്നു

 

അയാൾ അവളെ ചേർത്ത് പിടിച്ചു. “ശാന്തമായിരിക്കൂ ഞാനിവിടെയില്ലേ ഇവിടെ വച്ച് ആരും ഉപദ്രവിക്കില്ല നിന്നെ

 

ശ്വാസഗതി മന്ദഗതിയിലായി അവൾ ഗാഢനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. അവളെ ചേർത്തു പിടിച്ച്, ഭാവി പരിപാടികളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാൾ കിടന്നു. ഇവൾ ഒരു ബാദ്ധ്യതയായി മാറിക്കഴിഞ്ഞു. എത്ര നേരത്തേക്ക് എന്ന് ഇനിയും അറിയില്ല. മറ്റൊരു തരത്തിൽ ആലോചിച്ചാൽ താൻ ഇവളോട് കടപ്പെട്ടിരിക്കുന്നു. ധാർമ്മികമായ കടപ്പാട് അയാൾ അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ഉറ്റു നോക്കി. ജീവിതവീഥിയിൽ ഇനിയും കളങ്കമേൽക്കപ്പെടാത്തവൾ. ഈ ദുഷിച്ച ലോകത്ത് അതൊരു വലിയ കാര്യം തന്നെയാണ്. അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് അയാൾ കണ്ണുകൾ അടച്ചു. ഒടുവിൽ ഉറക്കത്തിലേക്ക് വീണു.

 

                                                          ***

 

“അയാളുടെ കൈവശമുള്ള നോട്ടുകെട്ടുകൾ അത്രയും നീ കണ്ടുവെന്നാണോ പറയുന്നത്?” ഹെക്ടർ ചോദിച്ചു.

 

“അതെ ഈ കണ്ണുകൾ കൊണ്ട് കണ്ടതാണ്” ആംഗസ് പറഞ്ഞു.

 

“പക്ഷേ, അയാൾ വാതിൽ ലോക്ക് ചെയ്തു അതിന്റെ ശബ്ദം ഞാൻ കേട്ടതാണ്

 

“അതിൽ സംശയമൊന്നും വേണ്ട വിഡ്ഢിയൊന്നുമല്ലല്ലോ അയാൾ സാരമില്ല ഇപ്പോഴല്ലെങ്കിൽ പിന്നീട് അയാൾക്ക് പുറത്ത് വരാതിരിക്കാനാവില്ലല്ലോ അപ്പോൾ കൈകാര്യം ചെയ്യാം നമുക്ക്

 

“തീർച്ചയായും” ഹെക്ടർ പറഞ്ഞു.

 

“ഞാൻ പറഞ്ഞത് മറക്കണ്ട ആ പെൺകുട്ടി എനിക്കുള്ളതാണ്” ഗ്ലാസിൽ വീണ്ടും വിസ്കി നിറച്ചുകൊണ്ട് ആംഗസ് പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...